കൊച്ചി: ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനിവിരുദ്ധ യുദ്ധശേഷി കൂട്ടി ‘മംഗ്രോൾ’ വരുന്നു. നാവികസേനയുടെ പുതിയ സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് ആയ മംഗ്രോൾ (INS Mangrol) ആഴം കുറഞ്ഞ ജലാശയങ്ങളിലെ വെള്ളത്തിനടിയിലുള്ള ഭീഷണികൾ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനുമായി പ്രത്യേകമായി രൂപകല്പന ചെയ്തതാണ്.

To advertise here,

മംഗ്രോൾ തിങ്കളാഴ്ച മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിലാണ് കമ്മിഷൻ ചെയ്യുന്നത്. ഇന്ത്യൻ നാവികസേനയ്ക്കായി കൊച്ചി കപ്പൽശാല നിർമിക്കുന്ന എട്ട് ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ മൂന്നാമത്തെ കപ്പലാണ് മംഗ്രോൾ.

വലിയ യുദ്ധക്കപ്പലുകൾ പ്രവർത്തന പരിമിതികൾ നേരിടുന്ന തീരദേശ ജലത്തിൽ സമുദ്ര പട്രോളിങ് വിമാനങ്ങൾ, ഹെലികോപ്ടറുകൾ, മറ്റ് യുദ്ധക്കപ്പലുകൾ എന്നിവയ്ക്കൊപ്പം അന്തർവാഹിനി ഭീഷണികൾ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനും കഴിയുന്നതാണ് മംഗ്രോളിന്റെ വലിയ സവിശേഷത. ഗുജറാത്തിലെ ജുനാഗഡ് ജില്ലയിലെ തീരദേശ പട്ടണവും മത്സ്യബന്ധന തുറമുഖവുമായ മംഗ്രോളിന്റെ പേരിലുള്ള ഈ കപ്പൽ നേരത്തേ ഇന്ത്യൻ നാവികസേനയിൽ സേവനമനുഷ്ഠിച്ച ഐ.എൻ.എസ്. മംഗ്രോളിന്റെ പിൻഗാമിയാണ്.

80 ശതമാനത്തിലധികം തദ്ദേശീയ ഉള്ളടക്കത്തോടെ നിർമിച്ച മംഗ്രോളിന്റെ വരവ് യുദ്ധക്കപ്പൽ രൂപകല്പന, നിർമാണം, നൂതന ആയുധങ്ങളുടെയും സെൻസറുകളുടെയും സംയോജനം എന്നിവയിൽ ഇന്ത്യയുടെ വളരുന്ന കഴിവുകളെ പ്രതിഫലിപ്പിക്കുന്നതാണ്.

കേന്ദ്ര സർക്കാരിന്റെ മെയ്‌ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് സംരംഭങ്ങൾക്ക് കീഴിൽ സി.എസ്.എൽ. നിർമിച്ച ഈ കപ്പൽ, പ്രതിരോധ കപ്പൽ നിർമാണത്തിൽ രാജ്യത്തിന്റെ സ്വയംപര്യാപ്തതയിലേക്കുള്ള മറ്റൊരു പ്രധാന ചുവടുവെപ്പാണ്.

അന്തർവാഹിനി വിരുദ്ധ പോരാട്ടങ്ങൾക്ക് പുറമേ കടലിനടിയിലെ നിരീക്ഷണം, മൈനുകൾ വിന്യസിക്കൽ, കുറഞ്ഞ തീവ്രതയുള്ള മറ്റ് സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾ എന്നിവയ്ക്കും മംഗ്രോൾ ഉപയോഗിക്കാനാകും. ആധുനിക ആയുധങ്ങളും സെൻസറുകളും സജ്ജീകരിച്ചിരിക്കുന്ന മംഗ്രോൾ വരുന്നത് ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനിവിരുദ്ധ യുദ്ധശേഷികളെ ശക്തിപ്പെടുത്തും.