ചെന്നൈ: തിരഞ്ഞെടുപ്പു കമ്മിഷന്റെ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരേ തമിഴ്‌നാട്ടിൽ സംയുക്ത പ്രക്ഷോഭപരിപാടികൾ നടത്താൻ ഇന്ത്യ സഖ്യകക്ഷികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ ഭരണകക്ഷിയായ ടി.വി.കെ. ശനിയാഴ്ച ആദ്യമായി ഇന്ത്യ സഖ്യ യോഗത്തിൽ പങ്കെടുത്തു.

To advertise here,

എസ്.ഐ.ആറിനും തിരഞ്ഞെടുപ്പു കമ്മിഷന്റെ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരേ കൂട്ടായ പ്രതിഷേധപരിപാടികൾ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് ചെന്നൈയിൽ കോൺഗ്രസ് സംസ്ഥാന ആസ്ഥാനത്താണ് ശനിയാഴ്ച രാവിലെ ഇന്ത്യ സഖ്യ യോഗം ചേർന്നത്.

സി.പി.എം., സി.പി.ഐ., മുസ്ലിം ലീഗ്, എം.ഡി.എം.കെ., വി.സി.കെ. എന്നീ കക്ഷികൾക്കൊപ്പമാണ് ടി.വി.കെ.യുടെ രണ്ടു പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തത്.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുശേഷമുണ്ടായ മുന്നണി മാറ്റങ്ങളെത്തുടർന്ന് ഡി.എം.കെ. ഇന്ത്യ സഖ്യം വിട്ടിരുന്നു. പകരം ടി.വി.കെ.യെ സഖ്യത്തിലെത്തിക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നെങ്കിലും ഡൽഹിയിൽ നടന്ന ഇന്ത്യസഖ്യ യോഗങ്ങളിലൊന്നും അവർ പങ്കെടുത്തിരുന്നില്ല.

ചെന്നൈയിൽ നടക്കുന്ന യോഗത്തിൽ ടി.വി.കെ. പങ്കെടുക്കുമെന്ന വിവരം ശനിയാഴ്ച രാവിലെ മാത്രമാണ് സ്ഥിരീകിരിച്ചത്. യോഗകാര്യം വിവരിച്ചുകൊണ്ട് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ മാണിക്കം ടാഗോർ വെള്ളിയാഴ്ച വൈകീട്ട് നടത്തിയ പ്രസ്താവനയിൽ ടി.വി.കെ.യുടെ പേരില്ലായിരുന്നു.

പാർട്ടി പ്രചാരണ വിഭാഗം ജനറൽ സെക്രട്ടറി ആധവ് അർജുനയും ധനമന്ത്രി മരിയ വിൽസണുമാണ് ടി.വി.കെ.യെ പ്രതിനിധാനം ചെയ്ത് യോഗത്തിനെത്തിയത് ടി.വി.കെ. നേതൃത്വത്തിൽ തമിഴ്‌നാട്ടിലിൽ നിലവിൽവന്ന സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസി(എസ്.എസ്.ജെ.വി.എ.)ന്റെ വിശാല രൂപമായാണ് ഇന്ത്യസഖ്യത്തെ കാണുന്നതെന്നും അതുകൊണ്ടുതന്നെ പാർട്ടി യോഗത്തിൽ പങ്കെടുത്തതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും പാർട്ടി വക്താവ് ഫെലിക് ജെറാൾഡ് പറഞ്ഞു.

ബി.ജെ.പി.ക്കെതിരായ പോരാട്ടത്തിൽ ആരുവരുന്നതിനെയും സ്വാഗതം ചെയ്യുമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ പറഞ്ഞു. ബി.ജെ.പി.ക്കെതിരായ സമരത്തിൽ ഡി.എം.കെ.യും ടി.വി.കെ.യും ഒരുമിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യസംരക്ഷണം എന്ന ആശയമുയർത്തി ഈ മാസം 13, 14 തീയതികളിൽ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണ പരിപാടികൾ നടത്താനും 15-ന് ചെന്നൈയിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. മാണിക്കം ടാഗോർ (കോൺഗ്രസ്), വൈകോ (എം.ഡി.എം.കെ.), പി. ഷൺമുഖം (സി.പി.എം.), ജി.ആർ. രവീന്ദ്രനാഥ് (സി.പി.ഐ.), കെ.എ.എം. മുഹമ്മദ് അബൂബക്കർ (മുസ്‌ലിം ലീഗ്), തൊൽ തിരുമാവളവൻ (വി.സി.കെ.) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.