പുനലൂർ: ഇനി ഏതാനും മണിക്കൂറുകൾ കൂടി മാത്രം. വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച ആദ്യ തീവണ്ടി സംസ്ഥാന അതിർത്തിയിലെ തുരങ്കങ്ങളിലെ ഇരുട്ടുതാണ്ടി ആര്യങ്കാവ് ചുരം താണ്ടി വരും. ചില്ലുമേൽക്കൂരയും കണ്ണാടി ജാലകങ്ങളും ഘടിപ്പിച്ച കോച്ചിലിരുന്ന് യാത്രക്കാർക്ക് സഹ്യപർവതനിരകളുടെ അപൂർവ സൗന്ദര്യവും അരുവികളും പുഴയും കുന്നുകളുടെ പച്ചപ്പും വനത്തിന്റെ നിഗൂഢമൗനവും ആസ്വദിക്കാം.
കേരളത്തിൽ ആദ്യമായി വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച തീവണ്ടി കൊല്ലം-ചെങ്കോട്ടപ്പാതയിലൂടെ കന്നിയോട്ടം നടത്തുകയാണ് വ്യാഴാഴ്ച. രാവിലെ 11.35-ന് മധുരയിൽനിന്ന് പുറപ്പെട്ട് പുലർച്ചെ രണ്ടുമണിയോടെ ഗുരുവായൂരിലെത്തുന്ന എക്‌സ്‌പ്രസ് തീവണ്ടിയാണ് ആദ്യ വിസ്റ്റാഡോം കോച്ചുമായി സർവീസ് നടത്തുന്നത്.
തിരുവിതാംകൂറിലെ ആദ്യ തീവണ്ടിപ്പാതയായ കൊല്ലം-ചെങ്കോട്ട പാതയിലെ തീവണ്ടികളിൽ വിസ്റ്റാഡോം കോച്ച് ഘടിപ്പിക്കണമെന്ന കാലങ്ങളായുള്ള ആവശ്യത്തിനാണ് ദക്ഷിണ റെയിൽവേ വ്യാഴാഴ്ച പച്ചക്കൊടി കാട്ടുന്നത്.
മഴക്കാലമായതിനാൽ ഒറ്റക്കൽ, തെന്മല, ആര്യങ്കാവ് മേഖലകളിലേക്കെത്തുമ്പോൾ മലഞ്ചെരിവുകളിലൂടെ ഒഴുകിയെത്തുന്ന അരുവികളും കല്ലട അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന കഴുതുരുട്ടിയാറിന്റെ സൗന്ദര്യവും നുകരാനാകും. ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമിച്ച പാതയിൽ സുർക്കിയും ചുണ്ണാമ്പുകല്ലും ചേർത്തുള്ള ഒട്ടേറെ കണ്ണറപ്പാലങ്ങളും തുരങ്കങ്ങളും പ്രത്യേകതയാണ്. ഈ കോച്ചിലിരുന്ന് ഈ കണ്ണറപ്പാലങ്ങൾ ആസ്വദിക്കാനാകും. പാതയിൽ നിലവിൽ മൂന്നാഴ്ചത്തെ ടിക്കറ്റ് ബുക്കിങ്ങായിക്കഴിഞ്ഞു.
പ്രത്യേകതകൾ
വലിയ ചില്ലുജാലകങ്ങളോടു കൂടിയ വിസ്റ്റാഡോം കോച്ചിൽ 44 എക്‌സിക്യുട്ടീവ് ചെയർകാർ സീറ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. യാത്രക്കാർക്ക് സൗജന്യമായി വൈഫൈ സൗകര്യം ലഭ്യമാകും. ആഴ്ചയിൽ നാലുദിവസമായിരിക്കും സർവീസ്. മധുരയിൽനിന്ന് ഗുരുവായൂരിലേക്ക് വ്യാഴംമുതൽ ഞായർവരെയും ഗുരുവായൂരിൽനിന്ന് മധുരയിലേക്ക് വെള്ളിയാഴ്ചമുതൽ തിങ്കളാഴ്ചവരെയുമാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. മധുരയിൽനിന്ന് ഗുരുവായൂർവരെ 1,875 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിൽ പശ്ചിമഘട്ടം ഉൾപ്പെടുന്ന ചെങ്കോട്ടമുതൽ പുനലൂർവരെ 515 രൂപയും. നവംബർ അഞ്ചുവരെയുള്ള ബുക്കിങ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. റെയിൽവേ റിസർവേഷൻ കൗണ്ടറുകൾ വഴിയോ www.irctc.co.in എന്ന വെബ്‌സൈറ്റ് വഴിയോ ടിക്കറ്റുകൾ ബുക്കുചെയ്യാനാകും.
ട്രെയിൻസമയം
(16327) രാവിലെ 11.35-ന് മധുര ജങ്ഷനിൽനിന്ന് പുറപ്പെടും. കേരള അതിർത്തിയായ ചെങ്കോട്ടയിൽ 2.30-ന് എത്തിച്ചേരും. 2.45-ന് ചെങ്കോട്ടയിൽനിന്ന് യാത്ര തുടങ്ങി 3.09-ന് ഭഗവതിപുരം, 3.29-ന് ആര്യങ്കാവ്, 3.41-ന് ന്യു ആര്യങ്കാവ്, 3.49-ന് ഇടപ്പാളയം, 3.57-ന് കഴുതുരുട്ടി, 4.09-ന് തെന്മല, 4.20-ന് ഒറ്റയ്ക്കൽ, 4.35-ന് ഇടമൺ, 5.55-ന് പുനലൂർ, 6.10-ന് ആവണീശ്വരം, 6.17-ന് കുറി, 6.27-ന് കൊട്ടാരക്കര, 6.34-ന് എഴുകോൺ, 6.40-ന് കുണ്ടറ ഈസ്റ്റ്, 6.49-ന് കുണ്ടറ, 6.57-ന് ചന്ദനത്തോപ്പ്, 7.05-ന് കിളികൊല്ലൂർ, 7.35-ന് കൊല്ലം എന്നിവിടങ്ങളിൽ എത്തിച്ചേരും. ചെങ്കോട്ട, പുനലൂർ സ്റ്റേഷനുകളിൽ അഞ്ച് മിനിറ്റും കൊല്ലത്ത് 10 മിനിറ്റും മറ്റു സ്റ്റേഷനുകളിൽ ഒരുമിനിറ്റും ട്രെയിൻ നിർത്തും.
വാക്കുപാലിച്ചതിൽ സന്തോഷം-എൻ.കെ. പ്രേമചന്ദ്രൻ
തീവണ്ടി സർവീസ് നടത്തുന്നതിന് നിരന്തരമായി നടത്തിയ ശ്രമം ഫലം കണ്ടതിൽ ചാരിതാർഥ്യമുണ്ടെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. അറിയിച്ചു. സഞ്ചാരികൾക്ക് പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ കഴിയുന്നവിധം പരമാവധി സ്റ്റേഷനുകളിലും നിർത്തിയാണ് തീവണ്ടി സർവീസ് നടത്തുന്നത്. സഞ്ചാരികളെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനും ഇത് സഹായകരമാകുമെന്നും എം.പി. പറഞ്ഞു.
സ്വീകരണം
പതിമൂന്നുകണ്ണറ പ്രൊട്ടക്‌ഷൻ ആൻഡ് പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇടമണിൽവെച്ച് വ്യാഴാഴ്ച വിസ്റ്റാഡോം ട്രെയിന് സ്വീകരണംനൽകും. ഇടമൺ റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം അഞ്ചിനാണ് സ്വീകരണം നൽകുന്നത്. ഇതിനായി പരിശ്രമം നടത്തിയ എൻ.കെ. പ്രേമചന്ദ്രന് അഭിവാദ്യമർപ്പിക്കും. രക്ഷാധികാരി എൽ. ഗോപിനാഥപിള്ള, ചെയർമാൻ എ.ടി. ഫിലിപ്പ്, സെക്രട്ടറി സ്റ്റാർസി രത്നാകരൻ, ട്രഷർ കെ. കോശി എന്നിവർ നേതൃത്വം നൽകും.
Content Highlights: Kerala's first Vistadome coach introduced on the historic Kollam-Sengottai route., Offers panoramic views of Western Ghats, tunnels, and waterfalls., Operates as part of the Madurai-Guruvayur Express with 44 executive chair car seats., Ticket booking is available via IRCTC and railway counters.
Published: 22 Oct 2026, 09:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented