തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴി പിൻവലിച്ച് സിഎംആർഎൽ ഉദ്യോഗസ്ഥനായ കെ.എസ്. സുരേഷ് കുമാർ. 2024 മേയിൽ നൽകിയ മൊഴി പിൻവലിച്ചുകൊണ്ട് ഇഡിക്ക് സുരേഷ് കുമാർ കത്ത് നൽകുകയായിരുന്നു. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാനും എക്സാലോജിക് കമ്പനിക്ക് സേവനം നൽകാതെ പണം നൽകി എന്ന് പറയാനും ഇഡി ഉദ്യോഗസ്ഥർ തന്നെ നിർബന്ധിച്ചുവെന്നാണ് ഇദ്ദേഹം വാദിക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവായ മൊഴികളിലൊന്നാണ് ഇപ്പോൾ ഉദ്യോഗസ്ഥൻ തന്നെ തള്ളിപ്പറഞ്ഞിരിക്കുന്നത്.

To advertise here,

മൊഴിയെടുക്കാൻ ഉണ്ടായ സാഹചര്യവും പശ്ചാത്തലവും വിശദീകരിക്കുന്ന കുറിപ്പും സത്യവാങ്മൂലവും സഹിതമാണ് ഇഡിക്ക് കത്ത് നൽകിയിരിക്കുന്നത്. പിണറായി വിജയൻ അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് സിഎംആർഎൽ അനധികൃതമായി പണം കൈമാറിയെന്ന് പറയാൻ തന്നെ നിർബന്ധിക്കുകയായിരുന്നുവെന്ന് കത്തിൽ വ്യക്തമാക്കുന്നു. ഇത് തന്റെ സ്വമേധയാ ഉള്ള മൊഴിയല്ലെന്നും ഇതിൽ പറയുന്ന കാര്യങ്ങൾ പച്ചക്കള്ളമാണെന്നും അദ്ദേഹം പറയുന്നു. ഇതിനു മുൻപ് മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തായ വാരിസ് ഹസനും സമാനമായ രീതിയിൽ മൊഴി പിൻവലിച്ച് സത്യവാങ്മൂലം നൽകിയിരുന്നു.

താൻ നേരിട്ട നിരന്തരമായ പീഡനങ്ങളുടെ വിവരങ്ങളാണ് കത്തിൽ സുരേഷ് കുമാർ വിശദീകരിക്കുന്നത്. ചോദ്യം ചെയ്യലിനായി രാവിലെ 11 മണിക്ക് ഇഡി ഓഫീസിൽ എത്തിയെങ്കിലും ഉച്ചവരെ ഉദ്യോഗസ്ഥരാരും കാണാൻ തയ്യാറായില്ല. തുടർന്ന് വൈകുന്നേരത്തോടെ ഒരു പ്രധാന ഉദ്യോഗസ്ഥന്റെ മുറിയിലെത്തിച്ച് ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്. തെറ്റായ മൊഴി നൽകില്ലെന്ന് പറഞ്ഞപ്പോൾ അറസ്റ്റ് ചെയ്യുമെന്നും ജാമ്യം ലഭിക്കാതെ ജയിലിലടയ്ക്കുമെന്നും ഭീഷണിപ്പെടുത്തി നിർബന്ധിക്കുകയായിരുന്നു. ഒടുവിൽ പുലർച്ചെയോടെ തളർന്നുപോയ സാഹചര്യത്തിലാണ് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞതുപോലെ മൊഴി നൽകേണ്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

തളർന്നുപോയ തനിക്ക് മരുന്നുകൾ പോലും നൽകാൻ ഇഡി ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. പിറ്റേന്ന് രാവിലെ ഒൻപതരയ്ക്ക് മൊഴിയിൽ ഒപ്പിടീച്ച ശേഷമാണ് ഭാര്യയെ വിളിച്ച് മരുന്ന് നൽകാൻ അനുവദിച്ചതെന്നും സുരേഷ് കുമാർ പറയുന്നു. ഇതിനുപുറമേ, സിഎംആർഎൽ ഉടമ കർത്തയുടെ വീട്ടിൽ വെച്ച് തന്റെ സാന്നിധ്യത്തിൽ കർത്തയുടെ വിരൽ ബലമായി പിടിച്ച് ഈ മൊഴിയിൽ മഷിയിൽ മുക്കി പതിപ്പിച്ചു എന്ന ഗുരുതരമായ ആരോപണവും അദ്ദേഹം റിട്രാക്ഷൻ സ്റ്റേറ്റ്മെന്റിൽ ഉന്നയിക്കുന്നുണ്ട്.