ന്യൂഡൽഹി: അടുത്ത തലമുറയിൽപ്പെട്ട ബ്രഹ്‌മോസ്-എൻ.ജി (BrahMos-NG) മിസൈലിന്റെ ആദ്യ പ്രോട്ടോടൈപ്പ് 2027 അല്ലെങ്കിൽ 2028 ഓടെ വികസിപ്പിക്കുമെന്ന് ബ്രഹ്‌മോസ് എയറോസ്‌പേസ് സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജെയ്തീർത്ഥ് ജോഷി അറിയിച്ചു. നിലവിലുള്ള ബ്രഹ്‌മോസ് മിസൈലുകളെക്കാൾ ചെറുതും ഭാരം കുറഞ്ഞതുമായ ബ്രഹ്‌മോസ്-എൻ.ജി, കൂടുതൽ തദ്ദേശീയ സാങ്കേതികവിദ്യകളും അത്യാധുനിക വസ്തുക്കളും ഉൾപ്പെടുത്തിയാണ് വികസിപ്പിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

To advertise here,

സുഖോയ്-30 (Sukhoi-30) യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്ന നിരവധി രാജ്യങ്ങൾ യുദ്ധവിമാനങ്ങളിൽനിന്ന് വിക്ഷേപിക്കാവുന്ന ബ്രഹ്‌മോസ് മിസൈലുകളിലും പുതിയ ബ്രഹ്‌മോസ്-എൻ.ജി സിസ്റ്റത്തിലും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഡോ. ജോഷി വ്യക്തമാക്കി. പാകിസ്താനുമായുണ്ടായ കഴിഞ്ഞ വർഷത്തെ സൈനിക നീക്കങ്ങൾക്കിടെ ശത്രുലക്ഷ്യങ്ങളെ കൃത്യമായി തകർക്കാനും ശത്രുക്കളുടെ പ്രതിരോധ സംവിധാനങ്ങൾക്ക് തടയാൻ സാധിക്കാത്ത വിധം പ്രവർത്തിക്കാനും ബ്രഹ്‌മോസിന് സാധിച്ചിരുന്നു. ഇതാണ് വിദേശ രാജ്യങ്ങളെ ഇതിലേക്ക് കൂടുതൽ ആകർഷിച്ചത്. 'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് പാകിസ്താനിലെ നൂർ ഖാൻ ഉൾപ്പെടെയുള്ള പ്രധാന വ്യോമതാവളങ്ങൾക്ക് നേരെ ഈ മിസൈൽ വിജയകരമായി ഉപയോഗിച്ചിരുന്നു. നിലവിൽ ലോകത്തിലേറ്റവും വേഗതയുള്ള സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്‌മേസ്.

ആദ്യഘട്ടത്തിലെ 290 കിലോമീറ്റർ പ്രഹരശേഷി മറികടന്ന്, കരയിൽനിന്നും കടലിൽ നിന്നും ആകാശത്തുനിന്നും വിക്ഷേപിക്കാവുന്ന ബ്രഹ്‌മോസിന്റെ ദൂരപരിധി ഘട്ടംഘട്ടമായി വർദ്ധിപ്പിച്ചിട്ടുണ്ട്. 1,500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള മിസൈൽ കമ്പനിയുടെ ഭാവി പദ്ധതികളുടെ ഭാഗമാണെന്നും ഇത് നിലവിൽ ആശയരൂപീകരണ ഘട്ടത്തിലാണെന്നും (conceptual stage) അദ്ദേഹം പറഞ്ഞു.

പ്രതിരോധ സേനകളിൽനിന്നുള്ള ഓർഡറുകൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിനാണ് കമ്പനി നിലവിൽ മുൻഗണന നൽകുന്നത്. ഇതിനായി ഹൈദരാബാദ്, നാഗ്പുർ, പിലാനി, ലക്‌നൗ എന്നിവിടങ്ങളിലെ നിർമ്മാണ ശാലകൾ പൂർണ്ണ ശേഷിയിലാണ് പ്രവർത്തിക്കുന്നത്. ഒക്ടോബർ 6-ന് നാവികസേനയുടെ യുദ്ധക്കപ്പലുകൾക്കായി ബ്രഹ്‌മോസ് ഫയർ കൺട്രോൾ സിസ്റ്റങ്ങളും ലോഞ്ചറുകളും സംഭരിക്കുന്നതിന് പ്രതിരോധ മന്ത്രാലയം ബ്രഹ്‌മോസ് എയറോസ്‌പേസുമായി കരാർ ഒപ്പിട്ടിരുന്നു. കുറഞ്ഞത് 68 ശതമാനം സ്വദേശി ഘടകങ്ങൾ ഉൾപ്പെടുത്തേണ്ട ഈ പദ്ധതി ആഭ്യന്തര പ്രതിരോധ നിർമ്മാണ മേഖലയ്ക്ക് വലിയ കരുത്താകുമെന്നാണ് കരുതപ്പെടുന്നത്.