ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുളിന് മേൽ വെളിച്ചത്തിന്റെയും തിന്മയ്ക്ക് മേൽ നന്മയുടെയും നിരാശയ്ക്ക് മേൽ പ്രതീക്ഷയുടെയും വിജയമാണ് ദീപാവലിയെന്ന് തന്റെ 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.

To advertise here,

മുൻവർഷങ്ങളിലെ പതിവ് തെറ്റിക്കാതെ ഇത്തവണയും താൻ ദീപാവലി ആഘോഷിക്കുന്നത് രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികർക്കൊപ്പമായിരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. സന്തോഷവും ഐക്യവും പങ്കുവെക്കാനും കൂടുതൽ ഊർജ്ജത്തോടും നിശ്ചയദാർഢ്യത്തോടും കൂടെ സമൃദ്ധവും വികസിതവുമായ ഒരു ഭാരത നിർമ്മിതിക്കായി അണിചേരാനും അദ്ദേഹം ആഹ്വാനം ചെയ്തു.

അയോധ്യയിൽ സരയൂ നദിക്കരയിലെ 56 ഘാട്ടുകളിലായി 10-ാമത് ദീപോത്സവം ഗംഭീരമായി നടന്നു. മുൻ ഗിന്നസ് ലോക റെക്കോർഡുകൾ മറികടക്കുക എന്ന ലക്ഷ്യത്തോടെ 30 ലക്ഷം മൺദീപങ്ങൾ തെളിയിക്കാനുള്ള ക്രമീകരണങ്ങളാണ് വോളന്റിയർമാരുടെ നേതൃത്വത്തിൽ ഒരുക്കിയത്.

സാകേത് മഹാവിദ്യാലയത്തിൽ നിന്ന് ആരംഭിച്ച് രാം കഥ പാർക്കിൽ സമാപിച്ച ശോഭായാത്രയിൽ രാമചരിതമാനസത്തിലെ സന്ദർഭങ്ങളും സർക്കാറുകളുടെ ക്ഷേമപദ്ധതികളും പ്രമേയമാക്കിയ 21 നിശ്ചലദൃശ്യങ്ങൾ അണിനിരന്നു. കൂടാതെ, 2,100 ലേസറുകൾ ഉപയോഗിച്ചുള്ള 3D ലേസർ ഷോയും അയോധ്യയുടെ ചരിത്രം വിവരിക്കുന്ന ദൃശ്യവിരുന്നും ഒരുക്കിയിരുന്നു.