ന്യൂഡൽഹി: യൂട്യൂബില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിൽ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംനേടി പ്രധാനമന്ത്രി നരേന്ദ്ര മോദി രചിച്ച 'ഗര്‍ബോ' എന്ന ഗാനം. നരേന്ദ്ര മോദിയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങളുടെ സംഗീതസംവിധായകനായ തനിഷ്‌ക് ബാഗ്ചിയാണ്. ഗാനമാലപിച്ചിരിക്കുന്നത് ഹിറ്റ് ഗായിക ധ്വനി ഭാനുശാലിയും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. 

To advertise here,

കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് മോദി രചിച്ച വരികളാണ് തനിഷ്‌കും ധ്വനിയും ചേര്‍ന്ന് മനോഹരമായ ഗര്‍ബ (ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന പ്രധാന നൃത്തരൂപം) ഗാനമാക്കി മാറ്റിയിരിക്കുന്നത്. അഭിനേതാവും നിര്‍മാതാവുമായ ജാക്കി ഭഗ്നാനിയുടെ മ്യൂസിക് ലേബലായ ജസ്റ്റ് മ്യൂസിക്കാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. 

'മറ്റാരുമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാവ്യാത്മകമായ വരികളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ള ഗാനം. നവരാത്രി ആഘോഷവേളയില്‍ ഗുജറാത്തിന്റെ ഊര്‍ജസ്വലമായ സംസ്‌കാരത്തിന്റെ നേര്‍ക്കാഴ്ചയിലേക്ക് ഗര്‍ബോ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു', ഗാനത്തിന് യൂട്യൂബില്‍ നല്‍കിയിരിക്കുന്ന അവതാരിക ഇങ്ങനെ. 

തനിഷ്‌കിനും ജസ്റ്റ് മ്യൂസിക് ടീമിനും നന്ദിയറിയിച്ചുകൊണ്ട് മോദി ഗാനം സാമൂഹികമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു. ഒപ്പം ഇങ്ങനേയും കുറിച്ചു. "ഇതെന്നെ പഴയ ഓര്‍മകളിലേക്ക് തിരികെ കൊണ്ടുപോകുന്നു. കഴിഞ്ഞ കുറച്ചുകാലമായി ഞാന്‍ എഴുത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എങ്കിലും അടുത്ത ദിവസങ്ങളില്‍ ഞാന്‍ പുതിയൊരു ഗര്‍ബ ഗാനം കൂടി രചിച്ചു. അത് നവരാത്രി ദിനത്തില്‍ ഞാന്‍ പങ്കുവെക്കുന്നതാണ്".