ലഖ്‌നൗ: ഗ്രേറ്റർ നോയ്ഡയിൽ മാതാപിതാക്കളും മക്കളും ഉൾപ്പെടെ അഞ്ചംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്നും ഗൃഹനാഥനായ മഹേഷ് ഭക്ഷണത്തിൽ വിഷം കലർത്തിക്കൊടുത്തതിനെ തുടർന്നാണെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

To advertise here,

നഗ്‌ല ശ്രീപദം ഗ്രാമസ്വദേശിയായ മഹേഷ് (37), ഭാര്യ ലളിത(35), മകൾ മിഷ്ടി (7), ആൺമക്കളായ ലഡ്ഡു(11), സക്ഷത് (3) എന്നിവരെയാണ് ശനിയാഴ്ച രാവിലെ എട്ടുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച അത്താഴമായി കഴിച്ച നൂഡിൽസിൽനിന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ അങ്ങനെയല്ലെന്നും മഹേഷ് നൂഡിൽസിൽ വിഷം കലർത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു. മരണത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. എന്നാൽ ഭക്ഷണത്തിന്റെ കൂടിൽനിന്നോ മറ്റോ അത് കാലാവധി കഴിഞ്ഞതാണെന്ന് തെളിയിക്കാൻ പാകത്തിനുള്ള രേഖകളൊന്നും ലഭിച്ചിരുന്നില്ല.

മഹേഷിന്റെ ഫോണിൽനിന്ന് റെക്കോഡ് ചെയ്യപ്പെട്ട ഓഡിയോ സന്ദേശം കണ്ടെടുത്തിട്ടുണ്ട്. ഇതിൽ, രണ്ട് സഹോദരിമാരും അവരുടെ ഭർത്താക്കന്മാരുമാണ് മരണത്തിന് കാരണക്കാരെന്ന് മഹേഷ് ആരോപിക്കുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കുടുംബസ്വത്ത് വീതംവെക്കുന്നതുമായി ബന്ധപ്പെട്ട് മഹേഷിന്റെ കുടുംബത്തിൽ ദീർഘകാലമായി തർക്കം നിലനിന്നിരുന്നെന്ന് അദ്ദേഹത്തിന്റ സഹോദരന്റെ ഭാര്യ നീരജ്, ആരോപിച്ചു. തന്റെ ഭർത്താവിന്റെ മരണശേഷം തന്നെ കുടുംബത്തിൽനിന്ന് പുറത്താക്കിയെന്നും അവർ കൂട്ടിച്ചേർത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)