ന്യൂഡൽഹി: കടുത്ത പ്രതിഷേധങ്ങൾക്കും തർക്കങ്ങൾക്കുമിടയിൽ നാലാഴ്ചകൾ നീണ്ടുനിന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്നത്തോടെ സമാപിച്ചു. കേന്ദ്ര സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം സഭാനടപടികൾ പലപ്പോഴും തടസ്സപ്പെട്ടിരുന്നു. സ്തംഭവാനവസ്ഥയിൽ കടന്നുപോയ ദിവസങ്ങൾ ഏറെ. ചോദ്യോത്തര വേളകൾ തുടർച്ചയായി റദ്ദാക്കപ്പെട്ടത് സഭയുടെ പ്രവർത്തനക്ഷമതയെ സാരമായി ബാധിച്ചു. വിവിധ വിഷയങ്ങളിൽ സർക്കാരിനെ ചോദ്യം ചെയ്യാൻ പ്രതിപക്ഷം ശ്രമിച്ചപ്പോൾ ഫലവത്തായ സംവാദങ്ങൾ ഇല്ലാത്ത ഒരു സമ്മേളനകാലത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പ്രധാനപ്പെട്ട പല ബില്ലുകളും ചർച്ചകൾ കൂടാതെ മിനിറ്റുകൾക്കുള്ളിലാണ് പാസാക്കിയത്. സർക്കാരിന്റേയും പ്രതിപക്ഷത്തിന്റെയും തർക്കവിഷയമായ എഫ്.സി.ആർ.എ ഭേദഗതി ബിൽ സഭാസമതിയുടെ പഠനത്തിന് വിട്ടതും ഇന്നലെ കണ്ടു. സഭയുടെ അവസാന ദിവസമായ ഇന്ന് കേവലം മൂന്ന് മിനിറ്റിലാണ് സഭാനടപടികൾ അവസാനിപ്പിച്ചത്.

To advertise here,

ഇന്ന് സഭയിൽ സംഭവിച്ചത്

11 മണിക്ക് സഭാനടപടികൾ തുടങ്ങി. പിന്നാലെ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിക്കാൻ ആരംഭിച്ചു. ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധങ്ങൾക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരം പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഭരണപക്ഷവും മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിലേക്കെത്തി. വന്ദേമാതരം മുഴങ്ങി. അത് പൂർത്തിയായതിന് പിന്നാലെ സ്പീക്കറിന്റെ അറിയിപ്പ്, 'The House is adjourned sine die.', അതായത് അനിശ്ചിതകാലത്തേക്ക് സഭ പിരിയുന്നു. മൂന്ന് മിനുട്ടും പത്ത് സെക്കന്റും, ഈ സമ്മേളനകാലയളവിൽ ലോക്സഭ കണ്ട ഏറ്റവും ശാന്തമായ ദിവസങ്ങളിലൊന്നായി ഈ വർഷത്തെ വർഷകാലസമ്മേളനം സമാപിച്ചു.

പ്രതിഷേധത്തിനിടെ പാസായത് 11 ബില്ലുകൾ

19 ദിവസത്തെ സിറ്റിങ്ങായിരുന്നു വർഷകാല സമ്മേളനത്തിലുണ്ടായിരുന്നത്. 28 ബില്ലുകളാണ് പെൻഡിങ് ബില്ലുകളായി ലിസ്റ്റ് ചെയ്തിരുന്നത്. ഇതിൽ 11 ബില്ലുകൾ പാസായി. ഇവയിൽ ഭൂരിഭാഗവും വളരെ കുറഞ്ഞ സമയം മാത്രമാണ് ചർച്ച ചെയ്തത്. പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളികൾക്കിടയിൽ ശബ്ദവോട്ടോടെയാണ് ഇവ പാസാക്കിയത്.

MSME വികസന ഭേദഗതി ബിൽ, നികുതി നിയമ ഭേദഗതി ബിൽ എന്നിവ വെറും മൂന്ന് മിനിറ്റിനുള്ളിൽ പാസാക്കി.

ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ, സുപ്രീം കോടതി ഭേദഗതി ബിൽ , കേരളത്തിന്റെ പേര് മാറ്റുന്നതിനുള്ള ബിൽ എന്നിവ നാല് മിനിറ്റ് വീതം മാത്രമാണ് ചർച്ച ചെയ്തത്. ബാങ്കേഴ്‌സ് ബുക്‌സ് എവിഡൻസ് ബിൽ, ഖനികളും ധാതുക്കളും സംബന്ധിച്ച ഭേദഗതി ബിൽ എന്നിവ അഞ്ച് മിനിറ്റിനുള്ളിൽ പാസാക്കി. ട്രൈബ്യൂണൽ പരിഷ്‌കരണ ബിൽ 12 മിനിറ്റും, ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയുന്നതിനുള്ള ഭേദഗതി ബിൽ 14 മിനിറ്റും മാത്രമാണ് സഭയിൽ ചർച്ച ചെയ്തത്. അതേസമയം പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള നിയമം ഏകദേശം 11 മണിക്കൂർ ചർച്ച ചെയ്യപ്പെട്ടു എന്നത് ശ്രദ്ധേയമാണ്.

സഭ സ്തംഭിപ്പിച്ച് ചോദ്യോത്തരവേള

പാർലമെന്റിലെ തുടർച്ചയായ ബഹളങ്ങളും മുദ്രാവാക്യം വിളികളും മൂലം പലദിവസങ്ങളിലും ചോദ്യോത്തരവേള തടസ്സപ്പെട്ടു. പ്രതിപക്ഷം ഉന്നയിച്ച ചില പ്രധാന വിഷയങ്ങളിൽ സർക്കാരിൽ നിന്ന് മറുപടി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങളാണ് സഭയെ സ്തംഭിപ്പിച്ചത്. നീറ്റ് പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള ചർച്ച, അയോധ്യ രാമക്ഷേത്ര ഫണ്ട് വിവാദം, ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെയുണ്ടായ പോലീസ് നടപടി, വിദ്യാർത്ഥികൾക്കെതിരായ നടപടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് ഷായുടെ രാജി തുടങ്ങിയവയാണ് പ്രതിപക്ഷ പ്രതിഷേധങ്ങളിലേക്ക് നയിച്ച വിഷയങ്ങൾ.

വിദ്യാർത്ഥികൾക്കെതിരായ നടപടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് ഷാ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് അറിയിച്ചെങ്കിലും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയായിരുന്നു. സഭാകാലയളവിന്റെ തുടക്കം മുതൽ അവസാനം വരെ ഈ വിഷയത്തിൽ ഫലവത്തായ ചർച്ചകൾ നടന്നില്ല. തുടർച്ചയായ 16 ദിവസമാണ് ചോദ്യോത്തരവേള തടസ്സപ്പെട്ടത്. മന്ത്രിമാരോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനുള്ള ഈ സമയം ബഹളങ്ങളിൽ മുങ്ങിപ്പോകുകയായിരുന്നു.

ജനാധിപത്യപരം എഫ്‌സിആർഎ ബിൽ നടപടി

എഫ്‌സിആർഎ ഭേദഗതി ബിൽ ഈ പാർലമെന്റ് സമ്മേളനത്തിലെ ഒരു പ്രധാന രാഷ്ട്രീയ തർക്കവിഷയമായിരുന്നു. എൻജിഒകളെയും (NGOs) ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിടാനാണ് സർക്കാർ ഈ ബിൽ കൊണ്ടുവന്നതെന്ന് പ്രതിപക്ഷം ആരോപിക്കുകയും നിരന്തരം പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു. അതിനാൽതന്നെ മറ്റ് പല ബില്ലുകളും മിനിറ്റുകൾക്കുള്ളിൽ പാസാക്കിയെടുത്തതിൽ നിന്ന് വ്യത്യസ്തമായി ഈ ബിൽ കൂടുതൽ പരിശോധനയ്ക്കായി ഒരു ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് (JPC) വിടാനാണ് സർക്കാർ തീരുമാനിച്ചത്. പാർലമെന്ററി കമ്മിറ്റി ഈ ബില്ലിലെ വ്യവസ്ഥകൾ വിശദമായി പഠിക്കുകയും ഉയർന്നുവന്ന എതിർപ്പുകൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ മുന്നോട്ടുവെയ്ക്കുകയും ചെയ്യും.