
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച ചോദ്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ആക്രമണത്തിന് പിന്നിൽ ആരാണെന്നും അതിന് ഉത്തരവാദികളായവരെക്കുറിച്ചുള്ള വിവരങ്ങൾ ഉടനടി വേണമെന്നുമാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഡിസ്കവറി ചാനലിന്റെ ‘ഡിക്ലാസിഫൈഡ്: ഓപ്പറേഷൻ സിന്ദൂർ’ എന്ന ഡോക്യുമെന്ററി പരമ്പരയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അജിത് ഡോവൽ വിവരങ്ങൾ പങ്കുവെച്ചത്.
ആക്രമണം നടന്ന സമയത്ത് സൗദി അറേബ്യയിലായിരുന്ന പ്രധാനമന്ത്രി തന്റെ സന്ദർശനം വെട്ടിച്ചുരുക്കി ഉടൻ തന്നെ ഇന്ത്യയിൽ തിരിച്ചെത്തിയിരുന്നു. വിദേശകാര്യ സെക്രട്ടറി അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നുവെന്നും വിമാനത്താവളത്തിൽ വെച്ചുതന്നെ അന്ന് ഉന്നതതല യോഗം ചേർന്നതായും ഡോവൽ പറഞ്ഞു. ആ യോഗത്തിൽ എല്ലാ വസ്തുതകളും ചോദിച്ചറിഞ്ഞ ശേഷം, ‘ആരാണ് ഇത് ചെയ്തത്? ആരാണ് ഇതിന് ഉത്തരവാദികൾ? കുറ്റവാളികൾ ആരാണെന്ന് നമുക്ക് കൃത്യമായി അറിയണം. അത് എന്നെ ഉടനെ അറിയിക്കണം’ എന്ന് പ്രധാനമന്ത്രി നിർദേശിച്ചതായി അദ്ദേഹം വിവരിച്ചു. ഇന്ത്യയുടെ ഉദാരതയെയോ സഹിഷ്ണുതയെയോ ആരും ദൗർബല്യമായി കാണരുത് എന്ന സന്ദേശമാണ് ഇതിലൂടെ ലോകത്തിന് നൽകുന്നതെന്ന് അജിത് ഡോവൽ പറഞ്ഞു.
പഹൽഗാം ആക്രമണത്തിന് മറുപടിയായി പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾ തകർക്കാൻ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നീക്കത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഏപ്രിൽ 22-ലെ പഹൽഗാം ആക്രമണത്തിന് മറുപടിയായി മെയ് ഏഴിനാണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. 88 മണിക്കൂർ നീണ്ടുനിന്ന ഈ ദൗത്യം അവസാന ഭീകരനെയും ഇല്ലാതാക്കുന്നത് വരെ തുടരുമെന്ന ഉറച്ച നിലപാടിലായിരുന്നു പ്രധാനമന്ത്രിയെന്നും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ അവസാന തുള്ളി രക്തം വരെ പോരാടാൻ ഇന്ത്യ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: NSA Ajit Doval shared PM Modi's immediate reaction following the Pahalgam terror attack., PM Modi cut short his Saudi Arabia visit and demanded immediate accountability for the attack., Details about the 88-hour military operation named 'Operation Sindoor' launched on May 7 in response to the April 22 attack.
Published: 15 Aug 2026, 03:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented