
വ്യോമസേനയ്ക്ക് വേണ്ടി ഇന്ത്യ വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണ് എഎംസിഎ (Advanced Medium Combat Aircratf). എന്നാൽ, തങ്ങൾ സ്വന്തമായി വികസിപ്പിച്ചെടുത്ത എസ്.യു-57 ( SU-57) എന്ന അഞ്ചാംതലമുറ യുദ്ധവിമാനം ഇന്ത്യയേക്കൊണ്ട് എങ്ങനെയും വാങ്ങിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി മോഹന വാഗ്ദാനങ്ങളും സമ്മർദ്ദങ്ങളും തുടരുകയാണ് റഷ്യ. വിദേശ സ്റ്റെൽത്ത് വിമാനങ്ങളോട് തത്കാലം നോ പറഞ്ഞിരിക്കുന്ന ഇന്ത്യ പക്ഷെ ഉടൻതന്നെ മാറിച്ചിന്തിച്ചേക്കുമെന്നാണ് റഷ്യ കരുതുന്നത്.
മൂന്ന് പ്രധാന കാരണങ്ങളാണ് അതിന് റഷ്യ കാണുന്നത്.
ഒന്നാമതായി, ഇന്ത്യൻ വ്യോമസേന ഇപ്പോൾ യുദ്ധവിമാനങ്ങളുടെ വലിയ കുറവ് നേരിടുകയാണ്. 42 സ്ക്വാഡ്രണുകൾ വേണ്ടിടത്ത് ഇപ്പോൾ ഇന്ത്യൻ വ്യോമസേന 31 സ്ക്വാഡ്രൺ എന്ന ദുർബലമായ ശേഷിയിലേക്ക് എത്തിയിരിക്കുകയാണ്. കൂടുതൽ അത്യാധുനിക വിമാനങ്ങളുടെ ആവശ്യകത നിലവിൽ ഇന്ത്യൻ വ്യോമസേന നേരിടുന്നുണ്ട്.
രണ്ടാമതായി, ഇന്ത്യയുടെ സ്വന്തം അഞ്ചാംതലമുറ യുദ്ധവിമാന പദ്ധതിയായ എഎംസിഎ വികസന ഘട്ടത്തിൽതന്നെ നിൽക്കുകയാണ്. 2030-ൽ മാത്രമേ ആദ്യ പ്രോട്ടോടൈപ്പ് പരീക്ഷണം നടക്കുവെന്നാണ് നിലവിലെ വിലയിരുത്തൽ. അതിനാൽ എഎംസിഎ പദ്ധതി പൂർണമാകുന്നതുവരെ ഇന്ത്യയ്ക്ക് സ്റ്റെൽത്ത് വിമാനങ്ങളുടെ ആവശ്യകത നിലനിൽക്കുന്നുണ്ട്.
മൂന്നാമതായി, ചൈന അവരുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ ജെ-35 ഇന്ത്യൻ അതിർത്തിയോട് ചേർന്ന് വൻതോതിൽ വിന്യസിച്ചു കൊണ്ടിരിക്കുകയാണ്. ചൈനയുടെ മറ്റൊരു സ്റ്റെൽത്ത് വിമാനമായ ജെ-35 വാങ്ങാൻ പാകിസ്താൻ ശ്രമം തുടങ്ങിയിട്ടുമുണ്ട്. ഇത് ഇന്ത്യയ്ക്ക് ഉയർത്തുന്ന പ്രതിരോധ വെല്ലുവിളി തങ്ങൾക്ക് അനുകൂലമാകുമെന്ന് റഷ്യ പ്രതീക്ഷിക്കുന്നു. അമേരിക്ക വാഗ്ദാനം ചെയ്ത എഫ്-35 സാങ്കേതിക വിദ്യാ കൈമാറ്റത്തിന്റെ പേരിൽ ഇന്ത്യ വാങ്ങിയേക്കില്ലെന്നാണ് റഷ്യ വിലയിരുത്തുന്നത്. അതിനാൽ സാഹചര്യങ്ങൾ അനുകൂലമാണെന്ന് റഷ്യ വിലയിരുത്തുന്നു.
ഇന്ത്യയിൽനിന്ന് എസ്.യു-57 ഓർഡർ നേടിയെടുക്കേണ്ടത് റഷ്യയുടെയുംകൂടി ആവശ്യമാണ്. ഇന്ത്യയ്ക്ക് മുന്നിൽ എസ്.യു-57 വിമാനം അവതരിപ്പിക്കുന്നതിൽ റഷ്യ കാണിക്കുന്ന അടിയന്തര സ്വഭാവത്തിന് പിന്നിൽ പ്രധാനമായും സാമ്പത്തിക- ഭൗമരാഷ്ട്രീയ ഒറ്റപ്പെടലുകൾ ഒരു കാരണമാണ്. റഷ്യൻ പ്രതിരോധ വ്യവസായ മേഖല എസ്.യു-57 വികസിപ്പിക്കുന്നതിനായി കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചിട്ടുണ്ടെങ്കിലും, സ്വന്തം വ്യോമസേനയ്ക്ക് ആവശ്യമായ വിമാനങ്ങൾ വൻതോതിൽ നിർമ്മിച്ച് നൽകാൻ യുക്രൈൻ യുദ്ധം മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ തടസ്സമാകുന്നു.
മുൻപ് ഇന്ത്യയുമായി ചേർന്ന് ആരംഭിച്ച എഫ്.ജി.എഫ്.എ (FGFA) പദ്ധതിയിൽനിന്ന് സാങ്കേതികവിദ്യ പങ്കുവെക്കലിലെ അഭിപ്രായവ്യത്യാസങ്ങൾ കാരണം ഇന്ത്യ പിന്മാറിയത് റഷ്യയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. നിലവിൽ ഇന്ത്യയിൽനിന്ന് ഒരു കൂറ്റൻ ഓർഡർ നേടാൻ സാധിച്ചാൽ, ഉൽപ്പാദനച്ചെലവ് ഗണ്യമായി കുറയ്ക്കാനും തങ്ങളുടെ യുദ്ധവിമാന നിർമ്മാണ ലൈനുകൾ സജീവമായി നിലനിർത്താനും റഷ്യയ്ക്ക് സാധിക്കും.
യുക്രൈൻ അധിനിവേശത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ റഷ്യൻ പ്രതിരോധ കയറ്റുമതി പകുതിയോളം വെട്ടിച്ചുരുക്കാൻ ഇടയാക്കി. തത്ഫലമായി, പരമ്പരാഗത പ്രതിരോധ പങ്കാളിയായ ഇന്ത്യയെ തങ്ങളുടെ വിപണിയിൽ നിലനിർത്തേണ്ടത് റഷ്യയുടെ സാമ്പത്തിക നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി 100% സാങ്കേതികവിദ്യ കൈമാറ്റം, എച്ച്.എ.എൽ (HAL) നാസിക് പ്ലാന്റിൽ ലൈസൻസോടെയുള്ള അസംബ്ലി, ഇന്ത്യൻ രൂപ അധിഷ്ഠിത പണമടയ്ക്കൽ സംവിധാനങ്ങൾ എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യയെ ആകർഷിക്കാനാണ് മോസ്കോ ശ്രമിക്കുന്നത്.
ഒപ്പം, ഇന്ത്യൻ വ്യോമസേനയുടെ അംഗീകൃത സ്ക്വാഡ്രൺ ബലം 42-ൽനിന്ന് 31 ആയി കുറഞ്ഞതും തദ്ദേശീയ അഞ്ചാം തലമുറ വിമാനമായ എ.എം.സി.എ സജ്ജമാകാൻ സമയം ആവശ്യമാണെന്നതും മുതലെടുത്ത് തങ്ങളുടെ ഉൽപ്പന്നം വിറ്റഴിക്കാനുള്ള തന്ത്രമാണ് റഷ്യ മെനയുന്നത്.
റഷ്യ നേരിടുന്ന പ്രതിസന്ധികളും സാങ്കേതിക തടസ്സങ്ങളും
വൻപ്രചാരണം നൽകുന്നുണ്ടെങ്കിലും, എസ്.യു-57 വിമാന പദ്ധതിയിൽ റഷ്യൻ വ്യോമസേനയും നിർമ്മാതാക്കളായ സുഖോയിയും ഗുരുതരമായ സാങ്കേതിക-വ്യവസായ വെല്ലുവിളികൾ നേരിടുന്നുണ്ട്. വിമാനത്തിന്റെ നിർമ്മാണവേഗം തികച്ചും മന്ദഗതിയിലാണ്. റഷ്യൻ വ്യോമസേനയിൽ നിലവിൽ 50-ൽ താഴെ എസ്.യു-57 വിമാനങ്ങൾ മാത്രമാണ് സേവനത്തിലുള്ളത്. ഉൽപ്പാദന കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന അത്യാധുനിക യന്ത്രസാമഗ്രികളുടെ ക്ഷാമവും അന്താരാഷ്ട്ര ഉപരോധങ്ങളും വിമാനങ്ങൾ കൃത്യസമയത്ത് നിർമ്മിച്ച് നൽകുന്നതിന് തടസ്സം സൃഷ്ടിക്കുന്നു.
സാങ്കേതികമായി പരിശോധിക്കുമ്പോൾ, വിമാനത്തിന്റെ ആത്മാവായ എഞ്ചിൻ വികസനത്തിലെ കാലതാമസമാണ് ഏറ്റവും പ്രധാനപ്പെട്ട പ്രതിസന്ധി. അഞ്ചാം തലമുറ വിമാനങ്ങൾക്ക് അനുയോജ്യമായ അഡ്വാൻസ്ഡ് AL-51F1 എഞ്ചിൻ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകാത്തതിനാൽ, നിലവിലെ പതിപ്പുകളിൽ അല്പം പരിഷ്കരിച്ച AL-41F1 എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്. ഇത് വിമാനത്തിന്റെ സൂപ്പർക്രൂയിസ് ശേഷിയെയും ഇന്ധനക്ഷമതയെയും ബാധിക്കുന്നുണ്ട്. കൂടാതെ, അമേരിക്കൻ എഫ്-35 അല്ലെങ്കിൽ ചൈനീസ് ജെ-20 എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ എസ്.യു-57ന്റെ റഡാർ ക്രോസ് സെക്ഷൻ (RCS) കൂടുതലാണ്.
വിമാനത്തിന്റെ പാനൽ ഫിറ്റിംഗുകളിലെ കൃത്യതയില്ലായ്മയും എഞ്ചിൻ ഇൻടേക്കുകളുടെ ഘടനയും സ്റ്റെൽത്ത് ശേഷി കുറയ്ക്കുന്നതായി വ്യോമയാന വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇതിനുപുറമേ, സെമി കണ്ടക്ടറുകൾക്ക് ഏർപ്പെടുത്തിയ ഉപരോധങ്ങൾ വിമാനത്തിന്റെ ഏവിയോണിക്സ്, എഇഎസ്എ (AESA) റഡാർ എന്നിവയുടെ ആധുനികവൽക്കരണത്തെ മന്ദഗതിയിലാക്കിയിട്ടുണ്ട്.
പാകിസ്താൻ-ചൈന അച്ചുതണ്ട്, റഷ്യയുടെ പ്രതീക്ഷകൾ
ദക്ഷിണേഷ്യൻ മേഖലയിലെ ഭൗമരാഷ്ട്രീയ സന്തുലിതാവസ്ഥയിൽ ചൈനയും പാകിസ്താനും നടത്തുന്ന നീക്കങ്ങൾ ഇന്ത്യയുടെ പ്രതിരോധ നയങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. പാകിസ്താൻ വ്യോമസേന ചൈനയിൽനിന്ന് അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനമായ ജെ-35 (J-35 / FC-31) സ്വന്തമാക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. ചൈനയുടെ അതിർത്തിയിൽ നിലനിൽക്കുന്ന ജെ-20 ഭീഷണിക്കൊപ്പം പാകിസ്താൻ കൂടി ജെ-35 വിമാനങ്ങൾ സ്വന്തമാക്കുന്നതോടെ, ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തികളിൽ ഒരേസമയം രണ്ട് അഞ്ചാം തലമുറ വ്യോമഭീഷണികൾ സംജാതമാകും. ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന എ.എം.സി.എ വിമാനത്തിന്റെ ആദ്യ പ്രോട്ടോടൈപ്പ് പുറത്തിറങ്ങാനും അത് വ്യോമസേനയുടെ ഭാഗമാകാനും 2030-35 കാലഘട്ടത്തിന് ശേഷമേ സാധിക്കൂ. അങ്ങനെ വരുമ്പോൾ വ്യോമശക്തിയിലെ വിടവ് നികത്താൻ ഒരു താല്കാലിക പരിഹാരം ഇന്ത്യയ്ക്ക് ആവശ്യമായി വരുന്നു.
ഭൗമരാഷ്ട്രീയ തടസ്സങ്ങളും സങ്കീർണ്ണമായ നിബന്ധനകളും കാരണം അമേരിക്കയിൽ നിന്ന് എഫ്-35 ലഭിക്കാനുള്ള സാധ്യത മങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയ്ക്ക് മുന്നിലുള്ള ഏറ്റവും പ്രായോഗികമായ ബദൽ റഷ്യൻ എസ്.യു-57 ആണ്. ഈ സാധ്യതയാണ് ഇന്ത്യയിൽനിന്ന് വലിയ ഓർഡർ നേടിയെടുക്കാനുള്ള റഷ്യയുടെ ശ്രമങ്ങൾക്ക് പിന്നിലെ പ്രധാന ഇന്ധനം. ജെ-35 വാങ്ങാനുള്ള പാകിസ്താന്റെ കരാർ യാഥാർത്ഥ്യമായാൽ, ഇന്ത്യ തങ്ങളുടെ വ്യോമമേധാവിത്വം ഉറപ്പാക്കാൻ റഷ്യയുമായി നേരിട്ടുള്ള അഞ്ചാം തലമുറ വിമാന ഇടപാടിലേക്ക് കടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
സാങ്കേതിക മേന്മകളിൽ, എസ്.യു-57 വിമാനത്തിലെ 3ഡി ത്രസ്റ്റ് വെക്റ്ററിംഗ് എഞ്ചിനുകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തുന്നത്. കാഴ്ചപരിധിയിലുള്ള ആകാശ പോരാട്ടങ്ങളിൽ ചൈനീസ് വിമാനങ്ങളേക്കാൾ മേൽക്കൈ നേടാൻ ഇത് സഹായിക്കും. വിമാനത്തിന് ചുറ്റുമുള്ള ഇൻഫ്രാറെഡ് മിസൈലുകളുടെ ഗൈഡൻസ് സിസ്റ്റത്തെ ലേസർ രശ്മികൾ ഉപയോഗിച്ച് നിർവീര്യമാക്കുന്ന 101KS അറ്റോൾ DIRCM (Directional Infrared Countermeasures) സംവിധാനം എസ്.യു-57ൽ മാത്രമുള്ള പ്രത്യേകതയാണ്. കൂടാതെ, ചിറകുകളിൽ ഘടിപ്പിച്ചിട്ടുള്ള എൽ-ബാൻഡ് റഡാറുകൾ ശത്രുക്കളുടെ സ്റ്റെൽത്ത് വിമാനങ്ങളെ വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നു. വിമാനത്തിന്റെ വിസ്തൃതമായ ഇന്റേണൽ വെപ്പൺ ബേയിൽ കിൻഷാൽ (Kinzhal) ഹൈപ്പർസോണിക് മിസൈലുകൾ വഹിക്കാനുള്ള ശേഷിയും റഷ്യൻ വിമാനത്തിനുണ്ട്.
എങ്കിലും, റഷ്യൻ വിമാനത്തിന് കാര്യമായ ചില കോട്ടങ്ങളുമുണ്ട്. ജെ-20, ജെ-35 എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ എസ്.യു-57ന്റെ മുൻഭാഗത്തുനിന്നുള്ള റഡാർ പ്രതിഫലനം (RCS) കൂടുതലായതിനാൽ, ശത്രു റഡാറുകൾക്ക് ഇതിനെ കണ്ടെത്താൻ എളുപ്പമാണ്. ചൈനീസ് വിമാനങ്ങളിലെ നെറ്റ്വർക്ക് കേന്ദ്രീകൃത യുദ്ധശേഷിയും സെൻസർ ഫ്യൂഷൻ സാങ്കേതികവിദ്യയും റഷ്യൻ സംവിധാനങ്ങളേക്കാൾ ആധുനികമാണ്. ഏറ്റവും പ്രധാനമായി, ചൈന ഇതിനകം 200-ലധികം ജെ-20 വിമാനങ്ങൾ സേനയുടെ ഭാഗമാക്കിയപ്പോൾ, നിർമ്മാണ തടസങ്ങൾ കാരണം റഷ്യൻ വ്യോമസേനയിൽ 50 വിമാനങ്ങൾ പോലും തികഞ്ഞിട്ടില്ല എന്നത് എസ്.യു-57ന്റെ വിന്യാസശേഷിയെ പ്രതികൂലമായി ബാധിക്കുന്നു.
ചൈനീസ് ചിപ്പിലെ അപകടം
യുക്രൈൻ യുദ്ധത്തേ തുടർന്നുണ്ടായ പാശ്ചാത്യ ഉപരോധങ്ങൾ കാരണം ആഗോള വിപണിയിൽനിന്ന് സെമി കണ്ടക്ടറുകളും വിപുലമായ മൈക്രോ ഇലക്ട്രോണിക്സും ലഭ്യമാകാതെ വന്നതോടെ, റഷ്യ തങ്ങളുടെ സൈനിക വിതരണ ശൃംഖലയ്ക്കായി ചൈനയെ ആശ്രയിക്കാൻ തുടങ്ങിയതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഉപരോധങ്ങൾ മറികടന്ന് ചൈനയിൽനിന്നും ഹോങ്കോംഗിൽനിന്നും റഷ്യയിലേക്ക് വൻതോതിൽ പ്രിന്റഡ് സർക്യൂട്ട് ബോർഡുകളും മൈക്രോചിപ്പുകളും ഒഴുകിയതായി അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവയിൽ ചിലത് മിസൈലുകളിലും ആകാശനിരീക്ഷണ ഉപകരണങ്ങളിലും ഉപയോഗിച്ചതായും കണ്ടെത്തുകയുണ്ടായി.
എന്നാൽ, തങ്ങളുടെ തന്ത്രപ്രധാന ആയുധങ്ങളായ എസ്.യു-57 യുദ്ധവിമാനങ്ങളിലോ എസ്-400/എസ്-500 പ്രതിരോധ സംവിധാനങ്ങളിലോ ചൈനീസ് നിർമ്മിത മൈക്രോചില്ലുകൾ ഉപയോഗിക്കുന്നില്ലെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ശക്തമായി വാദിക്കുന്നുണ്ട്. റഷ്യൻ റഡാറുകളുടെ പ്രധാന ഭാഗമായ മോണോലിത്തിക് മൈക്രോവേവ് ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ (MMICs) തദ്ദേശീയമായി നിർമ്മിക്കുന്നതിനായി 'സോവറിൻ സിലിക്കൺ' (Sovereign Silicon) പദ്ധതി റഷ്യ ആരംഭിച്ചിട്ടുണ്ട്. 2027 ഡിസംബറോടെ തങ്ങളുടെ അഞ്ചാം തലമുറ വിമാനങ്ങളിലെ മുഴുവൻ സർക്യൂട്ടുകളും തദ്ദേശീയ സാങ്കേതികവിദ്യയിലേക്ക് മാറ്റാനാണ് റഷ്യ പദ്ധതിയിടുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, റഷ്യൻ സൈനിക വിമാനങ്ങളിൽ ചൈനീസ് നിർമ്മിത ചിപ്പുകൾ ഉൾപ്പെടുന്നത് അതീവ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ചൈനീസ് നിർമ്മിത ഘടകങ്ങൾ അടങ്ങിയ വിമാനങ്ങൾ ഉപയോഗിക്കുന്നത് വിവര ചോർച്ചയ്ക്കോ അല്ലെങ്കിൽ യുദ്ധസമയത്ത് ഡിജിറ്റൽ അട്ടിമറികൾക്കോ വഴിതുറന്നേക്കാം. അതിനാൽ, ഇന്ത്യ ഏതെങ്കിലും ഘട്ടത്തിൽ എസ്.യു-57 വാങ്ങാൻ തീരുമാനിച്ചാൽ, അതിൽ ചൈനീസ് ഘടകങ്ങൾ പൂർണ്ണമായും ഒഴിവാക്കി ഇന്ത്യൻ നിർമ്മിതമായതോ അല്ലെങ്കിൽ റഷ്യയുടെ തദ്ദേശീയ ഏവിയോണിക്സ് മാത്രമായിരിക്കും ആവശ്യപ്പെടുക.
വിമാനത്തിന്റെ കുറഞ്ഞ സ്റ്റെൽത്ത് ശേഷിയും എഞ്ചിൻ വികസനത്തിലെ താളപ്പിഴകളും ഇന്ത്യയെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. എങ്കിലും, ചൈന-പാകിസ്താൻ അച്ചുതണ്ട് ഉയർത്തുന്ന സ്റ്റെൽത്ത് ഭീഷണി കണക്കിലെടുക്കുമ്പോൾ, സ്വന്തം എ.എം.സി.എ വിമാനം വരുന്നതുവരെയുള്ള ഇടക്കാല പ്രതിരോധ മാർഗ്ഗമായി സാങ്കേതികവിദ്യ കൈമാറ്റത്തോടെയുള്ള എസ്.യു-57 അസംബ്ലി പദ്ധതി ഇന്ത്യ പരിഗണിച്ചേക്കാം.
റഷ്യയുടെ ആറാം തലമുറ യുദ്ധവിമാന വികസന പദ്ധതികൾ
അഞ്ചാം തലമുറ വിമാന നിർമ്മാണത്തിൽ നേരിടുന്ന പ്രതിസന്ധികൾക്കിടയിലും, ആറാം തലമുറ യുദ്ധവിമാന വികസനത്തിനായി റഷ്യൻ പ്രതിരോധ മന്ത്രാലയം 'മിഗ്-41' (MiG-41) അഥവാ പാക് ഡി.പി (PAK DP - Perspective Aeronautical Complex for Long-Range Interception) എന്ന അതിമോഹ പദ്ധതിയുമായി മുന്നോട്ട് പോകുന്നുണ്ട്. നിലവിലുള്ള പഴയ മിഗ്-31 ഇന്റർസെപ്റ്റർ വിമാനങ്ങൾക്ക് പകരക്കാരനായിട്ടാണ് മിഗോയൻ ഡിസൈൻ ബ്യൂറോ ഈ വിമാനം രൂപകൽപ്പന ചെയ്യുന്നത്.
മിഗ്-41 പ്രോജക്റ്റ് വ്യോമയുദ്ധ സങ്കൽപ്പങ്ങളെത്തന്നെ മാറ്റിമറിക്കാൻ പോകുന്ന സവിശേഷതകളാണ് അവകാശപ്പെടുന്നത്. മാക് 4.0 മുതൽ മാക് 4.3 വരെയുള്ള ഹൈപ്പർസോണിക് വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതായിരിക്കും ഈ വിമാനം. സാധാരണ വിമാനങ്ങൾക്ക് എത്താൻ സാധിക്കാത്ത സ്ട്രാറ്റോസ്ഫിയറിന്റെ ഉയർന്ന തലങ്ങളിൽ (Near-Space) പ്രവർത്തിക്കാനും ഭൗമാന്തരീക്ഷത്തോട് അടുത്തുള്ള ശത്രുക്കളുടെ ഉപഗ്രഹങ്ങളെ തകർക്കാനും ശേഷിയുള്ള ആന്റി-സാറ്റലൈറ്റ് ലേസർ/മിസൈൽ സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുത്തും.
ഭീമമായ ഈ വേഗം കൈവരിക്കുന്നതിനായി വിപ്ലവകരമായ പൾസ് ഡിറ്റൊനേഷൻ എഞ്ചിനുകൾ (Pulse Detonation Engines) ഉപയോഗിക്കാനാണ് റഷ്യ പദ്ധതിയിടുന്നത്. ഒപ്പം, പൈലറ്റില്ലാതെ പൂർണ്ണമായും അൺമാൻഡ് രീതിയിൽ പ്രവർത്തിപ്പിക്കാനുള്ള സാങ്കേതികവിദ്യയും ഇതിൽ പരീക്ഷിക്കുന്നു. എന്നാൽ, മിഗ്-41 പദ്ധതി പ്രായോഗിക തലത്തിൽ എത്തിക്കുന്നതിന് കടുത്ത സാങ്കേതിക തടസ്സങ്ങളുണ്ട്. മാക് 4 വേഗതയിൽ പറക്കുമ്പോൾ വായുമായി ഉരസിയുണ്ടാകുന്ന അമിതമായ ഘർഷണവും അതുമൂലമുണ്ടാകുന്ന ഉയർന്ന താപവും താങ്ങാൻ ശേഷിയുള്ള കോമ്പോസിറ്റ് സാമഗ്രികൾ വികസിപ്പിച്ചെടുക്കുക എന്നത് എയറോസ്പേസ് എഞ്ചിനീയറിംഗിൽ അതീവ സങ്കീർണ്ണമാണ്.
നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള പൾസ് ഡിറ്റൊനേഷൻ എഞ്ചിനുകൾ സൃഷ്ടിക്കുന്ന തീവ്രമായ വിറയൽ വിമാനത്തിന്റെ ഘടനയുടെ ആയുസ്സ് കുറയ്ക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക ഉപരോധങ്ങളും അത്യാധുനിക സാങ്കേതികവിദ്യകളുടെ ദൗർലഭ്യവും കാരണം മിഗ്-41 പദ്ധതി വിഭാവനം ചെയ്തതുപോലെ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ റഷ്യയ്ക്ക് എളുപ്പമാകില്ല.
Content Highlights: India faces pressure from Russia to purchase the su-57, as it deals with a shortage of advanced fighter jets and regional security challenges.
Published: 19 Oct 2026, 05:20 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented