ന്യൂഡൽഹി: ഇന്ത്യയും പാകിസ്തനും ഉൾപ്പെടെ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്ന് പാക് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി മുസദിക് മസൂദ് മാലിക് പ്രത്യാശ പ്രകടിപ്പിച്ചു. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ സിവിലൈസേഷണൽ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലെത്തിയതായിരുന്നു അദ്ദേഹം.

To advertise here,

ഇന്ത്യ-പാകിസ്താൻ ബന്ധം മെച്ചപ്പെടുമോ എന്ന ചോദ്യത്തിന് മറുപടിയായി, ഈ മേഖലയിലെ രാജ്യങ്ങൾ വിശാലമായ വീക്ഷണം സ്വീകരിക്കുമെന്നും പ്രാദേശിക അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ പ്രവർത്തിക്കുമെന്നും താൻ പ്രതീക്ഷിക്കുന്നതായി മാലിക് പറഞ്ഞു.

'നമ്മുടെ ബന്ധങ്ങളെല്ലാം മെച്ചപ്പെടുമെന്നാണ് ഞാൻ കരുതുന്നത്. നിങ്ങൾക്ക് അറിയാവുന്നത് പോലെ ഈ മേഖല മാറിക്കൊണ്ടിരിക്കുകയാണ്. ഭൗമരാഷ്ട്രീയത്തിന്റെ അടിത്തറയിൽ അതിവേഗത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. നാം കാര്യങ്ങളെ സമഗ്രമായ കാഴ്ചപ്പാടോടെ സമീപിക്കുമെന്നും, ആ കാഴ്ചപ്പാടിലൂടെ രാഷ്ട്രീയവും സാമൂഹികവുമായ എല്ലാ വിഷയങ്ങളെയും സംവാദത്തിനുള്ള വിഷയങ്ങളെയും പരിഗണിച്ച്, ഈ മേഖലയുടെ പുരോഗതിക്കായുള്ള അജണ്ട മുന്നോട്ട് കൊണ്ടുപോകുമെന്നും എനിക്ക് വലിയ പ്രതീക്ഷയുണ്ട്' മാലിക് പറഞ്ഞു.

നാഗരികതയെക്കുറിച്ച് ബഹുരാഷ്ട്രതലത്തിൽ സംവാദം നടത്താൻ ലഭിച്ചിരിക്കുന്ന മികച്ച അവസരമാണിത്. സംസ്‌കാരങ്ങളും നാഗരികതകളും അതിരുകൾക്ക് അതീതമാണെന്ന് ഞാൻ കരുതുന്നു. നമ്മുടെ ചരിത്രം, ഭൂമിശാസ്ത്രം, സംസ്‌കാരങ്ങൾ, നാഗരികതകൾ എന്നിവയെക്കുറിച്ച് ഇവിടെയിരുന്ന് സംസാരിക്കാൻ കഴിയുന്നത് വളരെ മികച്ച കാര്യമാണ്. ഇതൊരു വളരെ നല്ല സൂചനയാണെന്നും ഡൽഹിയിൽ നടക്കുന്ന ഫോറത്തെ കുറിച്ച് മാലിക് കൂട്ടിച്ചേർത്തു.