ന്യൂയോർക്ക്/ന്യൂഡൽഹി: 1999-ലെ കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട സ്വന്തം സൈനികരുടെ മൃതദേഹങ്ങൾപോലും ഏറ്റെടുക്കാൻ വിസമ്മതിച്ച ചരിത്രമാണ് പാകിസ്താനുള്ളതെന്ന് ഇന്ത്യ. പാകിസ്താൻ ഇരട്ടത്താപ്പ് കാണിക്കുകയാണ്. മതസ്വാതന്ത്ര്യത്തെക്കുറിച്ചും ആചാരപരമായ സംസ്‌കാരങ്ങളെക്കുറിച്ചും സംസാരിക്കാൻ പാകിസ്താന് ധാർമിക അവകാശമില്ലെന്ന് യു.എൻ സമിതിയിൽ ഇന്ത്യൻ പ്രതിനിധി ഭവിക മംഗളാനന്ദൻ അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പെർമനന്റ് മിഷൻ ഫസ്റ്റ് സെക്രട്ടറിയാണ് ഭവിക മംഗളാനന്ദൻ.
പ്രത്യേക സാഹചര്യങ്ങളിലെ ശവസംസ്‌കാര അവകാശങ്ങളുമായി ബന്ധപ്പെട്ട മതസ്വാതന്ത്ര്യവും വിശ്വാസസ്വാതന്ത്ര്യവും എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ഇതിനിടെയാണ് 1999-ലെ കാർഗിൽ യുദ്ധത്തിനിടെ കൊല്ലപ്പെട്ട തങ്ങളുടെ സൈനികരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ പാകിസ്താൻ വിസമ്മതിച്ചതിനെ കുറിച്ച് ഭവിക വിശദീകരിച്ചത്.
'1999-ൽ കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട സ്വന്തം സൈനികരുടെ മൃതദേഹങ്ങൾപോലും ഏറ്റുവാങ്ങാൻ തയ്യാറാകാതിരുന്ന ഒരു രാഷ്ട്രമാണ് വിശ്വാസം, മതസ്വാതന്ത്ര്യം, ശവസംസ്‌കാരം എന്നിവയെക്കുറിച്ച് നാണമില്ലാതെ, ആവേശത്തോടെ സംസാരിക്കുന്നത് വലിയൊരു വൈരുദ്ധ്യമാണ്. അവരെ ഒന്നു ഓർമ്മിപ്പിക്കട്ടെ, മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ സ്വന്തം മാതൃരാജ്യം വിസമ്മതിച്ചതിനെ തുടർന്ന് പലരേയും സൈനിക ബഹുമതികളോടെയും ഇസ്ലാമിക ആചാരപ്രകാരവും അടക്കം ചെയ്തത് ഇന്ത്യൻ സൈന്യമാണ്' എന്നാണ് ഭവിക ഓർമിപ്പിച്ചത്.
പ്രത്യേക റിപ്പോർട്ടറുടെ റിപ്പോർട്ടിൽ പല സുപ്രധാന വസ്തുതകളും വിട്ടുപോയിട്ടുണ്ടെന്നും ഭവിക മംഗളാനന്ദൻ ചൂണ്ടിക്കാട്ടി. 'ഇന്ത്യൻ കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിൽ നടക്കുന്ന കാര്യങ്ങളിൽ പാകിസ്താൻ അമിതമായ താൽപര്യം കാണിക്കുകയാണ്. അതിനുപകരം റാവലക്കോട്ട് ഉൾപ്പെടെ പാകിസ്താൻ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ജമ്മു കശ്മീരിന്റെ ഭാഗങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. പാകിസ്താനിൽ ന്യൂനപക്ഷങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണ്, അവരുടെ അവകാശങ്ങൾ നിരന്തരം ലംഘിക്കപ്പെടുകയും ചെയ്യുന്നു. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത ഒരു രാഷ്ട്രത്തിന് ഇന്ത്യയെ ഉപദേശിക്കാൻ യാതൊരു അർഹതയുമില്ലെന്നും അവർ പറഞ്ഞു.
ഭീകരരുടെ അവകാശങ്ങൾക്കായി വാദിക്കുന്നവർ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെടുന്ന നിരപരാധികളുടെ അടിസ്ഥാന മനുഷ്യാവകാശമായ 'ജീവിക്കാനുള്ള അവകാശത്തെ' പൂർണ്ണമായി അവഗണിക്കുകയാണെന്നും ഇന്ത്യ തുറന്നടിക്കുകയുണ്ടായി.
ഭീകരവിരുദ്ധ പ്രവർത്തനങ്ങളും മനുഷ്യാവകാശങ്ങളും സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടിലെ വസ്തുതാപരമായ പിഴവുകൾ ഇന്ത്യ നേരത്തെതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ആഗോള സംഘടനയ്ക്ക് തന്നെ ദോഷം വരുത്തിയേക്കാവുന്ന നുണകൾ അവതരിപ്പിച്ചതിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കെതിരെ പാകിസ്താൻ ഉയർത്തുന്ന വാദങ്ങളോട് 'സൗകര്യപ്രദമായ മറവി'യാണ് റിപ്പോർട്ടിലുള്ളതെന്നും ഭവികയ്‌ക്കൊപ്പം സംവാദത്തിൽ പങ്കെടുത്ത ഫസ്റ്റ് സെക്രട്ടറി രാഘൂ പുരിയും ചൂണ്ടിക്കാട്ടി.
Content Highlights: India exposed Pakistan at the UN for refusing to claim its soldiers' bodies during the 1999 Kargil War., Bhavika Mangalanandan stated Pakistan has no moral right to speak on religious freedom., Indian Army buried Pakistani soldiers with full military and Islamic honors., India criticized Pakistan's human rights record regarding minorities and unauthorized occupation of Jammu and Kashmir.
Published: 23 Oct 2026, 01:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented