ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും പ്രതിഷേധം. വാർത്താസമ്മേളനത്തിനു പിന്നാലെ സി.ജെ.പി. നേതാക്കൾ രാജ്ഘട്ടിലെത്തി. സ്ഥലത്ത് വൻ പോലീസ് വിന്യാസവും ബാരിക്കേഡും ഏർപ്പെടുത്തി ജനങ്ങളെ നിയന്ത്രിച്ചു. നടൻ പ്രകാശ് രാജും രാജ്ഘട്ടിലെത്തിയിട്ടുണ്ട്. നാളത്തെ സി.ജെ.പി. തിരങ്ക മാർച്ച് സംബന്ധിച്ച വാർത്താസമ്മേളനം നടത്തിയശേഷമാണ് നേതാക്കൾ രാജ്ഘട്ടിലെത്തിയത്.

To advertise here,

രാജ്ഘട്ടിലെത്തി പ്രാർഥിച്ചശേഷം തിരികെപ്പോവുമെന്നും നിലവിൽ ധർണയ്ക്കായി വന്നതല്ലെന്നും പ്രകാശ് രാജ് അറിയിച്ചു. സി.ജെ.പി.യും ഇടതു വിദ്യാർഥിസംഘടനകളും ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ കുഴപ്പമുണ്ടാക്കിയ റിപ്പബ്ലിക് ടി.വി.യിലെ മാധ്യമപ്രവർത്തകരെ മറ്റു മാധ്യമപ്രവർത്തകർ ഇടപെട്ട് പുറത്താക്കി. വാർത്താസമ്മേളനം നടത്താൻ അനുവദിക്കാതെ തടസ്സം നിന്നതിനെത്തുടർന്നാണ് മറ്റു മാധ്യമപ്രവർത്തകർ ചേർന്ന് ഇവരെ പുറത്താക്കിയത്.

നേഹ ബോറ സംസാരിക്കുന്നതിനിടെ റിപ്പബ്ലിക് ടി.വി.യുടെ രണ്ട് മാധ്യമപ്രവർത്തകർ ഇടയ്ക്കുകയറി നിരന്തരമായി ചോദ്യംചോദിച്ച് ബഹളമുണ്ടാക്കുകയായിരുന്നു. ഇതോടെ മറ്റു മാധ്യമപ്രവർത്തകർ ഇടപെടുകയായിരുന്നു. തങ്ങളല്ലാതെ മറ്റു മാധ്യമപ്രവർത്തകരാരും ദേശീയത ഉയർത്തിപ്പിടിക്കുന്നില്ലെന്ന് സംഭവത്തിനു പിന്നാലെ റിപ്പബ്ലിക് ടി.വി. റിപ്പോർട്ടർമാർ പ്രതികരിച്ചു.

അതിനിടെ കൊണാട്ട് പ്ലേസിൽ നാളെ നടത്താൻ നിശ്ചയിച്ച സി.ജെ.പി. പ്രതിഷേധപ്രകടനം തടയില്ലെന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചു. എന്നാൽ പ്രതിഷേധം നിയന്ത്രിക്കുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതിഷേധംമൂലമുണ്ടാകുന്ന ബിസിനസ് തടസ്സങ്ങളും ഉപജീവനമാർഗത്തിലെ ആശങ്കകളും ചൂണ്ടിക്കാട്ടി കൊണാട്ട് പ്ലേസിലെ വ്യാപാരി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് പോലീസ് ഈ ഉറപ്പുനൽകിയത്.