തിരുവനന്തപുരം: പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ.യിൽനിന്ന് നിർണായക വിവരങ്ങൾ ചോർന്നിട്ടില്ലെന്നും ഡാർക്ക്‌വെബ് വഴി പുറത്തുവന്നത് പ്രധാന്യമില്ലാത്ത പഴയ രേഖകളാണെന്നും പ്രതിരോധമന്ത്രാലയം. ഈ 31 ജി.ബി. ഡേറ്റാ വിവരങ്ങൾ അതിരഹസ്യസ്വഭാവമുള്ളതല്ല. 2020-22 കാലത്തെ പഴയതും പൊതുവായതുമായ രേഖകളിൽ ഹാക്കർമാർ കൃത്രിമംനടത്തി പുതിയതാണെന്നതരത്തിൽ വ്യാജമായി നിർമിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

To advertise here,

ഭീതിപരത്തി പണം തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹാക്കർമാർ വിവരങ്ങൾ പ്രചരിപ്പിച്ചത്. നിർണായക വിവരങ്ങളെന്നതരത്തിൽ 8000 ഡോളർ നിരക്കിനാണ് രേഖകൾ വിൽപ്പനയ്ക്കുവെച്ചത്. ഡി.ആർ.ഡി.ഒ.യുടെ കംപ്യൂട്ടർ ശൃംഖലകളിലോ സെർവറുകളിലോ സൈബർ ആക്രമണങ്ങളോ സുരക്ഷാ ലംഘനങ്ങളോ നടന്നിട്ടില്ല.

ഡാർക്ക് വെബിൽ ലഭ്യമായ മൂന്നുപേജുള്ള പി.ഡി.എഫ്. രേഖകളിൽ രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യവിവരങ്ങളൊന്നുമില്ല. ഇവ ‘അൺക്ലാസിഫൈഡ്’ ഗണത്തിൽപ്പെടുന്ന പഴയ രേഖകളാണ്.

ഡി.ആർ.ഡി.ഒ.യുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്കുവെച്ചതായി തിരുവന്തപുരത്തെ അലിബി ഗ്ലോബൽ ത്രെട്ട് ഇന്റലിജൻസ് ഗ്രൂപ്പ് എന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമാണ് കണ്ടെത്തിയത്. തുടർന്നാണ് രഹസ്യാനേഷണ വിഭാഗവും സൈബർ സുരക്ഷാവിഭാഗവും അന്വേഷണം നടത്തിയത്. വ്യാജരേഖകൾ വിൽപ്പനയ്ക്കുവെച്ചത് ഒന്നിലധികം ഹാക്കർമാരും കമ്യൂണിറ്റികളും ചേർന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.