പാറ്റ്‌ന; ഹോളി ആഘോഷത്തിനിടെ പോലീസുകാരനോട് നൃത്തം ചെയ്യാന്‍ നിര്‍ദേശിച്ച് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജ് പ്രതാപ് യാദവ്. നൃത്തം ചെയ്തില്ലെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യുമെന്നും തേജ് പ്രതാപ് പോലീസുകാരനോട് പറഞ്ഞു. ശനിയാഴ്ച ബിഹാറിലെ പാറ്റ്‌നയില്‍ തേജ് പ്രതാപ് യാദവിന്റെ ഔദ്യോഗിക വസതിയിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

To advertise here,

ആര്‍ജെഡി പ്രവര്‍ത്തകരുമൊത്ത് ഹോളി ആഘോഷിക്കുന്നതിനിടെയാണ് തേജ് പ്രതാപ് യാദവ് ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്. 'കോണ്‍സ്റ്റബിള്‍ ദീപക്, ഞാന്‍ ഒരു പാട്ട് വെക്കാം. അതിന് നിങ്ങള്‍ നൃത്തം ചെയ്യണം. നൃത്തം ചെയ്തില്ലെങ്കില്‍ നിങ്ങളെ സസ്‌പെന്‍ഡ് ചെയ്യും.' - തേജ് പ്രതാപ് പറഞ്ഞു. 

ആര്‍ജെഡി നേതാവിന്റെ നിര്‍ദേശത്തിന് പിന്നാലെ പോലീസുകാരന്‍ നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിമര്‍ശനവുമായി ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹ രംഗത്തെത്തി. നിയമം ലംഘിക്കുക, ഭരണഘടനാ പദവികളിലുള്ളവരെ കളിയാക്കുക, ഭരണഘടനയെ ആവര്‍ത്തിച്ച് അപമാനിക്കുക തുടങ്ങിയവ ആര്‍ജെഡിയുടെ സംസ്‌കാരമാണെന്നാണ് അദ്ദേഹം വിമര്‍ശിച്ചത്.