നടി തൃഷയുമായി ബന്ധപ്പെട്ട് ഉയർന്ന അഭ്യൂഹങ്ങളെക്കുറുച്ചും ഭാര്യ സംഗീത സോണലിംഗവുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ചും ജനങ്ങൾക്കുമുന്നിൽ പ്രതികരിച്ച് നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്. തിരുനെൽവേലിയിൽ നടന്ന റാലിക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രീയ എതിരാളികളാണ് സമീപകാലത്തെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നാണ് വിജയ് ആരോപിക്കുന്നത്.

To advertise here,

തിരുനെൽവേലിയിലെ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിജയ്‌യെ കുറ്റപ്പെടുത്താനല്ലാതെ എതിരാളികൾക്ക് മറ്റൊന്നും അറിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. കരൂർ സംഭവം എല്ലാവർക്കും അറിയാവുന്നതാണ്. പക്ഷെ ജനങ്ങൾ വിജയ്‌യെ കുറ്റപ്പെടുത്തുന്നില്ല. ഇത്രയധികം ഭാരം ചുമലിലുണ്ടായിട്ടും ആളുകൾ തന്റെയൊപ്പം നിൽക്കുന്നു. ഇതെന്തൊരു അത്ഭുതമാണെന്ന് പ്രസംഗത്തിനിടെ അദ്ദേഹം ചോദിച്ചു.

'കരൂർ സംഭവത്തിന് ശേഷവും ജനങ്ങൾ വിജയ്‌ക്കൊപ്പം നിന്നതോടെ തന്റെ അവസാന ചിത്രത്തെയും തന്റെ പാർട്ടിയെയും അവർ ലക്ഷ്യം വെച്ചു. അടുത്തതായി എന്തു ചെയ്യാനാകും എന്നവർ ചിന്തിച്ചു. ജനനായകന്റെ റിലീസ് തടയുക എന്നതായിരുന്നു അടുത്ത നടപടി. സിനിമയുടെ റിലീസ് ആരാണ് തടഞ്ഞതെന്ന് ജനങ്ങൾക്ക് അറിയാം. അത് നടന്നില്ലായിരുന്നുവെങ്കിൽ പുതിയ നിയമങ്ങളുണ്ടാക്കി വിജയ് പുറത്തിറങ്ങുകയോ ജനങ്ങളെ കാണുകയോ ചെയ്യരുതെന്ന് നിർദേശിക്കുമായിരുന്നു.' - അദ്ദേഹം ആരോപിച്ചു.

എതിരാളികൾ തന്റെ വ്യക്തിജീവിതം ലക്ഷ്യം വെക്കാൻ തുടങ്ങിയിട്ടും താൻ മുന്നോട്ട് പോയി. അതും വിജയിക്കാതിരുന്നതോടെ അവർ കാത്തിരുന്ന് തെരഞ്ഞെടുപ്പിന് 30 ദിവസം മുൻപ് എന്നോട് അടുപ്പമുള്ളവരെക്കുറിച്ച് അഭ്യൂഹങ്ങൾ പരത്തി. അതും വിജയിച്ചില്ല. എത്ര പരീക്ഷണങ്ങളും വേദനകളും തന്റെമേൽ പതിപ്പിച്ചാലും തന്നെ ജനങ്ങളിൽ നിന്ന് അകറ്റാൻ കഴിയില്ലെന്നും വിജയ് പറഞ്ഞു.

ജനുവരിയിൽ റിലീസ് ചെയ്യാനിരുന്ന ജനനായകൻ എന്ന വിജയ്‌യുടെ അവസാന ചിത്രം സെൻസറിംഗ് വൈകിയതിനെത്തുടർന്ന് അനിശ്ചിതമായി വൈകുകയാണ്. കഴിഞ്ഞ വർഷം കരുരിൽ നടന്ന റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 40-ലധികം പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിനിടെ, ഈ വർഷം ഫെബ്രുവരിയിൽ ഏകദേശം മൂന്ന് പതിറ്റാണ്ടത്തെ വിവാഹ ജീവിതത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ സംഗീത വിവാഹ മോചനത്തിന് അപേക്ഷിച്ചതായി വാർത്ത പുറത്തുവന്നു. പിന്നാലെ ഒരു നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്ന് സംഗീത ആരോപിച്ചിരുന്നു. ഇതിനുശേഷം മാർച്ച് മാസത്തിൽ നടി തൃഷാ കൃഷ്ണനൊപ്പം വിജയ് ഒരു വിവാഹത്തിൽ പങ്കെടുത്തത് അഭ്യൂഹങ്ങൾക്ക് ശക്തി പകരുകയും ചെയ്തിരുന്നു. ഈ വിഷയങ്ങളിലാണ് വിജയ്‌യുടെ വൈകാരിക പ്രതികരണം പുറത്തുവന്നിട്ടുള്ളത്.