ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതിയ ഹൈപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചു. പ്രോജക്ട് വിഷ്ണു എന്ന കോഡ് നാമത്തില്‍ വികസിപ്പ എക്സ്റ്റന്‍ഡഡ് ട്രജക്റ്ററി- ലോങ് ഡ്യുറേഷന്‍ ഹൈപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ( ET-LDHCM) ആണ് പരീക്ഷിച്ചത്. റഡാറുകളെ കബളിപ്പിക്കുന്ന സ്റ്റെല്‍ത്ത് സവിശേഷത, ഉയര്‍ന്ന കൃത്യത തുടങ്ങിയവയാണ് ഈ ഹൈപ്പര്‍ സോണിക് മിസൈലിന്റെ സവിശേഷത. ഇന്നലെ നടത്തിയ പരീക്ഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

To advertise here,

നിലവില്‍ ഇന്ത്യയുടെ പക്കലുള്ള ഏറ്റവും വേഗമേറിയ ക്രൂയിസ് മിസൈല്‍ ബ്രഹ്‌മോസ് ആണ്. പുതിയ മിസൈല്‍ ബ്രഹ്‌മോസിനേക്കാള്‍ വേഗത്തിലാകും സഞ്ചരിക്കുക.  1500 കിലോ മീറ്റര്‍ ദൂരത്തില്‍ ആക്രമണം നടത്താന്‍ സാധിക്കുന്ന മിസൈലില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്‌ക്രാംജെറ്റ് എന്‍ജിനാണ് ഉപയോഗിക്കുന്നത്. മിസൈല്‍ ഹൈപ്പര്‍ സോണിക് വേഗതയിലെത്തുമ്പോള്‍ അന്തരീക്ഷത്തില്‍നിന്നാണ് ഇന്ധനജ്വലനത്തിനായുള്ള ഓക്‌സിജന്‍ വലിച്ചെടുക്കുക.  മിസൈലിന്റെ ഭാരം കുറയ്ക്കാന്‍ സ്‌ക്രാംജെറ്റ് സാങ്കേതികവിദ്യ സഹായിക്കും.

ശബ്ദത്തേക്കാൾ എട്ട് മടങ്ങ് വേഗത്തിലാകും ഈ മിസൈല്‍ കുതിക്കുക. ബ്രഹ്‌മോസിന് ശബ്ദത്തേക്കാള്‍ മൂന്ന് മടങ്ങ് വേഗത്തിലേ സഞ്ചരിക്കാനാകൂ. മാത്രമല്ല,  ബ്രഹ്‌മോസിനേക്കാള്‍ (450 കിലോ മീറ്റര്‍)  കൂടുതല്‍ ദൂരത്തേക്ക്‌ ആക്രമണം നടത്താനുമാകും.  കര, നാവിക, വ്യോമ പതിപ്പുകള്‍ ഇനി മിസൈലിനായി വികസിപ്പിക്കും. 

സ്വയം സഞ്ചാരഗതി മാറ്റാന്‍ കഴിവുള്ള ഹൈപ്പര്‍ സോണിക് മിസൈലാണ് ET-LDHCM. 1000 മുതല്‍ 2000 കിലോ ഗ്രാം വരെ ഭാരമുള്ള പോര്‍മുനകള്‍ വഹിക്കും. ആണവായുധ ശേഷിയുമുണ്ട്. ബാലിസ്റ്റിക് മിസൈലുകളെ അപേക്ഷിച്ച് റഡാര്‍ നിരീക്ഷണത്തില്‍നിന്ന് രക്ഷപ്പെടാന്‍ വളരെ താഴ്ന്ന സഞ്ചാരപാതയാണ് ഈ മിസൈലിനുള്ളത്. 

അതിവേഗത്തില്‍ സഞ്ചരിക്കുന്നതിനാല്‍ അന്തരീക്ഷവുമായുള്ള ഘര്‍ഷണം മൂലം മിസൈലിന്റെ പുറംകവചം 2000 ഡിഗ്രി സെഷ്യല്‍സിന് മുകളില്‍ ചൂടാകും. ഈ താപത്തെ അതിജീവിക്കാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയും ഡിആര്‍ഡിഒ സ്വന്തമായി വികസിപ്പിച്ചതാണ്.  ഇതോടെ ഹൈപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ സാങ്കേതികവിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. നിലവില്‍ യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമേ ദീര്‍ഘൂര ഹൈപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ സാങ്കേതികവിദ്യ കൈവശമുള്ളു.