ന്യൂഡൽഹി: വിദേശസംഭാവനാ നിയന്ത്രണനിയമ (എഫ്.സി.ആർ.എ.) ഭേദഗതിക്കെതിരേ വിവിധ ക്രൈസ്തവസഭകൾ പ്രതിഷേധം കടുപ്പിച്ചിരിക്കേ, ബിൽ ബുധനാഴ്ച വീണ്ടും ലോക്‌സഭയിൽ. ക്രൈസ്തവസഭകൾക്ക് നിർണായകസ്വാധീനമുള്ള കേരളത്തിലും അസമിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ വിവാദബിൽ പാസാക്കിയെടുക്കാനുള്ള കേന്ദ്രനീക്കത്തെ രാഷ്ട്രീയമായി നേരിടാനുറച്ചിരിക്കുകയാണ് പ്രതിപക്ഷം. ഈ സാഹചര്യത്തിൽ ബിൽവിവാദം മറികടക്കാൻ ബി.ജെ.പി. കേന്ദ്രനേതൃത്വം രംഗത്തിറങ്ങി.

To advertise here,

മതസംഘടനകളെ ലക്ഷ്യമിട്ടുള്ളതല്ല ബില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ചൊവ്വാഴ്ച ഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു. ബില്ലിനെതിരേ നടക്കുന്നത് തെറ്റായതും കെട്ടിച്ചമച്ചതുമായ പ്രചാരണമാണ്. രാജ്യസുരക്ഷയ്ക്കും രാജ്യതാത്പര്യത്തിനുമെതിരേ വിദേശഫണ്ടുകൾ ഉപയോഗിക്കുന്നത് തടയാനാണ് ബിൽ. അല്ലാതെ ഏതെങ്കിലും മതസംഘടനയെ ലക്ഷ്യമിട്ടല്ല. കേരളത്തിലെ കോൺഗ്രസും ഇടതുപാർട്ടികളും ബില്ലിനെതിരേ തെറ്റായ പ്രചാരണം അഴിച്ചുവിടുകയാണ്. ഇന്ത്യയിലേക്കുള്ള വിദേശ ഫണ്ടിങ്ങിന് വ്യക്തമായ ക്രമീകരണം വരുത്താനുദ്ദേശിച്ചുള്ളതാണ് ഭേദഗതി -മന്ത്രി പറഞ്ഞു.

ക്രൈസ്തവസഭകളുടെ പിന്തുണ തിരഞ്ഞെടുപ്പിൽ നിർണായകമായതു കൊണ്ടുതന്നെ കേരളത്തിലെ യു.ഡി.എഫ്., എൽ.ഡി.എഫ്. എം.പി.മാരിൽ ഭൂരിപക്ഷവും ബിൽചർച്ചയിൽ പങ്കെടുക്കാനായി ഡൽഹിയിലേക്ക് തിരിച്ചു. അതേസമയം, കേരളത്തിൽ ക്രൈസ്തവസഭകളുടെ പിന്തുണയാർജിക്കാൻ സമീപകാലത്തായി നടത്തിയ നീക്കത്തിന് ഗുണമുണ്ടാകുമെന്ന് ചിന്തിച്ച കേരളത്തിലെ ബി.ജെ.പി. നേതൃത്വത്തെ ബിൽവിവാദം വെട്ടിലാക്കി. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നേരിടുന്ന അസമിലും എഫ.സി.ആർ.ഐ. ബിൽ പ്രതിപക്ഷത്തിന്റെ പ്രചാരണ വിഷയമാണ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങളിൽനിന്ന് ബി.ജെ.പി.ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന വലിയ പിന്തുണയിൽ പരിഭ്രാന്തരായാണ് കോൺഗ്രസും ഇടതുപാർട്ടികളും തെറ്റായ പ്രചാരണം അഴിച്ചുവിടുന്നതെന്ന് മന്ത്രി റിജിജു കുറ്റപ്പെടുത്തി. അത് അവർ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാബാവയും വിവിധ ബിഷപ്പുമാരും ചൊവ്വാഴ്ച ബില്ലിനെ പരസ്യമായി എതിർത്ത് രംഗത്തെത്തി. സി.ബി.സി.ഐ. ഏതാനും ദിവസങ്ങളായി ബില്ലിനെതിരേ രംഗത്തുണ്ട്.

അവസാന ഇനം

ബുധനാഴ്ച ലോക്‌സഭാസമ്മേളന കാര്യപരിപാടിയിലെ അവസാനത്തെ ഇനമായാണ് ബിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ കേന്ദ്രനിയമങ്ങളിലെ ചെറുകിട കുറ്റകൃത്യങ്ങൾക്കെതിരായ ശിക്ഷകൾ ലഘൂകരിക്കുന്നതിനുള്ള ജൻ വിശ്വാസ് ഭേദഗതി ബില്ലും സഭ പരിഗണിക്കുന്നുണ്ട്. അത് പാസാക്കിയിട്ടുവേണം എഫ്.സി.ആർ.എ. ഭേദഗതിബില്ലെടുക്കാൻ. വിവാദം കനത്ത പശ്ചാത്തലത്തിൽ ബിൽ മാറ്റിവച്ചേക്കുമെന്ന പ്രചാരണവുമുണ്ട്. ബജറ്റ് സമ്മേളനം ഇനി രണ്ടുദിവസം കൂടിയേയുള്ളൂ. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ കേന്ദ്രം ബില്ലിനായി കാത്തിരുന്നേക്കാനും ഇടയുണ്ട്.

ചർച്ചയിൽ എം.പി.മാർ പങ്കെടുക്കണം -സി.ബി.സി.ഐ.

എഫ്.സി.ആർ.എ. ഭേദഗതി ബിൽ ചർച്ചയ്ക്കുവരുമ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പേരുപറഞ്ഞ് എം.പി.മാർ ഒഴിഞ്ഞുനിൽക്കരുതെന്നും പാർലമെന്റിലെത്തണമെന്നും കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ.) ആവശ്യപ്പെട്ടു. വിപുലമായ ചർച്ചകൾക്കായി ബിൽ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടാൻ ആവശ്യപ്പെടണമെന്നും സ്വതന്ത്രമായ അപ്പേലറ്റ് സംവിധാനത്തിനു വ്യവസ്ഥയുണ്ടാക്കണമെന്നും അഭ്യർഥിച്ച് എല്ലാ എം.പി.മാരെയും അഭിസംബോധനചെയ്ത് സി.ബി.സി.ഐ. കത്തയച്ചു.