ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പി. സർക്കാരിനുമെതിരെ 'വോട്ട് ചോരി' ആരോപണവുമായി രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുന്നു. ‘ഡെറാഡൂണിൽ ഒളിച്ചിരിക്കുന്ന ഒരു വനിത’യെക്കുറിച്ച് ഇന്ത്യ സഖ്യത്തിന്റെ വാർത്താസമ്മേളനത്തിൽ അദ്ദേഹം നടത്തിയ പരാമർശമാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും ദുരൂഹതകൾക്കും കാരണമായിരിക്കുന്നത്.
വോട്ട് ചോരണത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പറഞ്ഞപ്പോഴാണ് ‘ഡെറാഡൂണിൽ ഒളിച്ചിരിക്കുന്ന വനിത’ എന്ന പരാമർശം രാഹുൽ ഗാന്ധി നടത്തിയത്. ‘ഈ വോട്ട് മോഷണത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാനമന്ത്രി മോദി, അമിത് ഷാ, ഗ്യാനേഷ് കുമാർ, ഇപ്പോൾ ഡെറാഡൂണിൽ ഒളിച്ചിരിക്കുന്ന വനിത, മറ്റു ചിലർ എന്നിവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നത് നിങ്ങളോടുള്ള ഞങ്ങളുടെ ഉറപ്പാണ്’, രാഹുൽ വ്യക്തമാക്കി. എന്നാൽ, ഈ വനിത ആരാണെന്ന കാര്യം അദ്ദേഹം തുറന്നുപറഞ്ഞില്ല.
രാഹുൽ ഗാന്ധി ആരുടെയും പേരെടുത്തു പറയാതിരുന്നതോടെ പരാമർശം ഇലക്ഷൻ കമ്മീഷന്റെ ഐ.ടി. ഡയറക്ടർ ജനറലായ സീമാ ഖന്നയെക്കുറിച്ചാണോ എന്ന തരത്തിൽ ഊഹാപോഹങ്ങൾ ശക്തമായി. തിരഞ്ഞെടുപ്പ് വോട്ടർപട്ടിക സോഫ്റ്റ്വെയറായ ‘ഇ.റോ.നെറ്റ്’-ന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ആശങ്ക പ്രകടിപ്പിച്ചതായി ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സീമാ ഖന്നയുടെ പങ്കിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐടി പദവി വഹിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥയാണ് സീമ ഖന്ന. ഇസിഐനെറ്റ് എന്ന പ്ലാറ്റ്ഫോം രൂപകൽപന ചെയ്തതും ഇവരുടെ നേതൃത്വത്തിലാണ്. വോട്ട് ചോരി അഴിമതിയിൽ ഗ്യാനേഷ് കുമാറിനോളം തന്നെ ഉത്തരവാദിയായ ഒരു വ്യക്തി ഡെറാഡൂണിൽ ഒളിച്ചിരിപ്പുണ്ടെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞതെന്നും സീമാ ഖന്ന എവിടെയാണെന്നും കോൺഗ്രസ് പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ വിജയ് തോട്ടത്തിൽ ട്വീറ്റ് ചെയ്തു.
എ.ഐ.സി.സി. മീഡിയ കോഓർഡിനേറ്റർ ഹർമീത് കൗറും സമാനമായ ചോദ്യമുന്നയിച്ചു ‘സീമാ ഖന്ന എവിടെയാണ്? അവർ ഡെറാഡൂണിൽ ഒളിച്ചിരിക്കുകയാണോ? ആരാണ് അവരെ സംരക്ഷിക്കുന്നത്? ഇലക്ഷൻ കമ്മീഷന്റെ വിവരങ്ങൾ ഇപ്പോഴും അവരുടെ നിയന്ത്രണത്തിലാണ്. ആരാണ് അവരെ സംരക്ഷിക്കുന്നതെന്നും എന്താണ് മറച്ചുവെക്കാൻ ശ്രമിക്കുന്നതെന്നും ഓർക്കുക’, രാഹുലിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഹർമീത് കൗർ ചോദിച്ചു.
2025-ലാണ് സീമാ ഖന്ന ഡെപ്യൂട്ടേഷനിൽ ഇലക്ഷൻ കമ്മീഷനിൽ ചേരുന്നത്. അതിനുമുമ്പ് നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. ഐ.ഐ.ടി. ഡൽഹിയിൽ നിന്ന് ഇൻഫർമേഷൻ സെക്യൂരിറ്റിയിൽ ഡോക്ടറേറ്റ് നേടിയ ഇവർ എം.ടെക്. ബിരുദധാരികൂടിയാണ്. അതേസമയം, അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മേൽനോട്ടം വഹിക്കാനാണ് സീമാ ഖന്ന ഡെറാഡൂണിൽ ക്യാമ്പ് ചെയ്യുന്നതെന്നാണ് ഇലക്ഷൻ കമ്മീഷൻ വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
Published: 14 Oct 2026, 02:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented