കൊൽക്കത്ത: ഐ-പാക്ക് റെയ്ഡുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അന്വേഷണത്തെ തടസ്സപ്പെടുത്തിയെന്നാരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീംകോടതിയെ സമീപിച്ചു. ന്യായവും സ്വതന്ത്രവുമായ അന്വേഷണം നടത്താനുള്ള തങ്ങളുടെ അവകാശം സംസ്ഥാന സർക്കാർ നിഷേധിച്ചുവെന്ന് ഇഡി കോടതിയെ അറിയിച്ചു. വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നും ഇഡി ആവശ്യപ്പെട്ടു.
രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കുമായി ബന്ധപ്പെട്ട ഇടങ്ങളിൽ നടത്തിയ റെയ്ഡിനിടെയുണ്ടായ സംഭവങ്ങളും ഇഡിയുടെ ഹർജിയിൽ വിശദീകരിക്കുന്നു. മമതയുടെ തൃണമൂൽ കോൺഗ്രസിനായി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപവത്കരിക്കുന്നതിൽ ഈ സ്ഥാപനം ഏർപ്പെട്ടിട്ടുണ്ട്. 2020-ലെ കൽക്കരി കുംഭകോണം അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു ഇഡി റെയ്ഡ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒന്നും പിടിച്ചെടുക്കാൻ ഇഡിക്ക് സാധിച്ചിരുന്നില്ല. സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും ബലമായി എടുത്തുമാറ്റിയതായി ഇഡി ആരോപിച്ചിരുന്നു.
വിഷയം ഇഡിയും തൃണമൂൽ കോൺഗ്രസ് സർക്കാരും തമ്മിലുള്ള നിയമപരവും രാഷ്ട്രീയവുമായ സംഘർഷങ്ങളിലേക്ക് നീങ്ങിയ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി മുൻപാകെയുള്ള ഈ ഹർജി. അതേസമയം ഇഡിയുടെ നീക്കം മുൻകൂട്ടിക്കണ്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഒരു കാവിയറ്റ് ഫയൽ ചെയ്തു. ഒരു വിഷയത്തിൽ ബന്ധപ്പെട്ട കക്ഷിയെ കേൾക്കാതെ ഒരു ഉത്തരവും പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെടുന്ന അഭ്യർഥനയാണ് കാവിയറ്റ്.
ഐ-പാക്കിൽ ഇഡി അന്വേഷണം നടത്തിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ടാണ് പരിശോധന. കുറ്റകൃത്യത്തിൽനിന്നുള്ള ഏതാണ്ട് പത്തുകോടി രൂപയുടെ വരുമാനം ഹവാല വഴി ഐ-പാക്കിലേക്ക് എത്തിയതായും 2022 ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ നൽകിയ സേവനങ്ങൾക്കായി തൃണമൂൽ ഈ സ്ഥാപനത്തിന് പണം നൽകിയതായും ഇ.ഡി. അവകാശപ്പെടുന്നു. റെയ്ഡ് തടഞ്ഞതോടെ ഇഡി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ച് മമതയ്‌ക്കെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടു. മറുപടിയായി തൃണമൂലും ഐ-പാക്കും ഇഡിയുടെ വാദങ്ങളെ എതിർത്ത് എതിർ ഹർജി ഫയൽ ചെയ്തു.
റെയ്ഡുകളിൽ പിടിച്ചെടുത്തത് തിരഞ്ഞെടുപ്പ് ആസൂത്രണത്തിനും പ്രചാരണ തന്ത്രങ്ങൾക്കുമുള്ള രേഖകൾ മാത്രമാണെന്നും അത്തരം വസ്തുക്കൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും പാർട്ടി വാദിച്ചു. അന്വേഷണത്തിന്റെ മറവിൽ പാർട്ടി രഹസ്യങ്ങൾ നിയമവിരുദ്ധമായി കൈക്കലാക്കാൻ ഇഡി ശ്രമിക്കുകയാണെന്നും തൃണമൂൽ ആരോപിച്ചു. ഐ-പാക്ക് മേധാവി പ്രതീക് ജെയിനിന്റെ വസതിയിലും ഓഫീസിലും നടന്ന റെയ്ഡുകളിൽ രേഖകൾ മോഷ്ടിച്ചതായി ആരോപിക്കപ്പെടുന്ന ഇഡി ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം നടത്തുകയാണ് കൊൽക്കത്ത പോലീസ്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പോലീസ്, ആരോപിക്കപ്പെടുന്ന ഇഡി ഉദ്യോഗസ്ഥർ ആരൊക്കെയെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.
Content Highlights: ED Approaches Supreme Court Over Alleged West Bengal Government Obstruction in I-PAC Coal Scam Probe
Published: 10 Jan 2026, 10:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented