ന്യൂഡൽഹി: വിദ്യാർഥിപ്രക്ഷോഭത്തെ നേരിട്ട പോലീസ് അക്രമങ്ങളെച്ചൊല്ലി പാർലമെന്റ് തുടർച്ചയായി തടസ്സപ്പെടുന്നതിനിടയിൽ ആദ്യമായി പ്രതികരിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. സഭയ്ക്കുപുറത്ത് മാധ്യമങ്ങളോട് സംസാരിച്ചും ലോക്‌സഭാസ്പീക്കർക്ക് കത്തെഴുതിയുമായിരുന്നു ഷായുടെ പ്രതികരണം.

To advertise here,

പരീക്ഷാക്രമക്കേടിനെതിരായ വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ള ചർച്ചയ്ക്ക് പ്രതിപക്ഷവുമായി കൂടിയാലോചിക്കാൻ അഭ്യർഥിച്ചാണ് ബുധനാഴ്ച രാവിലെ സ്പീക്കർ ഓം ബിർളയ്ക്ക് ആഭ്യന്തരമന്ത്രി കത്തുനൽകിയത്. എല്ലാ ചോദ്യത്തിനും മറുപടിനൽകാൻ താനൊരുക്കമാണെന്നും വ്യക്തമാക്കി.

പ്രതിപക്ഷം സന്നദ്ധമായാൽ ഈ നിമിഷംമുതൽ ചർച്ചയാകാമെന്ന് പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു ലോക്‌സഭയിൽ പറഞ്ഞെങ്കിലും, അമിത്ഷാ എവിടെയെന്ന് ചോദിച്ചും കൂവിവിളിച്ചും പ്രതിപക്ഷം ബഹളം കടുപ്പിച്ചു. പാർലമെന്റ് സമ്മേളനം വ്യാഴാഴ്ച അവസാനിക്കും.

സംഭാഷണവും സംവാദവുമാണ് ജനാധിപത്യത്തിൽ പ്രശ്നപരിഹാരത്തിനുള്ള ഏകമാർഗമെന്നും ജനാധിപത്യത്തിലും ജനാധിപത്യസ്ഥാപനങ്ങളിലും തനിക്ക് പൂർണവിശ്വാസമാണെന്നും കത്തിൽ അമിത്ഷാ പറഞ്ഞു.

രാവിലെ ചോദ്യോത്തരവേളയും പതിവുപോലെ മുടങ്ങി. ഝാർഖണ്ഡിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിനെപ്പറ്റി ചില ഭരണകക്ഷിയംഗങ്ങളും ഇതിനിടയിൽ ചോദ്യമുന്നയിച്ചു. ഉച്ചയ്ക്ക് രണ്ടിന് ചേർന്നപ്പോൾ പ്രതിപക്ഷത്തിന്റെ മുദ്രാവാക്യംവിളി ശക്തമായി. ഇതിനിടയിൽ ഡൽഹി ഹൈക്കോടതി മുൻജഡ്ജി ജസ്റ്റിസ് യശ്വന്ത് ശർമയ്ക്കെതിരായ അന്വേഷണകമ്മിഷൻ റിപ്പോർട്ട് ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പൽകുമാർ സിങ് അവതരിപ്പിച്ചു. വിവാദ എഫ്.സി.ആർ.എ. ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക്(ജെ.പി.സി)വിടുന്ന പ്രമേയം ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായ് അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ എതിർപ്പ് വകവെക്കാതെ ഇത്‌ പാസാക്കിയതിനുപിന്നാലെ മൂന്നുമണിവരെ നിർത്തിെവച്ച സഭ വീണ്ടുംചേർന്ന് ഖനനനിയന്ത്രണ ഭേദഗതി ബില്ലും ചർച്ചകൂടാതെ പാസാക്കി.

ചർച്ചയ്ക്ക് അനുമതിതേടി ലോക്‌സഭാസ്പീക്കർക്ക് കത്തുനൽകാൻ പ്രതിപക്ഷം ഒരുക്കമാണോയെന്ന് അമിത്ഷാ പുറത്ത് മാധ്യമങ്ങളോട് ചോദിച്ചു. ‘‘എല്ലാ ദിവസവും പാർലമെന്റ്മന്ദിരത്തിലെ ചേംബറിൽ ഞാനെത്തുന്നുണ്ട്. എന്നാൽ, സമ്മേളനം തുടരാൻ പ്രതിപക്ഷം അനുവദിക്കാതിരിക്കെ അവിടെ പോകുന്നതെന്തിനാണ്?’’ -അമിത്ഷാ ചോദിച്ചു.

വെടിവെക്കാൻ ഉത്തരവിട്ടോയെന്ന് പറയൂ -രാഹുൽ

പൊട്ടിപ്പോയ ബലൂൺ പ്രതിച്ഛായയിൽ അവസാനനിമിഷം ഗ്യാസ് നിറയ്ക്കാനുള്ള ശ്രമമാണ് അമിത്ഷായുടേതെന്ന് പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി തിരിച്ചടിച്ചു. അമിത് ഷായുടെ പ്രഭാഷണം ആർക്കുംവേണ്ടാ. വിദ്യാർഥികൾക്കുനേരേ വെടിയുതിർക്കാൻ ഷാ ഉത്തരവിട്ടോ എന്നാണറിയേണ്ടത്. ഉത്തരവിടാതെയാണ് വെടിയുതിർത്തതെങ്കിൽ അദ്ദേഹം ആ സ്ഥാനത്തിരിക്കാൻ അയോഗ്യനാണ്. രണ്ടായാലും അദ്ദേഹം രാജിവെക്കണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു.