ശ്രീനഗർ: ജമ്മു കശ്മീർ ഒന്നടങ്കം വിലപിക്കുന്നതും ഓരോ ഗ്രാമവും ജില്ലയും നഗരവും അടച്ചിട്ടിരിക്കുന്നതും ആദ്യമായാണ് കാണുന്നതെന്ന് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി പ്രസിഡന്റ് ഗുലാം നബി ആസാദ്. ജമ്മു കശ്മീരിലെ ചില പള്ളികളിൽ തീവ്രവാദികൾക്ക് വേണ്ടി പിന്തുണ അഭ്യർത്ഥിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പള്ളികളിൽ ഇപ്പോള്‍ എല്ലാ ഇമാമുമാരും ഭീകരർക്കെതിരെ സംസാരിക്കുന്നത് താൻ ആദ്യമായാണ് കാണുന്നതെന്നും ഗുലാമിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

To advertise here,

 "മുൻപ്, ആളുകൾ സമാനമായ സംഭവങ്ങളിൽ അപൂർവ്വമായേ അപലപിച്ചിരുന്നുള്ളൂ. ഒരുപക്ഷേ തീവ്രവാദികൾക്കെതിരെ സംസാരിച്ചാൽ തങ്ങളുടെ ജീവന് ആപത്തുണ്ടാകുമെന്ന് ഭയന്നിരുന്നതുകൊണ്ടാവാം. എന്നാൽ ജമ്മു കശ്മീർ ഒന്നടങ്കം വിലപിക്കുന്നതും, ഇന്നലെ(ചൊവ്വാഴ്ച) നടന്ന സംഭവത്തിൽ പ്രതിഷേധിച്ച് ഓരോ ഗ്രാമവും ജില്ലയും നഗരവും അടച്ചിട്ടിരിക്കുന്നതും ഞാൻ ആദ്യമായാണ് കാണുന്നത്. ഇവിടെ ജമ്മു കശ്മീരിലെ ചില പള്ളികളിൽ തീവ്രവാദികൾക്ക് വേണ്ടി പിന്തുണ അഭ്യർത്ഥിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പള്ളികളിൽ എല്ലാ ഇമാമുമാരും ഭീകരർക്കെതിരെ സംസാരിക്കുന്നത് ഞാൻ ആദ്യമായാണ് കാണുന്നത്." ഗുലാം നബി ആസാദ് പറഞ്ഞു.

''ഇന്ന്, ഒരു തീവ്രവാദി നിങ്ങളുടെ മതം എന്താണെന്ന് ചോദിച്ചാൽ, അതിനർത്ഥം പാകിസ്താൻ പിന്തുണയ്ക്കുന്ന തീവ്രവാദികൾ നമ്മുടെ മനുഷ്യത്വത്തെയും കശ്മീരികളുടെ സ്വത്വത്തിനെയും ആക്രമിച്ചിരിക്കുന്നു എന്നാണ്. ഒരുപക്ഷേ ഇതുകൊണ്ടാവാം മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മുകശ്മീരിലെ മുസ്ലീങ്ങൾ തീവ്രവാദികൾക്കെതിരെ നിലകൊണ്ടതും ഞങ്ങൾക്ക് മതിയായെന്ന് പറഞ്ഞതും. മുൻപ്, ഇത്തരം തീവ്രവാദികൾക്ക് മുസ്ലീങ്ങൾ അഭയം നൽകുന്നു എന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ ഇന്ന്, തങ്ങൾ തീവ്രവാദികൾക്ക് എതിരാണെന്ന് അവർ തെളിയിച്ചിരിക്കുന്നു''. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രവർത്തനം ഒഴിവാക്കാൻ എല്ലാവരോടും അദ്ദേഹം അഭ്യർത്ഥിച്ചു. കൊല്ലപ്പെട്ട ഹിന്ദു സഹോദരീസഹോദരന്മാർക്കൊപ്പമാണ് തങ്ങളെന്നും തീവ്രവാദികൾക്ക് എതിരാണെന്നും കശ്മീരിലെ മുസ്ലീങ്ങൾ നൽകിയ നല്ല സന്ദേശത്തിൽ നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ​ഗുലാം നബി ആസാദ് പറഞ്ഞു.

ചൊവ്വാഴ്ചയാണ് കശ്മീരിലെ പഹൽഗാമിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്.  വിനോദസഞ്ചാരികൾക്ക് നേരേയാണ് ഭീകരവാദികൾ വെടിയുതിർത്തത്. ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികവിവരം. എന്നാൽ, മരണസംഖ്യ 29 ആണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്.