
ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിൽ നടത്തിയ വൻതോതിലുള്ള കുടിയൊഴിപ്പിക്കൽ നടപടിയിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി എഐസിസി. നഗരത്തിലെ ഇരുന്നൂറിലധികം വീടുകൾ തകർക്കുകയും നൂറുകണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുകയും ചെയ്ത നടപടിക്കെതിരെ വൻ പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി സർക്കാർ നടത്തിവരുന്ന 'ബുൾഡോസർ രാജ്' കർണാടകയിലെ കോൺഗ്രസ് സർക്കാർ സാധാരണവത്കരിക്കുകയാണെന്ന് കേരളത്തിലെ ഇടത് മുന്നണി നേതാക്കൾ ആരോപിച്ചു.
സംഭവത്തിൽ കർണാടക സർക്കാരിന്റെ നടപടിയെ രൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു. സംഘപരിവാറിന്റെ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയം ഇപ്പോൾ കർണാടകയിലെ കോൺഗ്രസ് സർക്കാരും നടപ്പിലാക്കുകയാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ഭരണകൂടം ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ഭരിക്കുമ്പോൾ ഭരണഘടനാ മൂല്യങ്ങളും മാനുഷിക അന്തസ്സും ആദ്യ ഇരകളായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസംബർ 22-ന് പുലർച്ചെ നാലുമണിക്കാണ് കോഗിലു ഗ്രാമത്തിലെ ഫക്കീർ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിൽ ഒഴിപ്പിക്കൽ നടന്നത്. ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്, ജെസിബികളും 150-ഓളം പോലീസ് ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് വീടുകൾ തകർത്തത്. സർക്കാർ ഭൂമിയിലെ അനധികൃത നിർമാണങ്ങളാണ് പൊളിച്ചതെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ, തങ്ങൾക്ക് മുൻകൂട്ടി നോട്ടീസ് നൽകിയിട്ടില്ലെന്നും ബലപ്രയോഗത്തിലൂടെയാണ് ഒഴിപ്പിച്ചതെന്നും താമസക്കാർ പരാതിപ്പെടുന്നു.
ഒഴിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും കുടിയേറ്റ മുസ്ലീം തൊഴിലാളികളാണ്. മുപ്പതുവർഷമായി ഇവിടെയാണ് താമസിക്കുന്നതെന്നും ആധാർ കാർഡും വോട്ടർ ഐഡിയും ഉൾപ്പെടെയുള്ള രേഖകൾ കൈവശമുണ്ടെന്നും ഇവർ അവകാശപ്പെടുന്നു. രേഖകളോ സാധനങ്ങളോ എടുക്കാൻപോലും സമയം നൽകാതെയാണ് വീടുകൾ തകർത്തതെന്ന് ആളുകൾ ആരോപിച്ചു. നടപടിക്കെതിരെ റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡയുടെ വസതിക്ക് മുന്നിലടക്കം കനത്ത പ്രതിഷേധങ്ങളാണ് നടക്കുന്നത്.
അതേസമയം, സംഭവത്തിൽ വിമർശനങ്ങൾ തള്ളി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രംഗത്തുവന്നു. സർക്കാർ 'ബുൾഡോസർ രാജ്' നടപ്പിലാക്കുകയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഭൂമി മാഫിയകൾ ചേരികളാക്കി മാറ്റാൻ ശ്രമിച്ച മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്നു അതെന്നും കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് മറ്റുതാമസസ്ഥലങ്ങളിലേക്ക് മാറാൻ അവസരം നൽകിയിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. വസ്തുതകൾ അറിയാതെ മുതിർന്ന നേതാക്കൾ പ്രതികരിക്കരുതെന്നും ബെംഗളൂരുവിലെ പ്രശ്നങ്ങൾ തങ്ങൾക്ക് നന്നായി അറിയാമെന്നും പിണറായി വിജയനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.
അതിനിടെയാണ്, കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുന്നയിച്ചതിന് പിന്നാലെ വീട് പൊളിക്കൽ നടപടിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയത്. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടുകയും എ.എ. റഹീമിന്റെ നേതൃത്വത്തിലുള്ള ഡി.വൈ.എഫ്.ഐ സംഘം പ്രദേശം സന്ദർശിച്ചിരുന്നു.
Content Highlights: Massive evictions in Bengaluru by the Karnataka Congress government trigger political controversy. Over 200 homes demolished, hundreds displaced, drawing sharp criticism from Kerala`s Left Front and CM Pinarayi Vijayan.
Published: 27 Dec 2025, 04:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented