ബെംഗളൂരു: ബെംഗളൂരുവിൽ 18 വയയുകാരനെ അമ്മയുടെ ഒപ്പം താമസിച്ചിരുന്ന പങ്കാളി ചുറ്റിക കൊണ്ടു അടിച്ചും കത്തികൊണ്ടു കുത്തിയും കൊലപ്പെടുത്തി. സേഹം ദാസ് എന്ന യുവാവാണ് ഇവർ താമസിച്ചിരുന്ന വാടക അപ്പാർട്ട്മെന്റിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. സേഹമും മാതാവ് സീമാ ദാസും പങ്കാളി സുദീപും ഒരുമിച്ചാണ് താമസിച്ചിരുന്നത്. സേഹമിനെ കൊലപ്പെടുത്തിയതിന് പിന്നാലെ സുദീപ് സീമയെ നാല് ദിവസത്തോളം ഈ അപ്പാർട്ടുമെന്റിലെ ഒരു മുറിക്കുള്ളിൽ പൂട്ടിയിടുകയും ചെയ്തു.

To advertise here,

പ്രതി അവരെയും കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് വിവരം. നവംബർ 16-ന് രാത്രി, ബെംഗളൂരുവിലെ പദ്മനാഭനഗറിലെ രാഘവേന്ദ്ര ലേഔട്ടിലുള്ള SRRK തുളസി അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. അപ്പാർട്ട്‌മെന്റിൽ നിരന്തരം വഴക്കുകൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുടമസ്ഥനും അയൽവാസികളും ചേർന്ന് പോലീസിന്റെ സഹായത്തോടെ വാതിൽ തുറന്ന് നടത്തിയ പരിശോധനയിലാണ് ഈ ഭീകരമായ സംഭവം പുറത്തുവന്നത്.

തുടർന്ന് പോലീസ് ബനാശങ്കരി സ്റ്റേഷനിൽ പ്രതിക്കെതിരെ കൊലപാതകത്തിനും വധശ്രമത്തിനും കേസുകൾ രജിസ്റ്റർ ചെയ്തു. കെട്ടിട ഉടമയുടെ മൊഴി പ്രകാരം, സീമയും സുദീപും സേഹമും 2024 ഒക്ടോബർ മുതൽ ഈ അപ്പാർട്ട്മെന്റിൽ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ആറുമാസമായി അപ്പാർട്ടുമെന്റിൽ ഇവർ തമ്മിൽ അടിക്കടി വഴക്കുകൾ നടക്കാറുണ്ടെന്ന് അയൽവാസികളിൽ നിന്ന് പരാതി ലഭിച്ചിരുന്നതായി ഉടമ നൽകിയ പരാതിയിൽ പറയുന്നു.

നവംബർ 16-ന് രാത്രി, ഉടമയ്ക്ക് വീണ്ടും അപ്പാർട്ടുമെന്റിൽ നിന്നും പരാതിയുമായി ഫോൺ കോൾ ലഭിച്ചു. സീമയുടെയും സുദീപിന്റെയും വീട്ടിൽ കുടുംബവഴക്ക് നടക്കുന്നുണ്ടെന്നും പ്രശ്‌നം ഗുരുതരമാണെന്നും പറഞ്ഞാണ് അടുത്ത അപ്പാർട്ടുമെന്റിലുള്ളവർ ഇയാളെ വിളിച്ചത്. എന്നാൽ ഒരു മണിക്കൂറിനു ശേഷം അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ സെക്യൂരിറ്റി ഗാർഡിനോട് സംസാരിച്ചപ്പോൾ, വീട് ശാന്തമാണെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് അയാൾ അറിയിച്ചത്.

നാല് ദിവസങ്ങൾക്ക് ശേഷം, നവംബർ 19-ന് ഉടമ അപ്പാർട്ട്മെന്റ് സന്ദർശിക്കാനെത്തി. എന്നാൽ, കോളിങ് ബെല്ലടിക്കുകയും വാതിലിൽ മുട്ടുകയും ചെയ്തിട്ടും യാതൊരു പ്രതികരണവും ഉണ്ടായില്ല. തുടർന്ന് അദ്ദേഹം അയൽവാസികളിൽ നിന്ന് സീമയുടെ ഒരു സുഹൃത്തിന്റെ ഫോൺ നമ്പർ സംഘടിപ്പിച്ചു. അദ്ദേഹം ആ സുഹൃത്തിനെ വിളിക്കുകയും രണ്ടുപേരും ചേർന്ന് പോലീസിനെ സമീപിക്കാൻ തീരുമാനിക്കുകയും ചെയ്തു.

പോലീസെത്തി രാത്രി 11 മണിക്ക് അപ്പാർട്ട്മെന്റിന്റെ വാതിൽ തുറന്നപ്പോൾ അവരെ കാത്തിരുന്നത് ഭയാനകമായ കാഴ്ചയായിരുന്നു. വീടിന്റെ തറയിലും ചുമരുകളിലും മുഴുവൻ രക്തക്കറകൾ ആയിരുന്നു. പൂട്ടിയിട്ട ഒരു മുറിക്കുള്ളിൽ നിന്ന് സീമയുടെ ഉച്ചത്തിലുള്ള നിലവിളിയും കേൾക്കുന്നുണ്ടായിരുന്നു. മുറി തുറന്ന് ഇവരെ രക്ഷപ്പെടുത്തിയതോടെയാണ് സീമ തന്റെ പങ്കാളിയായ സുദീപ് നടത്തിയ ക്രൂരകൃത്യത്തെ കുറിച്ച് പോലീസിനോട് പറഞ്ഞത്.

നവംബർ 16-ന് രാത്രി ഒമ്പത് മണിക്കും 11 മണിക്കും ഇടയിലാണ് സുദീപ് തന്നെയും മകൻ സോഹം ദാസിനെയും ആക്രമിച്ചതെന്നും, മകനെ കൊലപ്പെടുത്തുകയും തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതെന്നും അവർ ആരോപിച്ചു. സുദീപ് തങ്ങളെ രണ്ടുപേരെയും കത്തിയും ചുറ്റികയും ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും സീമ പറഞ്ഞു. ഭയന്ന സീമ ഓടി റൂമിൽ കയറിയതോടെ സുദീപ് പുറത്തുനിന്നും മുറി പൂട്ടുകയായിരുന്നു.

പിന്നീടാണ് ഇയാൾ സോഹമിനെ ക്രൂരമായി തല്ലിയും കുത്തിയും കൊലപ്പെടുത്തിയത് എന്നാണ് പോലീസിന്റെ നിഗമനം. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് മകന്റെ മൃതദേഹം ബാത്ത്റൂമിനുള്ളിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത (BNS), 2023-ലെ സെക്ഷൻ 103 (1) (കൊലപാതകം), സെക്ഷൻ 109 (1) (കൊലപാതക ശ്രമം) എന്നീ വകുപ്പുകൾ പ്രകാരം ബനശങ്കരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.