ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ കാരണം ആഗോളതലത്തിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ന്യൂയോർക്കിൽ ഏഷ്യ സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാൻ, പേർഷ്യൻ ഗൾഫ്, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ സംഘർഷങ്ങൾ വരുംമാസങ്ങളിൽ കാർഷിക വിതരണ ശൃംഖലയെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

ഭക്ഷണം (Food), ഇന്ധനം (Fuel), വളങ്ങൾ (Fertiliser), ധനം (Finance) എന്നിവ ഉൾപ്പെടുന്ന '4-എഫ്' പ്രതിസന്ധിയുടെ ആഘാതം നേരിടുന്നത് വികസ്വര രാജ്യങ്ങളായിരിക്കുമെന്നും ജയ്ശങ്കർ ചൂണ്ടിക്കാട്ടി. തന്ത്രപ്രധാനമായ സമുദ്ര പാതകളിലെ സൈനിക ഏറ്റുമുട്ടലുകൾ യുദ്ധത്തിലേർപ്പെടാതെ നിൽക്കുന്ന വികസ്വര രാജ്യങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണ്. ഹോർമുസ്, കരിങ്കടൽ എന്നീ വ്യാപാര പാതകളിലെ ഗതാഗത തടസ്സങ്ങൾ വളങ്ങളുടെയും കാർഷിക ഉൽപ്പന്നങ്ങളുടെയും വിതരണത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ആഗോള വളം വിതരണത്തിൻ്റെ മൂന്നിലൊന്ന് ഭാഗവും പേർഷ്യൻ ഗൾഫ് വഴിയാണ് കടന്നുപോകുന്നത്. അതിനാൽ, അവിടെയുണ്ടായ സംഘർഷങ്ങളും കപ്പൽ ഗതാഗത നിയന്ത്രണങ്ങളും ഉൽപ്പാദനച്ചെലവ് കുത്തനെ കൂട്ടി. ധാന്യ കയറ്റുമതിയിലുണ്ടായ നിയന്ത്രണങ്ങൾ കൂടിയായപ്പോൾ വിലക്കയറ്റവും വിതരണ തടസ്സവും കാരണം കാർഷിക മേഖല ഇരട്ട പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വികസ്വര രാജ്യങ്ങളാണ് ഊർജ വിപണിയിലെ അസ്ഥിരതയ്ക്കും ഉയർന്ന ചരക്കുകൂലിക്കും ഇരയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഊർജ-കാർഷിക ഉൽപ്പന്ന ഉപഭോക്തൃ രാജ്യമെന്ന നിലയിൽ, സമുദ്ര പാതകളിലൂടെയുള്ള ഗതാഗതം തടസ്സമില്ലാതെ നിലനിർത്തേണ്ടത് ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് അത്യാവശ്യമാണ്. ഇതിനായി സംഘർഷങ്ങൾ അയവുവരുത്താനും കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കാനും വിതരണ ശൃംഖല ശക്തമാക്കാനും ഇന്ത്യ അന്താരാഷ്ട്ര വേദികളിൽ ആവശ്യപ്പെടുന്നുണ്ട്. വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ, ഇതൊരു വലിയ മാനുഷിക അടിയന്തരാവസ്ഥയായി മാറിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.