ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ലഷ്‌കറെ തൊയ്ബയുടെ മുരിദ്കയിലെ ആസ്ഥാനമായ മര്‍കസ് തായ്ബ പുനര്‍നിര്‍മിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രളയദുരിതാശ്വാസത്തിനായുള്ള ധനസമാഹരണത്തിന്റെ മറവിലാണ് ലഷ്‌കർ ഇതിനുവേണ്ടിയുള്ള പണം കണ്ടെത്തുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. ഇതിന് പുറമെ ലഷ്‌കറിന്റെ ആസ്ഥാനം പുനര്‍നിര്‍മിക്കുന്നതിന് പാക് സര്‍ക്കാര്‍ നാലുകോടി രൂപ നല്‍കിയെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആസ്ഥാനം പുനര്‍നിര്‍മിക്കാന്‍ 15 കോടി പാക്‌സ്താന്‍ രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. പാക് സൈന്യവും ചാരസംഘടനയായ ഐഎസ്‌ഐയും ലഷ്‌കറിനെ ഇതിനായി സഹായിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്. 

To advertise here,

റിപ്പോര്‍ട്ടുകള്‍ പ്രകാരം ലഷ്‌കറിന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാരായ മൗലാന അബു സര്‍, യൂനുസ് ഷാ ബുഖാരി എന്നിവർക്കാണ് ആസ്ഥാന പുനര്‍നിര്‍മാണ പദ്ധതിയുടെ മേല്‍നോട്ടച്ചുമതല. 2026 ഫെബ്രുവരിയ്ക്കകം ആസ്ഥാനം പുനര്‍നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. 

പ്രകൃതിദുരന്തങ്ങളില്‍ പെട്ടവരെ സഹായിക്കുന്നതിനായി ലഭിക്കുന്ന സാമ്പത്തികസഹായങ്ങള്‍ വഴിതിരിച്ചുവിട്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നത് പാകിസ്താന് പതിവാണ്.  ഇതിനുമുമ്പ് 2005ലെ ഭൂകമ്പത്തെ തുടര്‍ന്ന് നാനാഭാഗങ്ങളില്‍ നിന്ന് ലഭിച്ച ധസഹായത്തില്‍ നിന്ന് പണം വകമാറ്റി ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ച പാരമ്പര്യമുള്ളവരാണ് ലഷ്‌കറെ തൊയ്ബ.

പഹല്‍ഗാമില്‍ ഏപ്രില്‍ 22 ന് ഭീകരവാദികള്‍ നിരപരാധികളെ കൂട്ടക്കൊല നടത്തിയതിന് പ്രതികാരമായി പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ മേയ് ഏഴിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിൽ തിരിച്ചടി നൽകിയിരുന്നു. പാകിസ്താനിലെ ഇന്ത്യാവിരുദ്ധ ഭീകരവാദ കേന്ദ്രങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ന്നടിഞ്ഞു. മേയ് ഏഴിലെ ആക്രമണത്തിലാണ് മുരിദ്‌കെയിലെ ലഷ്‌കറിന്റെ ആസ്ഥാനം തകര്‍ന്നത്. ആക്രമണത്തില്‍ ലഷ്‌കറിന്റെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ 12 പേരോളം കൊല്ലപ്പെട്ടിരുന്നു.

ആസ്ഥാനം പുനര്‍നിര്‍മിക്കുന്ന വിവരം ഇന്ത്യ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. ഈ കേന്ദ്രത്തില്‍ വെച്ചാണ് ഭീകരവാദികളുടെ റിക്രൂട്ട്മെന്റും അവർക്കുള്ള പരിശീലനവും നൽകുന്നത്.  തകര്‍ന്ന ആസ്ഥാനത്ത മന്ദിരത്തില്‍ വര്‍ഷം ആയിരം പേരെ പരിശീലിപ്പിക്കുമായിരുന്നുവെന്നാണ് വിവരം. ഇത്തവണ കുറച്ചുകൂടി വിപുലമായ കെട്ടിടമാണ് നിർമിക്കുന്നത്.