ചെന്നൈ: കരൂർ ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിൽപ്പെട്ട 31 പേരെ സർക്കാർജോലിയിൽ നിയമിച്ചുള്ള ഉത്തരവ് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് വെള്ളിയാഴ്ച കൈമാറി. നിയമനത്തിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി ജോലി താത്കാലികമായിരിക്കുമെന്നും നിയമനം കോടതിയുടെ പരിശോധനയ്ക്കു വിധേയമായിരിക്കുമെന്നും വ്യക്തമാക്കി.

To advertise here,

ദുരന്തം നടന്ന് ഒൻപതുമാസത്തിനുശേഷം ആദ്യമായി കരൂർ സന്ദർശിച്ചപ്പോഴാണ് വിജയ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നിയമന ഉത്തരവ് നൽകിയത്. അറ്റ്‌ലസ് അരീനയിൽ നടന്ന പൊതുസമ്മേളനത്തിനുശേഷം കരൂർ കളക്ടറേറ്റിൽ നടന്ന ഔദ്യോഗിക ചടങ്ങിലാണ് 31 പേർ ഉത്തരവ് ഏറ്റുവാങ്ങിയത്.

കരൂരിലെ വേലുസാമിപുരത്ത് കഴിഞ്ഞ വർഷം സെപ്റ്റംബർ 27-ന് ടി.വി.കെ. പൊതുയോഗത്തിൽ വിജയ് പ്രസംഗിക്കുന്നതിനിടെയുണ്ടായ തിക്കിലുംതിരക്കിലും 41 പേരാണ് മരിച്ചത്. ഇവരുടെ കുടുംബത്തിൽ ഒരാൾക്കു വീതം ജോലി നൽകാനായിരുന്നു മന്ത്രിസഭാ തീരുമാനം. 36 കുടുംബങ്ങളിൽ നിന്നുള്ളവരാണ് മരണമടഞ്ഞത്.

സർക്കാർ ജോലിയുള്ളവരെയും അവകാശത്തർക്കമുള്ളവരെയും ഒഴിവാക്കി 32 പേരെയാണ് തിരഞ്ഞെടുത്തത്. അതിൽ 31 പേരാണ് വെള്ളിയാഴ്ച ചടങ്ങിനെത്തിയത്. 41 പേരുടെയും ബന്ധുക്കൾക്ക് നേരത്തേ ടി.വി.കെ. 20 ലക്ഷം രൂപവീതം നൽകിയിരുന്നു.

രാഷ്ട്രീയ പൊതുയോഗത്തിനിടെ മരണമടഞ്ഞവർക്ക് സർക്കാർജോലി നൽകുന്നതിനെ ചോദ്യംചെയ്തുള്ള രണ്ട് ഹർജികൾ പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

മരണമടഞ്ഞവരുടെ ആശ്രിതർക്ക് ജോലി നൽകാനുള്ളത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അതിൽ ഇടപെടാൻ കോടതി ആഗ്രഹിക്കുന്നില്ലെന്നും ജസ്റ്റിസ് സി.വി. കാർത്തികേയനും ജസ്റ്റിസ് ആർ. ശക്തിവേലും പറഞ്ഞു.

ഏതു മാനദണ്ഡമനുസരിച്ചാണ് ജോലി നൽകുന്നതെന്നും അതു പാലിക്കപ്പെടുന്നുണ്ടോയെന്നും വ്യക്തമാക്കിക്കൊണ്ട് സർക്കാർ റിപ്പോർട്ട് നൽകണം. താത്കാലിക ജോലിയേ നൽകാവൂ. നിയമനം കോടതിനടപടികൾക്ക് വിധേയമായിരിക്കും.

നിർദിഷ്ട യോഗ്യതയുള്ള എല്ലാവർക്കും സർക്കാർജോലി ലഭിക്കാൻ തുല്യാവകാശമാണുള്ളതെന്നും ഭരണാധികാരികളുടെ ഔദാര്യമനുസരിച്ച് അത് ചിലർക്ക് മാനദണ്ഡങ്ങൾ മറികടന്ന് നൽകാൻ പറ്റില്ലെന്നും നിയമനത്തെ എതിർത്ത ഹർജിക്കാർ വാദിച്ചു.

കരൂർ ദുരന്തത്തെക്കുറിച്ച് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുകയാണെന്നും കേസ് തീർപ്പാകുംവരെ അതിനെ സ്വാധീനിക്കാനിടയുള്ള നടപടികൾ വിലക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.