ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കാറ്റ്‌സ് (CATS- കോംബാറ്റ് എയര്‍ ടീമിങ് സിസ്റ്റം) വോറിയര്‍ പദ്ധതി പൂര്‍ണതയിലേക്ക് അടുക്കുന്നു. ഇതിന്റെ ഭാഗമായി വികസിപ്പിക്കുന്ന ആളില്ലാ യുദ്ധവിമാനത്തിന്റെ (അണ്‍മാന്‍ഡ്  കോംബാറ്റ് ഏരിയല്‍ വെഹിക്കിള്‍ ) ആദ്യത്തെ പരീക്ഷണ പറക്കല്‍ 2026-ല്‍ നടക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്‌.  ഇതിനായുള്ള പ്രോട്ടോ ടൈപ്പ് വികസനം അന്തിമഘട്ടത്തിലാണ്‌.

To advertise here,

യുദ്ധവിമാനങ്ങള്‍ക്കൊപ്പമോ അല്ലാതെയോ യുദ്ധമുഖത്ത് ആക്രമണം നടത്തുക എന്നത് ഉദ്ദേശിച്ചാണ് 'കാറ്റ്‌സ് വോറിയര്‍' വികസിപ്പിക്കുന്നത്. യുദ്ധവിമാനത്തിലെ പൈലറ്റിന് നിയന്ത്രിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഈ ആളില്ലാ യുദ്ധവിമാനം അതിന്റെ മദര്‍ ഷിപ്പുമായി ഡാറ്റാ ലിങ്ക് വഴി ബന്ധിപ്പിക്കപ്പെട്ടിരിക്കും.  പരീക്ഷണത്തിനായി  ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റിന്റെ (എച്ച്.എ.എല്‍) പരിശീലന വിമാനമായ കിരണിനെയാകും കാറ്റ്‌സ് വോറിയറിന്റെ മദര്‍ എയര്‍ക്രാഫ്റ്റായി ഉപയോഗിക്കുക. ഇതിനായി കിരണ്‍ വിമാനത്തിന്റെ ഏവിയോണിക്‌സിലടക്കം മാറ്റം വരുത്തിയിട്ടുണ്ട്.

കാറ്റ്‌സ് വാരിയറിന്റെ ഗ്രൗണ്ട് പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. നിലവില്‍ കരുത്ത് കുറഞ്ഞ എന്‍ജിനാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. പറക്കാന്‍ ഇത് ധാരാളമാണെങ്കിലും ആയുധങ്ങളും മറ്റുമായി പറന്നുയരാനും കൂടുതല്‍ നേരം പറക്കാനുമൊക്കെ ശക്തിയേറിയ എന്‍ജിന്‍ ആവശ്യമാണ്. ഇതിനായി വിദേശ കമ്പനികളുമായി ചേര്‍ന്ന് വലിപ്പം കുറഞ്ഞ ജെറ്റ് എന്‍ജിന്‍ വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയുടെ കാറ്റ്‌സ് വോറിയര്‍ പദ്ധതിയില്‍ സഹകരിക്കാന്‍ ബ്രിട്ടീഷ് കമ്പനിയായ റോള്‍സ് റോയ്‌സ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

വരുംമാസങ്ങളില്‍ കാറ്റ്‌സ് വാരിയര്‍ ആളില്ലാ യുദ്ധവിമാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നിരവധി പരീക്ഷണങ്ങള്‍ വരും മാസങ്ങളില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇവ പൂര്‍ത്തിയായതിന് ശേഷമെ പറക്കല്‍ പരീക്ഷണം ഉണ്ടാകു. വ്യോമസേനയെ സംബന്ധിച്ച് നിര്‍ണായകമാണ് കാറ്റ്‌സ് വോറിയര്‍ പദ്ധതി. 

ഭാവി യുദ്ധങ്ങളില്‍ ആളില്ലാ യുദ്ധവിമാനങ്ങളും ചെറു ഡ്രോണുകളുമൊക്കെ വലിയ പങ്കുവഹിക്കുമെന്നതിനാല്‍ ഈ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. ഇന്ത്യയുടെ അഞ്ചാം തലമുറ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ്  (എഎംസിഎ) സൈന്യത്തന്റെ ഭാഗമാകുമ്പോള്‍ അവയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനായാണ് കാറ്റ്‌സ് വോറിയര്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സമീപഭാവിയില്‍ തന്നെ നിലവിലുള്ള യുദ്ധവിമാനങ്ങളെയും കാറ്റ്‌സ് വോറിയറിന്റെ ഭാഗമാക്കാനാണ് സാധ്യത.