മുംബൈ: രാജ്യത്ത് കാലവർഷം ദുർബലമാവുകയും എൽ നിനോ പ്രതിഭാസത്തിന്റെ ഭാഗമായി ചൂട് കനക്കുകയും ചെയ്തതോടെ വളം, ട്രാക്ടർ വിൽപ്പന കുത്തനെ കുറയുന്നു. വരൾച്ച കാർഷികമേഖലയിൽ ബാധിച്ചുതുടങ്ങുന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്. യൂറിയ ഉൾപ്പെടെ എല്ലാ പ്രധാന വളങ്ങളുടെയും വിൽപ്പന കഴിഞ്ഞവർഷത്തേക്കാൾ കുറവാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

To advertise here,

കാലവർഷത്തോടനുബന്ധിച്ചുള്ള ഖാരിഫ് വിളവെടുപ്പ് കാലത്ത് നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, സൾഫർ എന്നിവ വിവിധ അനുപാതത്തിലടങ്ങിയ കോംപ്ലക്സ് വളങ്ങൾക്കാണ് പ്രിയം കൂടുതൽ. എന്നാൽ, ഇത്തവണ ഏപ്രിൽ - സെപ്റ്റംബർ കാലത്ത് ഇതിന്റെ വിൽപ്പനയിൽ 22.2 ശതമാനം ഇടിവു രേഖപ്പെടുത്തി.

മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് വിൽപ്പന 11.7 ശതമാനം കുറഞ്ഞു. ഡൈ-അമോണിയം ഫോസ്‌ഫേറ്റ് (ഡി.എ.പി.) 0.60 ശതമാനം, സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ് 1.4 ശതമാനം എന്നിങ്ങനെയാണ് ഇടിവ്. യൂറിയ വിൽപ്പന 4.1 ശതമാനം കുറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന വളമാണ് യൂറിയ. ഇതിന്റെ വിൽപ്പനയിലെ ഇടിവ് കാർഷിക വൃത്തിയിലെ ഇടിവിന്റെ വ്യക്തമായ സൂചനയാണെന്ന് ഫെർട്ടിലൈസർ അസോസിയേഷൻ ഓഫ് ഇന്ത്യ പറയുന്നു.

ഏപ്രിൽ - സെപ്റ്റംബർ കാലത്ത് യൂറിയ ഉത്പാദനത്തിൽ 4.3 ശതമാനത്തിന്റെയും ഇറക്കുമതിയിൽ 40.5 ശതമാനത്തിന്റെയും വർധനയുണ്ടായി. എന്നാൽ, വിൽപ്പന കുറഞ്ഞു. 2021-22 -നുശേഷം ആദ്യമായാണ് യൂറിയ വിൽപ്പനയിൽ ഇടിവുണ്ടാകുന്നത്. 2025-26 - ൽ 396 ലക്ഷം ടൺ എന്ന റെക്കോഡ് വിൽപ്പനയാണുണ്ടായിരുന്നത്.

വളം മാത്രമല്ല, സെപ്റ്റംബറിൽ ട്രാക്ടർ വിൽപ്പനയിലും കാര്യമായ കുറവുണ്ടായി. വാഹന ഡീലർമാരുടെ കണക്കുകൾ പ്രകാരം 18.1 ശതമാനം വരെയാണ് ഇടിവ്. 2025 സെപ്റ്റംബറിൽ 45.4 ശതമാനം വിൽപ്പന ഉയർന്ന സ്ഥാനത്താണിത്. അന്ന് ചരക്ക് - സേവന നികുതി വെട്ടിക്കുറച്ചതും വിൽപ്പന ഉയരാനിടയാക്കിയിരുന്നു.

2027 ജനുവരി–മാർച്ച് വരെ ശക്തമായ എൽ നിനോ പ്രതിഭാസം തുടരുമെന്നാണ് കാലാവസ്ഥാ ഏജൻസികൾ കണക്കാക്കുന്നത്. അതിനുശേഷമിത് ദുർബലമായേക്കാം. അതേസമയം, ശൈത്യകാലത്തെ മഴക്കുറവും ഉയർന്ന താപനിലയും വരാനിരിക്കുന്ന റാബി സീസണിലെ കൃഷിയേയും ബാധിച്ചേക്കാമെന്ന ആശങ്ക ശക്തമാണ്.

വളം ശേഖരം കഴിഞ്ഞവർഷത്തേക്കാൾ ഉയർന്നനിലയിൽ

റാബി വിളവെടുപ്പു കാലത്തേക്കായി കേന്ദ്രസർക്കാർ 1.64 ലക്ഷം ടൺ വളത്തിന്റെ ശേഖരം സജ്ജമാക്കിയിട്ടുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ കഴിഞ്ഞ മാസം സൂചിപ്പിച്ചിരുന്നു. കഴിഞ്ഞവർഷം റാബി സീസൺ തുടങ്ങുമ്പോഴുള്ള 1.23 കോടി ടണ്ണിനേക്കാൾ 41 ലക്ഷം ടൺ വളം അധികമായി ശേഖരത്തിലുണ്ട്. റാബി കാലത്തേക്കായി ആകെ 3.81 കോടി ടൺ വളം ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ 1.99 കോടി ടണ്ണോളം യൂറിയ ആണ്. ഇത്തവണ കൃഷി സാധാരണരീതിയിലാണെങ്കിൽ ആവശ്യമായ ശേഖരം നിലവിലുണ്ടെന്നും സർക്കാർ കണക്കുകൂട്ടുന്നു.