ന്യൂഡൽഹി: 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടിക്കിടെ പാകിസ്താനിലെ തന്ത്രപ്രധാനമായ സർഗോധയ്ക്ക് സമീപമുള്ള കിരാന കുന്നുകളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയിരിക്കാമെന്ന നിർണായക വെളിപ്പെടുത്തലുമായി മുൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ. സർഗോധയിലുള്ള പാകിസ്താൻ റഡാറുകളെ കണ്ടെത്തുന്നതിനായി ഇന്ത്യ അയച്ച 'ലോയിറ്ററിങ് മ്യൂണിഷനുകൾ ലക്ഷ്യം കണ്ടെത്താത്തതിനെ തുടർന്ന് ഈ കുന്നുകളിൽ പതിച്ചിട്ടുണ്ടാകാം എന്ന് അദ്ദേഹം വ്യക്തമാക്കി.
വ്യോമാക്രമണത്തിന് തൊട്ടുമുമ്പ് പാകിസ്താൻ ചർച്ചകൾക്കായി ഇന്ത്യയെ സമീപിച്ചിരുന്നുവെങ്കിലും സർഗോധയിൽ വ്യോമാക്രമണം തുടരാൻ താൻ അനുമതി നൽകുകയായിരുന്നുവെന്ന് വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം വെളിപ്പെടുത്തി. പാകിസ്താൻ സമാധാന ചർച്ചകൾക്കായി മുൻകൈയെടുത്ത് സമീപിച്ച അന്നേദിവസം രാവിലെ 10 മണിക്ക് ശേഷവും ഇന്ത്യൻ വ്യോമസേനാ മേധാവിയോട് ആക്രമണവുമായി മുന്നോട്ട് പോകാൻ താൻ നിർദ്ദേശിക്കുകയായിരുന്നു. സർഗോധയ്ക്ക് പുറമേ സ്കർദുവിലും പിന്നീട് കാലാവസ്ഥാ വ്യതിയാനം മൂലം ഭോലാരിയിലും ആക്രമണം നടത്താൻ ലക്ഷ്യങ്ങൾ മാറ്റിയതായും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിന്റെ മൂന്നാം ഘട്ടത്തിൽ ഇന്ത്യൻ വ്യോമസേന കനത്ത വ്യോമാക്രമണങ്ങളാണ് പാകിസ്താനെതിരെ നടത്തിയതെന്ന് ജനറൽ അനിൽ ചൗഹാൻ വെളിപ്പെടുത്തി. പുലർച്ചെ 2:30 ഓടെയാണ് ആദ്യ ഘട്ട ആക്രമണം ആരംഭിച്ചതെന്നും, തുടർന്ന് 4:30-നും 10:30-നും അടുത്ത തരംഗങ്ങൾ ഉണ്ടായതായും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് ഏകദേശം 12:45 ഓടെയാണ് ഇന്ത്യ അവസാന ആക്രമണം പൂർത്തിയാക്കിയത്. ഈ ശക്തമായ തിരിച്ചടിക്ക് തൊട്ടുപിന്നാലെ, അടുത്ത 48 മണിക്കൂറിനുള്ളിൽ ഇന്ത്യയെ 'പാഠം പഠിപ്പിക്കും' എന്ന് പാകിസ്താൻ വെല്ലുവിളിച്ചിരുന്നെങ്കിലും, വെറും എട്ടര മണിക്കൂറിനുള്ളിൽ അവർക്ക് കളം വിടേണ്ടി വന്നെന്നും ചൗഹാൻ പറഞ്ഞു.
വ്യോമാക്രമണങ്ങളുടെ ഫലം വിലയിരുത്താൻ പാകിസ്ഥാൻ യു.എസ്, ചൈനീസ് വാണിജ്യ ഉപഗ്രഹ ചിത്രങ്ങൾ വാങ്ങാൻ മെയ് 12 വരെ കഠിനമായി ശ്രമിച്ചിരുന്നുവെന്നും ജനറൽ അനിൽ ചൗഹാൻ വെളിപ്പെടുത്തി. സ്വന്തം വ്യോമാക്രമണങ്ങൾ പരാജയപ്പെട്ടതോടെ അതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാനും തെളിവുകൾ ശേഖരിക്കാനുമാണ് അവർ ഉപഗ്രഹ ചിത്രങ്ങൾക്കായി പരക്കം പാഞ്ഞത്. പണം നൽകി ആർക്കും വാങ്ങാൻ കഴിയുന്ന ചൈനീസ് വാണിജ്യ ഉപഗ്രഹ ചിത്രങ്ങൾക്കായുള്ള പാകിസ്താന്റെ ഈ ശ്രമങ്ങൾ അവരുടെ യുദ്ധമുഖത്തെ വലിയ പരാജയത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Former CDS Gen Anil Chauhan acknowledges India may have struck Pakistan's Kirana Hills during Operation Sindoor.
Published: 25 Aug 2026, 11:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented