കോട്ടയം: വേണാട് എക്സ്പ്രസിലെ തിരക്ക് കുറയ്ക്കാൻ റെയിൽവേ കണ്ടെത്തിയ പോംവഴി ഒരു വിഭാഗം യാത്രക്കാർക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക. കൊല്ലം-കോട്ടയം മെമു എറണാകുളം വരെ നീട്ടാനുള്ള റെയിൽവേയുടെ പുതിയ തീരുമാനം വൈകീട്ട് കോട്ടയത്തുനിന്ന് കൊല്ലത്തേക്ക് പോകുന്ന സ്ഥിരം യാത്രക്കാർക്ക് ദുരിതമാകുമെന്നാണ് ആശങ്കയുയരുന്നത്.
നിലവിൽ കൊല്ലത്തുനിന്ന് ഉച്ചയ്ക്ക് 2.45-ന് പുറപ്പെട്ട്-കോട്ടയത്ത് എത്തുന്ന മെമു 5.40-നാണ് കോട്ടയത്തുനിന്ന് കൊല്ലത്തേക്ക് തിരികെ പോകുന്നത്. ഇതിനുപകരം ഉച്ചയ്ക്ക് 1.30-ന് കൊല്ലത്തുനിന്ന് ആരംഭിച്ച് 3.30-ന് കോട്ടയത്തും തുടർന്ന് 5.05-ന് എറണാകുളത്തും എത്തുന്ന രീതിയിൽ സമയക്രമം മാറ്റാനാണ് റെയിൽവേ അധികൃതർ ആലോചിക്കുന്നത്.
എറണാകുളത്തു നിന്ന് വൈകീട്ട് 5.25-ന് കൊല്ലത്തേക്ക് തിരികെ യാത്രതിരിക്കും. ഇതോടെ 5.15-ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന വേണാട് എക്സ്പ്രസിലെ തിരക്ക് കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. എറണാകുളത്തുനിന്ന് ഏറ്റുമാനൂർ, കോട്ടയം കൊല്ലം ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ഇത് ഗുണകരമാകുമെങ്കിലും കോട്ടയത്തുനിന്ന് പതിവായി വൈകീട്ട് 5.40-നുള്ള മെമുവിനെ ആശ്രയിച്ചിരുന്ന ഒട്ടേറെ യാത്രക്കാർക്ക് സമയമാറ്റം തിരിച്ചടിയാകും. പുതിയ സമയക്രമമനുസരിച്ച് എറണാകുളത്തുനിന്ന് പുറപ്പെടുന്ന മെമു, കോട്ടയത്ത് 6.42-നാണ് എത്തുക.
ഇപ്പോൾ 8.15-ന് കൊല്ലത്തെത്തുന്ന മെമു ഇനി 9.25-നേ എത്തൂ. ഒരു മണിക്കൂർ നേരമാണ് ട്രെയിൻ വൈകുന്നത്.
ഇത്രയും സമയം ട്രെയിനിനായി യാത്രക്കാർക്ക് കോട്ടയത്ത് കാത്തിരിക്കേണ്ടിവരും. വൈകീട്ട് ജോലി കഴിഞ്ഞ് ഇറങ്ങുന്ന മഹാത്മാഗാന്ധി സർവകലാശാലയിലെയും കോട്ടയം കളക്ടറേറ്റിലെയും ഒട്ടേറെ ജീവനക്കാരുടെ ആശ്രമായിരുന്നു 5.40-നുള്ള കൊല്ലം മെമു. ഈ ട്രെയിനിൽ കായംകുളത്ത് ഇറങ്ങി ആലപ്പുഴയിൽനിന്നുള്ള ഏറനാട് എക്സ്പ്രസിൽ തിരുവനന്തപുരത്തേക്ക് പോകുന്ന ഒട്ടേറെ യാത്രക്കാരുമുണ്ട്. എം.ജി. സർവകലാശാലാ ജീവനക്കാരായ യാത്രക്കാരിൽ ഭൂരിഭാഗവും സ്ത്രീകളാണ്.
പുതിയ സമയക്രമം നടപ്പാക്കിയാൽ 3.30-നുള്ള പരശുറാം കഴിഞ്ഞാൽ കോട്ടയത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് മൂന്നുമണിക്കൂർ സമയത്തേക്ക് ട്രെയിൻ ഇല്ലാത്ത അവസ്ഥയുണ്ടാകും. കോട്ടയം കൊല്ലം റൂട്ടിൽ വേണാടിലെ തിരക്ക് ഇനിയും കൂടുമെന്നും യാത്രക്കാർ പറയുന്നു.
നിലവിലെ കൊല്ലം-കോട്ടയം-കൊല്ലം മെമു എറണാകുളംവരെ നീട്ടാനുള്ള ഇപ്പോഴത്തെ ഉത്തരവ് മരവിപ്പിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
അതല്ലെങ്കിൽ മെമു എറണാകുളത്തുനിന്നും വേണാടിന് മുമ്പായി പുറപ്പെട്ട് വൈകീട്ട് 5.40-ന് കോട്ടയത്തെത്തി കൊല്ലത്തേക്ക് യാത്ര തുടരുന്ന വിധത്തിൽ സമയക്രമം നിശ്ചയിക്കണം.
കൊല്ലം-കോട്ടയം-കൊല്ലം മെമു എറണാകുളത്തേക്ക് നീട്ടുന്ന തീരുമാനം പിൻവലിച്ച് എറണാകുളത്തുനിന്നും തെക്കോട്ട് പുതിയൊരു മെമു/പാസഞ്ചർ തീവണ്ടി ആരംഭിക്കുകയെന്നതാണ് മറ്റൊരു സാധ്യത.
വൈകീട്ട് മൂന്നുമണിക്കൂർ നേരം കോട്ടയത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് ട്രെയിൻ ഇല്ലാത്ത അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും ഇതനുസരിച്ച് സമയക്രമം പുതുക്കണമെന്നുമാവശ്യപ്പെട്ട് റെയിൽവേ അധികൃതർക്ക് നിവേദനം നൽകുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.
വേണാടിൽ വാഗൺ ട്രാജഡി സൃഷ്ടിക്കരുത്
‘എം.ജി. സർവകലാശാലയിൽനിന്നുമാത്രം കൊല്ലം ഭാഗത്തേക്ക് ദിവസവും 500-550 യാത്രക്കാരുണ്ട്. 5.40-നുള്ള മെമുവിന്റെ സമയം മാറ്റുന്നത് സ്ഥിരം യാത്രക്കാർക്ക് ദുരിതമാകും. കോട്ടയം കൊല്ലം മെമുവിന്റെ സമയമാറ്റം വേണാട് എക്സ്പ്രസിലെ തിരക്ക് കൂട്ടാനേ ഉപകരിക്കൂ. െവെകീട്ട് അഞ്ചിനുശേഷം കൊല്ലം ഭാഗത്തേക്ക് പാസഞ്ചർ / മെമു ട്രെയിൻ പുനഃസ്ഥാപിക്കണം.-വി. ദിലീപ്, എം.ജി. യൂണിവേഴ്സിറ്റി സെക്ഷൻ ഓഫീസർ
മെമു സമയമാറ്റം പുനഃസ്ഥാപിക്കുക
‘കോട്ടയം-കൊല്ലം മെമു സർവീസ് എറണാകുളത്തേക്ക് നീട്ടിയ സമയമാറ്റം പുനഃസ്ഥാപിക്കണം. കൊല്ലം ഭാഗത്തേക്ക് പോകുന്ന സർക്കാർ ജീവനക്കാർക്കും സ്വകാര്യമേഖലയിലെ ജീവനക്കാർക്കും സൗകര്യപ്രദമായ സമയമായിരുന്നു വൈകീട്ട് 5.40 എന്നത്. വൈകീട്ട് 3.25-ന് ശേഷം കൊല്ലം ഭാഗത്തേക്ക് 6.45-ന് മാത്രമേ ട്രെയിനുള്ളൂ എന്നത് അടിയന്തരമായി പരിഹരിക്കണം-രഞ്ജു കെ. മാത്യു, സെറ്റോ ജില്ലാ ചെയർമാൻ
റെയിൽവേ പരിഹാരം കാണണം
മെമുവിന്റെ സമയമാറ്റം എറണാകുളത്തുനിന്ന് കോട്ടയംവരെയുള്ള യാത്രക്കാർക്ക് പ്രയോജനപ്രദമാണ്. എന്നാൽ കോട്ടയത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രക്കാർക്ക് ദുരിതമാകാതെ പരിഹാരം കാണാൻ റെയിൽവേ ശ്രമിക്കണം.-പോൾ മാൻവെട്ടം, ഓൾ കേരള റെയിൽവേ യൂസേഴ്സ് ഫോറം പ്രസിഡന്റ്
Content Highlights: Railway plans to extend the Kollam-Kottayam MEMU to Ernakulam to reduce crowd in Venad Express., Proposed timing change will delay the return train to Kollam by an hour, causing distress to daily commuters., Passengers and employee unions demand the suspension of the order or a revision of the timetable., MP Francis George announced plans to submit a memorandum to railway authorities.
Published: 03 Nov 2026, 08:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented