ന്യൂഡല്‍ഹി: ഹോങ് കോങ്ങില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സംശയാസ്പദമായ സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. ബോയിങ് 787-8 ഡ്രീംലൈനര്‍ സര്‍വീസ് നടത്തുന്ന എ1315 വിമാനമാണ് തിരിച്ചിറക്കിയത്. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ തകരാര്‍ കണ്ടെത്തിയതോടെ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് ഹോങ് കോങ്ങില്‍ത്തന്നെ തിരിച്ചിറക്കുകയായിരുന്നു.

To advertise here,

അതേസമയം, വിമാനത്തിന് സംഭവിച്ച സാങ്കേതികത്തകരാര്‍ എന്ത് എന്ന കാര്യത്തിൽ ഇതുവരെ എയര്‍ ഇന്ത്യ വ്യക്തതവരുത്തിയിട്ടില്ല. വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയെന്നും ആർക്കും അപകടമില്ലെന്നും അധികൃതര്‍ അറിയിച്ചു. 

നേരത്തേ, ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താന്‍സ വിമാനത്തിന് ബോംബ് ഭീഷണിയെത്തുടര്‍ന്ന് ലാന്‍ഡിങ് അനുമതി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് തിരിച്ചുപറന്ന വിമാനം ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തേണ്ടിയിരുന്ന ഫ്‌ളൈറ്റ് LH752 വിമാനമാണ് തിരിച്ചിറക്കിയത്. 

ലണ്ടനില്‍നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്‌സ് ബോയിങ് ഡ്രീംലൈനര്‍ വിമാനവും സാങ്കേതികത്തകരാര്‍ കാരണം തിരിച്ചിറക്കി. ഞായറാഴ്ചയാണ് സംഭവം. ലണ്ടന്‍ ഹീത്രോ വിമാനത്താവളത്തില്‍നിന്ന് ഉച്ചയ്ക്ക് 12.40-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 35 മിനിറ്റിലധികം വൈകി ഉച്ചയ്ക്ക് 1.16-നാണ് പുറപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.30-ന് ചെന്നൈയില്‍ എത്തേണ്ട വിമാനമായിരുന്നു ഇത്. ഏകദേശം രണ്ടുമണിക്കൂറോളം പറന്നശേഷം ഹീത്രോ വിമാനത്താവളത്തിൽത്തന്നെ തിരിച്ചിറക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി ബ്രിട്ടിഷ് എയര്‍വേയ്‌സ് അറിയിച്ചു. 

ഹജ്ജ് യാത്രികരുമായി മടങ്ങിയെത്തിയ സൗദി എയര്‍ലൈന്‍സ് വിമാനം ലഖ്‌നൗ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ചക്രത്തില്‍ തീപ്പിടിച്ച സംഭവവും തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.