മുംബൈ: മുംബൈയിലെ തുറസ്സായ പാർക്കിൽവെച്ച് ഫോട്ടോ എടുക്കുകയായിരുന്നു കമിതാക്കളെ അശ്ലീല കമന്റുകൾ പറഞ്ഞും ശാരീരികമായി ഉപദ്രവിച്ചും ഇറക്കിവിട്ട് ഒരു കൂട്ടം ആൺകുട്ടികൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പോലീസ് എട്ട് ആൺകുട്ടികളെ കസ്റ്റഡിയിലെടുത്തു. നവംബർ 20 വെള്ളിയാഴ്ച കുർളയിലെ ഫീനിക്‌സ് മാളിന് സമീപമുള്ള പൂന്തോട്ടത്തിലാണ് സംഭവം നടന്നത്.

To advertise here,

കമിതാക്കൾ ഫോട്ടോയെടുക്കുന്നതിനിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അശ്ലീല കമന്റുകൾ പറയുകയായിരുന്നുവെന്നാണ് ആരോപണം. ഇത് ചോദ്യം ചെയ്തതോടെ പത്തോളം ആൺകുട്ടികൾ അടങ്ങുന്ന സംഘം ഇവരെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. പ്രദേശവാസികളാണ് സംഭവം മൊബൈൽ ഫോണിൽ പകർത്തിയത്.

ഹോക്കി സ്റ്റിക്ക് എന്ന് തോന്നിപ്പിക്കുന്ന വസ്തുക്കളും ബെൽറ്റും ഉപയോഗിച്ച് സംഘം ദമ്പതികളെ ആക്രമിക്കുന്നത് വൈറലായ വീഡിയോയിൽ കാണാം. മർദനവും ഭീഷണികളുമായി കുറച്ചുദൂരം ആൺകുട്ടികൾ ഇവരെ പിന്തുടരുന്നുണ്ട്. കൂടെയുള്ള യുവാവിനെ സംരക്ഷിക്കുന്നതിനായി പെൺകുട്ടി അക്രമികളോട് സംസാരിക്കുന്നതും മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. എന്നാൽ അക്രമികൾ ഈ പെൺകുട്ടിയേയും മർദിക്കുന്നുണ്ട്.

മർദനമേറ്റ യുവാവ് ഫോണിൽ അക്രമികളുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതും അപ്പോൾ അക്രമികളിൽ ഒരാൾ യുവാവിന്റെ കണ്ണിൽ ഇടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തീരെ പ്രായംകുറഞ്ഞ കുട്ടികളടക്കം യുവാവിനെ ബെൽറ്റൂരി തല്ലുന്നതും പിന്നാലെ പോയി ചവിട്ടുന്നതും വീഡിയോയിൽ വ്യക്തമാണ്. മറ്റപകടങ്ങൾ സംഭവിക്കുന്നതിന് മുമ്പ് കമിതാക്കൾ ഇവിടെനിന്നും രക്ഷപ്പെടുകയായിരുന്നു.

കമിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത എട്ടുപേരെ കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതായി ഡിസിപി ഗണേഷ് ഷിൻഡെ പറഞ്ഞു. തുടർന്നുള്ള നിയമനടപടികൾക്കായി പ്രതികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാരതീയ ന്യായ സംഹിതയുടെ (BNS) സെക്ഷൻ 189 (2) (നിയമവിരുദ്ധമായി സംഘം ചേരൽ), 189 (4) (മാരകായുധങ്ങളോ മരണത്തിന് കാരണമായേക്കാവുന്ന വസ്തുക്കളോ ഉപയോഗിച്ച് നിയമവിരുദ്ധമായി സംഘം ചേരൽ), 118 (1) (സ്വമേധയാ പരിക്കേൽപ്പിക്കൽ), 352 (സമാധാനാന്തരീക്ഷം തകർക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മനഃപൂർവമുള്ള അധിക്ഷേപം), 351 (2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകളാണ് കേസിൽ പോലീസ് ചുമത്തിയിരിക്കുന്നത്.

സംഭവം തികച്ചും അപലപനീയമാണെന്ന് ശിവസേന (യുബിടി) നേതാവ് ഇൻതിഖാബ് ഫാറൂഖി അഭിപ്രായപ്പെട്ടു.

സംഭവത്തിൽ പ്രതിഷേധിച്ച് ബജ്രംഗ് ദൾ പ്രവർത്തകരും പൂന്തോട്ടത്തിലെത്തി. ആവശ്യത്തിന് സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ പാർക്ക് തുറന്നു പ്രവർത്തിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണെന്ന് ചോദിച്ച് അവർ പാർക്കിലെ വാച്ച്മാനെ രൂക്ഷമായി വിമർശിച്ചു. വരും ദിവസങ്ങളിൽ പാർക്ക് നടത്തുന്ന ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (BMC) സുരക്ഷാ ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ വിഷയം തങ്ങൾ കൈകാര്യം ചെയ്യുമെന്നും സംഘടനയുടെ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.