കൊൽക്കത്ത: കൊൽക്കത്തയിൽ ദുർഗാപൂജയ്ക്കിടെ അപകടമുണ്ടായതിന്റെ കാരണം പന്തൽ തകർന്നുവീഴാൻ സാധ്യതയുണ്ടെന്ന് മൈക്കിലൂടെ നൽകിയ മുന്നറിയിപ്പാണെന്ന് പോലീസ്. സപ്തമി ആഘോഷത്തിനിടെ മഴയിൽനിന്ന് രക്ഷതേടി ഒട്ടേറെപ്പേർ പന്തലിലേക്ക് ഓടിക്കയറിയതും ഇടുങ്ങിയ വഴികളിലെ തിരക്കും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചെന്നും പ്രാഥമികാന്വേഷണത്തിൽ മനസ്സിലാക്കാനായി. 19 പേരുടെ മരണത്തിനും നിരവധി പേരുടെ പരിക്കിനും ഇടയാക്കിയ സംഭവത്തിൽ പന്തൽ സംഘാടകർ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

To advertise here,

'പന്തലിന്റെ അവസ്ഥ വളരെ മോശമാണ്. ഇത് തകർന്നുവീഴും. ദയവായി പുറത്തേക്ക് പോവുക' എന്നായിരുന്നു അനൗൺസ്‌മെന്റ്. ഈ പ്രഖ്യാപനത്തിന്റെ ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നു. പ്രഖ്യാപനം നടത്തിയ വ്യക്തിയെ കണ്ടെത്തുകയും അതിനിടയാക്കിയ സാഹചര്യം പരിശോധിക്കുകയും ചെയ്യുന്നുണ്ട്. മുന്നറിയിപ്പ് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും പുറത്തുകടക്കാനുള്ള ശ്രമത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ജനത്തിരക്ക് നിയന്ത്രിക്കുന്നതിലെ വീഴ്ച, ആശയക്കുഴപ്പമുണ്ടാക്കിയ പ്രഖ്യാപനങ്ങൾ, മഴയിൽനിന്ന് രക്ഷതേടി ഒരേസമയം നിരവധിപേർ പന്തലിലേക്ക് എത്തിയ സാഹചര്യം എന്നിവയെല്ലാം ദുരന്തത്തിന് കാരണമായെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. സംഘാടകരുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി ആരോപിച്ചു. സംഘാടകർ മൈക്കിലൂടെ നടത്തിയ പ്രഖ്യാപനമാണ് തിക്കിലും തിരക്കിലും പെട്ടുള്ള ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തിൽ മനസ്സിലായത്. വീഴ്ചയ്ക്ക് കാരണക്കാരായവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുർഗപൂജ ആഘോഷങ്ങൾക്കിടെ ശക്തമായ മഴപെയ്തതോടെ പന്തലിലേക്ക് ആളുകൾ കൂട്ടത്തോടെ എത്തുകയായിരുന്നു. ഇടുങ്ങിയ വഴിയിലൂടെ പന്തലിലേക്ക് കടക്കാൻ ശ്രമിച്ചവരും മഴയത്ത് പുറത്തേക്കിറങ്ങാൻ മടിച്ച അകത്തുണ്ടായിരുന്നവരുംതമ്മിൽ തിക്കുംതിരക്കുമുണ്ടായി. പ്രവേശന കവാടത്തിലൂടെയും പുറത്തേക്കുള്ള വഴിയിലൂടെയും ഒരേസമയം ആളുകൾ നീങ്ങിയതോടെ സ്ഥിതി നിയന്ത്രണാതീതമായി. ഇതിനിടെ ചിലർ വഴുതിവീണതോടെ മറ്റുള്ളവർ അവരുടെ മുകളിലേക്ക് വീഴുകയും നിമിഷങ്ങൾക്കുള്ളിൽ ദുരന്തം വ്യാപിക്കുകയുമായിരുന്നു.