ന്യൂഡൽഹി: വിദേശസംഭാവന നിയന്ത്രണച്ചട്ട(എഫ്.സി.ആർ.എ.) ഭേദഗതി ബിൽ പിൻവലിക്കണമെന്ന ആവശ്യം തള്ളിയെങ്കിലും വിയോജിപ്പുകളും ആശങ്കകളും കാര്യകാരണസഹിതം ഉന്നയിക്കാനുള്ള വേദിയെന്നനിലയിൽ ജെ.പി.സി.യോട് സഹകരിക്കാൻ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ. ഇരുസഭകളിൽനിന്നുമായി 31 അംഗങ്ങളാണ് സമിതിയിൽ ഉൾപ്പെടുക.
കഴിഞ്ഞ മാർച്ച് 25-നാണ് ആഭ്യന്തരമന്ത്രി അമിത്ഷാ വിവാദബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. പിന്നാലെ ക്രൈസ്തവസംഘടനകളിൽനിന്നടക്കം എതിർപ്പ് ശക്തമായതോടെ തുടർനടപടികൾ താത്‌കാലികമായി മരവിപ്പിച്ചു. എഫ്.സി.ആർ.എ. ലൈസൻസ് റദ്ദായാൽ മുൻകാല പ്രാബല്യത്തോടെ ആസ്തികൾ പിടിച്ചെടുക്കുന്നതടക്കമുള്ള വിവാദവ്യവസ്ഥകൾ മതന്യൂനപക്ഷങ്ങൾക്കെതിരേ ആയുധമാക്കുമെന്ന വാദമാണ് ആശങ്കകൾക്കും പ്രതിഷേധത്തിനും വഴിയൊരുക്കിയത്.
അമിത്ഷാ സഭയിലെത്താത്തതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയതിനാൽ രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ജെ.പി.സി.ക്കുവിടാനുള്ള പ്രമേയം പാസാക്കിയത്. ഇതുസംബന്ധിച്ച അറിയിപ്പ് അല്പംമുൻപാണ് പ്രതിപക്ഷത്തിന് ലഭിച്ചതെന്ന് ലോക്‌സഭയിൽ കോൺഗ്രസ് അംഗം കെ.സി. വേണുഗോപാൽ പറഞ്ഞു. പ്രതിപക്ഷം ഒന്നടങ്കം എതിർക്കുന്ന ബില്ലാണിതെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ഡി.എം.കെ. കക്ഷിനേതാവ് ടി.ആർ. ബാലുവും ബിൽ പിൻവലിക്കണമെന്ന ആവശ്യമുയർത്തി.
എന്നാൽ, ബിൽ പാർലമെന്ററിസമിതിക്ക് വിടണമെന്ന് കോൺഗ്രസ് ഉൾപ്പെടെ മുഴുവൻ പ്രതിപക്ഷപാർട്ടികളും നേരത്തേ ആവശ്യപ്പെട്ടതാണെന്ന് മന്ത്രി കിരൺ റിജിജു മറുപടി നൽകി. ബില്ലിലെ ഏതുവ്യവസ്ഥയാണ് ന്യൂനപക്ഷങ്ങൾക്ക് എതിരായിട്ടുള്ളതെന്ന് കാണിച്ചുതരണമെന്നും റിജിജു ആവശ്യപ്പെട്ടു.
ജെ.പി.സി.യിൽ 21 ലോക്‌സഭാംഗങ്ങളും 10 രാജ്യസഭാംഗങ്ങളുമുണ്ടാകും. അംഗങ്ങളെ അതതുപാർട്ടികൾ നിർദേശിക്കണം. അംഗബലമനുസരിച്ച് കോൺഗ്രസിന് ലോക്‌സഭയിൽനിന്ന് നാലും രാജ്യസഭയിൽനിന്ന് ഒരംഗവും ഉണ്ടാകും. ജെ.പി.സി.യിൽ ഭൂരിപക്ഷം എൻ.ഡി.എ.യ്ക്കും ബി.ജെ.പി.ക്കുമായിരിക്കും.
Content Highlights: Opposition parties decide to engage with the Joint Parliamentary Committee (JPC) on the FCRA Amendment Bill., Christian organizations and minority groups raised strong concerns over asset seizure provisions., The 31-member JPC will comprise 21 Lok Sabha and 10 Rajya Sabha members, with NDA holding the majority.
Published: 13 Aug 2026, 07:19 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented