ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റാ സൺസിനെ (Tata Sons) സ്വകാര്യ കമ്പനിയായി (Private Company) നിലനിർത്താനുള്ള നീക്കത്തിന് റിസർവ് ബാങ്കിന്റെ ഉത്തരവ്. കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി (CIC) എന്ന പദവി സ്വമേധയാ ഉപേക്ഷിക്കാനുള്ള ടാറ്റാ സൺസിന്റെ അപേക്ഷ ആർ.ബി.ഐ. തള്ളി. ഇതോടെ 2.01 ലക്ഷം കോടി രൂപ ആസ്തിയുള്ള രാജ്യത്തെ പ്രമുഖ വ്യവസായ ഭീമൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ നിർബന്ധിതരാകും.
2026 സെപ്റ്റംബർ 11-ന് അയച്ച കത്തിലാണ്, 2024 മാർച്ച് 28-ന് ടാറ്റാ സൺസ് സമർപ്പിച്ച അപേക്ഷ നിരസിച്ചതായി ആർ.ബി.ഐ വ്യക്തമാക്കിയത്. 'എൻ.ബി.എഫ്.സി - അപ്പർ ലെയർ' (NBFC-UL) വിഭാഗത്തിലുള്ള സ്ഥാപനങ്ങൾക്കുള്ള എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പൂർണ്ണമായും പാലിക്കാൻ ടാറ്റാ സൺസിനോട് ആർ.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.
2026 ജൂണിൽ ആർ.ബി.ഐ വരുത്തിയ പരിഷ്‌കരിച്ച ചട്ടക്കൂട് അനുസരിച്ച് ഒരു ലക്ഷം കോടി രൂപയോ അതിൽ കൂടുതലോ ആസ്തിയുള്ള സ്ഥാപനങ്ങളെയാണ് 'അപ്പർ-ലെയർ എൻ.ബി.എഫ്.സി' ആയി തരംതിരിക്കുന്നത്. 2026 മാർച്ച് 31-ലെ കണക്കനുസരിച്ച് ടാറ്റാ സൺസിന് 2.01 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട്. ഇത് നിശ്ചിതപരിധിയുടെ ഇരട്ടിയിലധികമാണ്.
ലിസ്റ്റിങ് നടപടികളിൽനിന്ന് ഒഴിവാകുന്നതിനായി ടാറ്റാ സൺസ് തങ്ങളുടെ കടബാധ്യതകൾ മുഴുവൻ തിരിച്ചടച്ചിരുന്നു. എന്നാൽ, പൊതുപണം (public funds) കൈവശമില്ലാത്തതും ഉപഭോക്തൃ സമ്പർക്കമില്ലാത്തതും (no customer interface) 1,000 കോടി രൂപയിൽ താഴെ മാത്രം ആസ്തിയുള്ളതുമായ കമ്പനികൾക്ക് മാത്രമേ ഡിസംബർ 31-നകം ഡി-രജിസ്‌ട്രേഷന് യോഗ്യത നേടാനാകൂ എന്ന് ആർ.ബി.ഐ മാനദണ്ഡങ്ങൾ വ്യക്തമാക്കുന്നു. 2022 മുതൽ ഈ പട്ടികയിലുള്ള ടാറ്റാ സൺസ്, ഒരിക്കൽ അപ്പർ-ലെയറിൽ ഉൾപ്പെട്ടാൽ അടുത്ത അഞ്ച് വർഷത്തേക്ക് കർശന നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
സർ രത്തൻ ടാറ്റാ ട്രസ്റ്റ്, സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റ് എന്നിവ വഴി ടാറ്റാ സൺസിന്റെ 66% ഓഹരികൾ നിയന്ത്രിക്കുന്ന ടാറ്റാ ട്രസ്റ്റ്‌സ് (Tata Trusts), കമ്പനിയെ സ്വകാര്യ ഉടമസ്ഥതയിൽ തന്നെ നിലനിർത്താൻ 2025 ജൂലൈയിൽ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ, 18.37% ഓഹരിയുള്ള ഷപ്പൂർജി പല്ലൊൻജി ഗ്രൂപ്പ് ലിസ്റ്റിങ്ങിനെയാണ് അനുകൂലിക്കുന്നത്. കണക്കാക്കപ്പെടുന്ന 60,000 കോടി രൂപയുടെ കടബാധ്യത തീർക്കുന്നതിനായി ടാറ്റാ സൺസിലെ ഓഹരികളുടെ ഒരു ഭാഗം വിറ്റഴിക്കാൻ ഇവർ ശ്രമിച്ചുവരികയാണ്. ടാറ്റാ സൺസിൽ 18.37% ഓഹരിയുള്ള ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമകളായ ഷപ്പൂർജി പല്ലൊൻജി ഗ്രൂപ്പിന് തങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം തിരിച്ചറിയാനുള്ള പ്രായോഗിക വഴിയാണിത്.
ആർബിഐ നിർദേശം നടപ്പായാൽ സ്റ്റീൽ, ഓട്ടോമൊബൈൽ, ഫിനാൻഷ്യൽ സർവീസസ്, സെമി കണ്ടക്ടർ തുടങ്ങി വിവിധ മേഖലകളിൽ പടർന്നുപന്തലിച്ചു കിടക്കുന്ന കമ്പനിയുടെ ലിസ്റ്റിങ് ഇന്ത്യൻ ഓഹരി വിപണിയിലെ ചരിത്രപരമായ ഒന്നായി മാറും. ആർ.ബി.ഐ. അപേക്ഷ നിരസിച്ചതോടെ വിപണിയിൽ പൊതുജനങ്ങൾക്ക് ഓഹരി വാങ്ങാനുള്ള സാധ്യത തെളിഞ്ഞു.
Content Highlights: Tata Sons' bid to retain private company status rejected by RBI, forcing potential stock market listing due to significant asset holdings.
Published: 12 Sept 2026, 06:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented