കൊച്ചി: അർജൻറീന ഫുട്ബോൾ ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിൽ എത്തിക്കും എന്നുപറഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ എസ്.ഐ.ടി. നടത്തിയത് പെർഫെക്ട് റെയ്ഡ്. എൻ.ഐ.എ., ഇ.ഡി., കസ്റ്റംസ് പോലുള്ള അന്വേഷണ ഏജൻസികൾ നടത്തുന്ന മാതൃകയിലാണ് എസ്.ഐ.ടി.യും റെയ്ഡ് നടത്തിയത്. ഒരുപടി കൂടി കടന്ന് കോടതിയുടെ സെർച്ച് വാറന്റ് വാങ്ങുകയും ചെയ്തു.

To advertise here,

പല സ്ഥലങ്ങളിലെ റെയ്ഡിനായി ഒരേസമയം തിരഞ്ഞെടുക്കുക, അപ്രതീക്ഷിതമായി അതിരാവിലെ റെയ്ഡിന് എത്തുക, ഇതെല്ലാം കേന്ദ്ര അന്വേഷണ ഏജൻസികളുടെ രീതികളാണ്. വനിതാ പോലീസിനെയും ഒപ്പം കൂട്ടിയിരുന്നു.

മെസ്സിയെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ പ്രാഥമിക അന്വേഷണം നടത്തുകയും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താമെന്ന് നിയമപരമായി ഉറപ്പുവരുത്തുകയും ചെയ്തശേഷമാണ് കോടതിയെക്കൂടി അക്കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്. ഇതിനെ തുടർന്നാണ് കോടതി സെർച്ച് വാറന്റ് നൽകിയത്.

മാധ്യമ സ്ഥാപനത്തിലാണ് റെയ്ഡ് എന്നതിനാൽ അതീവ ജാഗ്രതയോടെയായിരുന്നു നീക്കങ്ങൾ. ആരോപണങ്ങൾ ഉയരും എന്നതിനാൽ റെയ്ഡ് നടപടിക്രമങ്ങൾ മുഴുവനും ഒരു വീഡിയോയിൽ പകർത്തി. ഇതിനൊപ്പം റെയ്ഡിന് സ്വതന്ത്രസാക്ഷികളെയും ഒപ്പംകൂട്ടി. ഭാവിയിൽ ഉയരുന്ന ആരോപണങ്ങൾക്ക് റെയ്ഡിന്റെ ദൃശ്യങ്ങളിലൂടെയും സാക്ഷി മൊഴികളിലൂടെയും മറുപടി നൽകാമെന്ന കണക്കുകൂട്ടലിലാണിത്.

ഒന്നിന് പുറകെ ഒന്നായി കേസുകൾ വരും

മെസ്സി കേസിൽ ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കുമെതിരേ ഒന്നിനുപുറകെ ഒന്നായി കേസുകൾ വരും. അർജൻറീന ടീമിനെതിരേ കളിപ്പിക്കാൻ ഓസ്ട്രേലിയൻ ടീമിനെ കൊണ്ടുവരാൻ പദ്ധതിയുണ്ടായിരുന്നു. ഇതിന് ഓസ്ട്രേലിയൻ ഗവൺമെന്റുമായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി കരാർ ഒപ്പിട്ടിരുന്നു. കേരള സംസ്ഥാന സർക്കാരിന് വേണ്ടി എന്നാണ് കരാറിൽ ഉള്ളത്. എന്നാൽ സംസ്ഥാന സർക്കാർ ഇതിനായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ ചുമതലപ്പെടുത്തിയിട്ടില്ല. ഗുരുതരമായ കുറ്റമാണിത്.

കേന്ദ്രസർക്കാർ അറിയാതെ ഒരു വിദേശ രാജ്യവുമായി സംസ്ഥാന സർക്കാരിനുതന്നെ കരാറിൽ ഏർപ്പെടാൻ ആവില്ല. അങ്ങനെയുള്ളപ്പോഴാണ് ഒരു സ്വകാര്യ കമ്പനി ഈ രീതിയിലുള്ള കരാർ സംസ്ഥാനത്തിന് വേണ്ടി ഉണ്ടാക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം ഇത് മറ്റൊരു കേസിലേക്ക് വഴിതെളിക്കും.

ഒരു സംസ്ഥാന സർക്കാരിന് നേരിട്ട് ഒരു വിദേശ രാജ്യവുമായി അന്താരാഷ്ട്ര കരാറുകളിലോ ഉടമ്പടികളിലോ ഏർപ്പെടാൻ നിയമപരമായി അധികാരമില്ല. വിദേശകാര്യങ്ങളും അന്താരാഷ്ട്ര കരാറുകളും പൂർണമായും കേന്ദ്ര സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങളാണ്.

 

ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന് വിദേശ രാജ്യങ്ങളുമായോ അന്താരാഷ്ട്ര സംഘടനകളുമായോ ഔദ്യോഗിക കരാറുകളിൽ ഏർപ്പെടണമെങ്കിൽ കേന്ദ്രാനുമതി വേണം.

 

അർജൻറീന ടീമുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു എന്ന രീതിയിൽ പത്രസമ്മേളനത്തിൽ അടക്കം കാണിച്ച രേഖ വ്യാജമാണെന്ന അനുമാനത്തിലാണ് എസ്.ഐ.ടി. സംസ്ഥാന സർക്കാരിന്റെ യാതൊരു പിന്തുണയും ഈ കരാറിന് അവകാശപ്പെടാനില്ലെന്നാണ് പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. സംസ്ഥാന സർക്കാരിനെയും ജനങ്ങളെയും വഞ്ചിക്കുക എന്ന ലക്ഷ്യത്തോടെ ഗൂഢാലോചന നടത്തി സൃഷ്ടിച്ചെടുത്ത വ്യാജരേഖയായി കണക്കാക്കി അന്വേഷണവുമായി മുന്നോട്ടു പോകാനാണ് എസ്.ഐ.ടി.യുടെ തീരുമാനം.