കരൂർ: തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷമുള്ള തന്റെ ആദ്യ കരൂർ സന്ദർശനത്തിൽ വികാരാധീനനായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. കരൂർ ദുരന്തത്തിനുശേഷം ജനങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയെന്ന തരത്തിൽ രാഷ്ട്രീയ എതിരാളികൾ നടത്തിയ പ്രചാരണങ്ങളെ വിജയ് തള്ളിക്കളഞ്ഞു. ‘ഞാൻ ഓടി ഒളിച്ചെന്ന് പ്രചരിപ്പിച്ചവർ അറിയുക, ജനങ്ങളെ വിട്ട് ഞാൻ എങ്ങോട്ടും പോകില്ല. എന്റെ സഹോദരിമാരുടെ മക്കളെയാണ് ആ ദുരന്തത്തിൽ  നഷ്ടമായത്. ആ വേദന ഉള്ളിലൊതുക്കി കഴിയുമ്പോഴാണ് താൻ ഒളിച്ചോടിയെന്ന് പരിഹസിക്കുന്നത്.’-അദ്ദേഹം പറഞ്ഞു.

To advertise here,

ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിനെയാണ് താൻ വിശ്വസിച്ചതെന്നും എന്നാൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ പോലീസ് പരാജയപ്പെടുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം തന്റെ മേൽ കെട്ടിവെച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് അധികൃതർ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. വരാനിരിക്കുന്ന കരൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇത്തരം രാഷ്ട്രീയ ഗൂഢാലോചനകൾക്കെതിരെ ജനങ്ങൾ ശക്തമായ മറുപടി നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മുൻ ഡി.എം.കെ സർക്കാരിനെതിരെയും എം.കെ സ്റ്റാലിനെതിരെയും കടുത്ത രാഷ്ട്രീയ വിമർശനമാണ് വിജയ് നടത്തിയത്. തന്റെ കരൂർ സന്ദർശനം തടയാൻ ഡി.എം.കെ. സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും ആ നീക്കം പരാജയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കരൂർ സന്ദർശന വേളയിൽ കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതിൽ നിന്ന് വിജയ്‌യെ തടയണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ. സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു ഈ പരാമർശങ്ങൾ.

ഒമ്പത് മാസങ്ങൾക്ക് മുൻപ് നടന്ന കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കുള്ള സർക്കാർ ജോലിയുടെ നിയമന ഉത്തരവുകൾ അദ്ദേഹം വിതരണം ചെയ്തു. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളായ 32 പേർക്കാണ് മുഖ്യമന്ത്രി നേരിട്ട് നിയമന ഉത്തരവുകൾ കൈമാറിയത്. ദുരന്തത്തോടുള്ള ആദരസൂചകമായി പൂർണ്ണമായും കറുത്ത വസ്ത്രം ധരിച്ചാണ് അദ്ദേഹം ചടങ്ങിനെത്തിയത്.

ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മയ്ക്കായി ടി.വി.കെ പാർട്ടിയുടെ നേതൃത്വത്തിൽ കരൂരിൽ ഒരു സ്മാരകം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വേലുസ്വാമിപുരത്ത് നടന്ന ടി.വി.കെ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും കുഞ്ഞുങ്ങളടക്കം 41 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിലവിൽ സി.ബി.ഐ. ആണ് കരൂർ ദുരന്തം അന്വേഷിക്കുന്നത്.