ന്യൂഡൽഹി: എസ്.ഐ.ആറുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിന് താത്കാലിക വിരാമമായെങ്കിലും നിലവിലെ സുരക്ഷ തുടരും. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അധികമായി എത്തിച്ച 110 കമ്പനി കേന്ദ്രസേനാംഗങ്ങൾ തത്കാലം നഗരത്തിൽതന്നെ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 273 കമ്പനി കേന്ദ്ര സേനയുടെ വിന്യാസം ഒക്ടോബർ 20വരെ നീട്ടണമെന്ന് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ഒക്ടോബർ 12-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഡൽഹി പൊലീസിലെ ഓപ്പറേഷൻസ് വിഭാഗം സ്‌പെഷ്യൽ കമ്മീഷണറുടെ ഓഫീസ് കത്തയച്ചു. പിന്നാലെയാണ് തീരുമാനം.

To advertise here,

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒക്ടോബർ 12വരെ ആകെ 301 കമ്പനി കേന്ദ്ര സായുധ പൊലീസ് സേനയെയാണ് ഡൽഹിയിൽ വിന്യസിക്കാൻ അനുവദിച്ചതെന്ന് കത്തിൽ പറയുന്നു. ഒക്ടോബർ ആറിന് നൽകിയ ഉത്തരവിലൂടെ 221 കമ്പനികളെയും ഒക്ടോബർ എട്ടിന് നൽകിയ ഉത്തരവിലൂടെ 80 കമ്പനികളെയുമാണ് അധികമായി അനുവദിച്ചത്.

ഒക്ടോബർ 10 മുതൽ നടക്കാനിരുന്ന സമരത്തെ നേരിടുന്നതിനായാണ് ജമ്മു കശ്മീർ, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും അതിർത്തികളിൽനിന്നും കേന്ദ്രസേനയെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. മുൻപ് പുറപ്പെടുവിച്ച ഉത്തരവുപ്രകാരം 12-ാം തീയതി വൈകീട്ടുവരെമാത്രം സേനാംഗങ്ങൾ ഡൽഹിയിൽ തുടർന്നാൽ മതിയെന്നായിരുന്നു നിർദേശം.

പ്രതിഷേധങ്ങൾ നിലവിൽ തത്കാലത്തേക്ക് നിർത്തിവെച്ചിട്ടുണ്ടെങ്കിലും, പെട്ടെന്നുണ്ടായേക്കാവുന്ന സമരസാധ്യതകൾ കണക്കിലെടുത്താണ് ഈ മുൻകരുതൽ നടപടി. ഉത്തരേന്ത്യയിൽ ഇപ്പോൾ നവരാത്രി ആഘോഷങ്ങൾ നടക്കുന്നതിനാലും കേസ് കോടതിയുടെ പരിഗണനയിലായതിനാലും സമരവുമായി മുന്നോട്ടുപോകുന്നതിന് താത്കാലിക ഇടവേള നൽകിയിരിക്കുകയാണ്. സുപ്രീംകോടതിയുടെ തുടർന്നുള്ള നടപടികളുടെ അടിസ്ഥാനത്തിലായിരിക്കും സമരത്തിന്റെ ഭാവി നിർണയിക്കുക.

കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) പ്രവർത്തകരുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധങ്ങളും മാർച്ചുകളും കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസിന്റെ നടപടി.