ലക്‌നൗ: ഇത്തവണത്തെ ദീപാവലിക്കു മാത്രമല്ല, അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഹോളിയോടനുബന്ധിച്ചും സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി പാചകവാതക സിലിണ്ടറുകള്‍ വിതരണംചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനായി പ്രാധാന്‍ മന്ത്രി ഉജ്ജ്വല യോജന ഉപഭോക്താക്കള്‍ അവരുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

To advertise here,

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി, പ്രാധാന്‍ മന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം അര്‍ഹരായ 1.75 കോടി കുടുംബങ്ങള്‍ക്കുള്ള സൗജന്യ പാചകവാതക സിലിണ്ടറുകളുടെ വിതരണം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. ഈ കാംപെയ്‌നുവേണ്ടി 2,312 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത്. 

'2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെ 'ലോക് കല്യാണ്‍ സങ്കല്‍പ് പത്ര'യില്‍ വെച്ച് സര്‍ക്കാര്‍ നടത്തിയ മറ്റൊരു പ്രഖ്യാപനം കൂടി നടപ്പിലാകുകയാണ്. 2014നു മുന്‍പ് ഗ്യാസ് കണക്ഷന്‍ പോലും ജനങ്ങള്‍ക്കു ലഭിച്ചിരുന്നില്ല. ഇനി കണക്ഷന്‍ കിട്ടിയാല്‍ സിലിണ്ടറിനായി നീണ്ട വരി നില്‍ക്കണമായിരുന്നു. പല സന്ദര്‍ഭങ്ങളിലും ഇതിനെതിരെ ലാത്തിച്ചാര്‍ജ് നടത്താന്‍ പോലും പോലീസ് നിര്‍ബന്ധിതരായിട്ടുണ്ട്. പുക ശ്വസിച്ച് സ്ത്രീകള്‍ക്ക് നിരവധി അസുഖങ്ങള്‍ വരെ വന്നു', യോഗി പറഞ്ഞു. 

2016-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയ ഉജ്ജ്വല യോജന പദ്ധതി പ്രകാരം രാജ്യത്തെ ഗ്യാസ് ക്ഷാമം പരിഹരിക്കാനായെന്നും ഏകദേശം 9.60 കുടുംബങ്ങള്‍ക്ക് സൗജന്യമായി ആദ്യത്തെ ഗ്യാസ് കണക്ഷന്‍ ലഭിച്ചെന്നും യോഗി കൂട്ടിച്ചേര്‍ത്തു.