ന്യൂഡൽഹി: ഇന്ത്യയ്ക്കും ഇസ്രയേലിനും അതീവ ജാഗ്രതാ മുന്നറിയിപ്പുമായി ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റൂവൻ അസർ. ഭീകര സംഘടനകൾ സർക്കാരുകളെക്കാളും സുരക്ഷാ ഏജൻസികളെക്കാളും വേഗത്തിൽ തങ്ങളുടെ സാങ്കേതിക ശേഷി വർദ്ധിപ്പിക്കുകയാണെന്നും അടിയന്തിരമായി പുതിയ പ്രതിരോധ തന്ത്രങ്ങൾ ആവിഷ്കരിച്ചില്ലെങ്കിൽ അടുത്ത ഘട്ട ഭീകരാക്രമണങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഗാസ യുദ്ധത്തിന് വഴിവെച്ച ഒക്ടോബർ 7 ഭീകരാക്രമണത്തിന്റെ മൂന്നാം വാർഷിക വേളയിൽ ഇന്ത്യടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ആശങ്കകൾ പങ്കുവെച്ചത്.

To advertise here,

കഴിഞ്ഞ ഒരു വർഷത്തിനിടെ ഹമാസിന്റെ ഉന്നത കമാൻഡർമാർ പാകിസ്താനിലും ബംഗ്ലാദേശിലും എത്തിയതായി റൂവൻ അസർ വെളിപ്പെടുത്തി. നാജി സഹീർ, ഖാലിദ് അൽ-ഖദൂമി തുടങ്ങിയ ഹമാസ് നേതാക്കൾ ലഷ്കറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകൾ സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുത്തതായി അദ്ദേഹം പറഞ്ഞു. ഹമാസിന്റെ പ്രവർത്തന രീതികളിൽ ലഷ്കറെ തൊയ്ബ അംഗങ്ങൾക്ക് പരിശീലനം ലഭിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. 25 വിനോദസഞ്ചാരികൾ കൊല്ലപ്പെടുകയും 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടിക്ക് വഴിവെക്കുകയും ചെയ്ത 2025-ലെ പഹൽഗാം ഭീകരാക്രമണം ഹമാസിന്റെ സ്വാധീനത്തിന്റെ തെളിവാണെന്നും അസർ പറഞ്ഞു.

ഫ്ലൈദുബായ് വിമാനത്തിൽ നടന്ന ഭീകരാക്രമണ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ മുന്നറിയിപ്പ്. ഇസ്രയേലിലെ ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കാൻ ലക്ഷ്യമിട്ട് ഒമാൻ സ്വദേശിയായ കോ-പൈലറ്റ് ഹമാം അൽ-ഹമ്മാമി വിമാനത്തിന്റെ ക്യാപ്റ്റനെ വധിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ വിമാനം നിയന്ത്രിച്ചിരുന്ന ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാർ അതിസാഹസികമായി അക്രമത്തോട് പോരാടുകയും, കോക്ക്പിറ്റ് വാതിൽ തുറന്ന് യാത്രക്കാരെ അകത്തുകയറ്റി അക്രമിയെ കീഴടക്കാൻ സഹായിക്കുകയും ചെയ്തു.

ആക്രമണത്തിനിടെ സ്മിത് മച്ഛാറിന്റെ തലയോട്ടിക്ക് ക്ഷതമേൽക്കുകയും നിരവധി പരിക്കുകൾ സംഭവിക്കുകയും ചെയ്തെങ്കിലും അദ്ദേഹത്തിന്റെയും യാത്രക്കാരുടെയും ധീരതയാണ് വൻ ദുരന്തം ഒഴിവാക്കിയതെന്ന് റൂവൻ അസർ പ്രശംസിച്ചു. ഈ സംഭവം ഒരു വ്യക്തി മാത്രം നടത്തിയ അക്രമമാണോ അതോ വലിയ ഗൂഢാലോചനയാണോ എന്ന് അന്വേഷണത്തിൽ ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, ഇതൊരു വലിയ ഭീഷണിയാണെന്ന് റൂവൻ അസർ ചൂണ്ടിക്കാട്ടി. തിരിച്ചടികൾ നേരിടുമ്പോഴും ഏതെങ്കിലും രീതിയിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ ഭീകര സംഘടനകളും ഇറാന്റെ ഭരണകൂടവും ശ്രമിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ രാജ്യങ്ങൾ ഇത്തരം ഭീഷണികളെ പ്രതിരോധിക്കാൻ തങ്ങളുടെ ശേഷിയും സാങ്കേതികവിദ്യയും വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ ഏജൻസികളും ഗവൺമെന്റുകളും ഭീകരരേക്കാൾ വേഗത്തിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം. ഫ്ലൈദുബായ് വിമാനത്തിലെ ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞത് ഒരു വലിയ മുന്നറിയിപ്പായി കണ്ട്, ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള ഭീകരാക്രമണങ്ങളെ ചെറുക്കാൻ ഇന്ത്യയും ഇസ്രയേലും ഉൾപ്പെടെയുള്ള ജനാധിപത്യ രാജ്യങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.