അഹമ്മദാബാദ്: പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി സാനന്ദിലെ മൈക്രോൺ സെമികണ്ടക്ടർ ചിപ്പ് ഫാക്ടറിയിൽ 12 മണിക്കൂർ ജോലിക്ക് ഉപാധികളോടെ ഗുജറാത്ത് സർക്കാർ അനുമതിനൽകി. എന്നാൽ, സൂറത്തിലെ വസ്ത്രനിർമാണ മേഖലയിൽ തൊഴിലാളികൾ ശക്തമായ പ്രതിഷേധത്തിലാണ്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി 12 മണിക്കൂർ ഷിഫ്റ്റിന് ഗുജറാത്ത് നൽകുന്ന ആദ്യ അനുമതിയാണിത്. ഈ ഷിഫ്റ്റിന് തയ്യാറാകുന്നവർക്കും ആഴ്ചയിൽ 48 മണിക്കൂർ ജോലിചെയ്താൽ മതി. രണ്ടുദിവസം ശമ്പളത്തോടെ അവധി അനുവദിക്കും. ഇടവേളയുൾപ്പെടെയാണ് 12 മണിക്കൂർ.
തീർത്തും പൊടിവിമുക്തമായ അന്തരീക്ഷം ചിപ്പ് നിർമാണരംഗത്ത് ആവശ്യമായതിനാൽ ഷിഫ്റ്റ് മാറ്റം കുറയ്ക്കാൻ ഇത് സഹായകരമാകും. അന്താരാഷ്ട്ര രംഗത്തും ഇത് അംഗീകൃത രീതിയാണെന്ന് സംസ്ഥാന തൊഴിൽമന്ത്രി കുംവർജി ബാവലിയ പറഞ്ഞു.
എന്നാൽ, സൂറത്തിൽ ടെക്സ്റ്റൈൽ എംബ്രോയിഡറി മേഖലയിൽ ജോലിസമയം എട്ടുമണിക്കൂറിൽനിന്ന് പന്ത്രണ്ടാക്കിയതിനെതിരേയും അവധിക്കുവേണ്ടിയും തൊഴിലാളികൾ പ്രതിഷേധത്തിലാണ്. സംസ്ഥാന സർക്കാർ കഴിഞ്ഞവർഷം നിയമം ഭേദഗതിചെയ്തതോടെ ഉടമകൾ ഏകപക്ഷീയമായി ജോലിസമയം കൂട്ടി.
എംബ്രോയിഡറി മേഖലയിൽ ഇപ്പോൾ ആഴ്ചയിലുള്ള അവധിയും നൽകുന്നില്ല. എൽ.പി.ജി. ക്ഷാമംമൂലമുള്ള നഷ്ടം നികത്താനായാണ് അധികജോലിയെടുപ്പിക്കുന്നത്. ഓഗസ്റ്റ് 16, 17 തീയതികളിൽ അമ്രോളി മേഖലയിൽ സമരമുണ്ടായി.
തൊഴിലാളി സംഘടനകളില്ലാത്തതിനാൽ സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ആഹ്വാനപ്രകാരമായിരുന്നു ഇത്. ഇതുമായി ബന്ധപ്പെട്ട് 26 വാട്‌സാപ്പ് അഡ്മിനുകളുടെ പേരിൽ പോലീസ് കേസെടുത്തിരിക്കുകയാണ്.
Content Highlights: Gujarat government approved 12-hour shifts for the Micron semiconductor chip factory in Sanand. Workers will maintain a 48-hour work week with two paid days off. Textile and embroidery workers in Surat are protesting against the unilateral extension of work hours to 12 hours without proper weekly leaves. Police have registered cases against WhatsApp group admins following social media-driven protests in Amroli.
Published: 21 Aug 2026, 09:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented