കോഴിക്കോട്: ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്‌മെന്റ് ഓർഗനൈസേഷനുമായും (ഡി.ആർ.ഡി.ഒ.) പ്രതിരോധ മേഖലയുമായും ബന്ധപ്പെട്ടതെന്ന് കരുതുന്ന ഏകദേശം 31 ജി.ബി. ഡേറ്റ ചോർന്നതായി സംശയം. ഇത് ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നതായാണ് തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന അലിബൈ ഗ്ലോബൽ ത്രെട്ട് ഇന്റലിജൻസ് ഗ്രൂപ്പ് എന്ന സ്ഥാപനം കണ്ടെത്തിയത്. 8000 ഡോളറിന് വിൽപ്പനയ്ക്കുവെച്ച ഡേറ്റയുടെ സാംപിൾ പേജുകളും ഡാർക്ക് വെബിൽ ലഭ്യമാക്കിയിട്ടുണ്ട്.

To advertise here,

ഇതിൽ, നിയന്ത്രിതമായിമാത്രം കൈമാറുന്ന വിവരങ്ങൾ ഉൾപ്പെടുന്നതായാണ് വ്യക്തമാക്കുന്നത്. ഇവയിൽ ചിലതിൽ മുതിർന്ന ശാസ്ത്രജ്ഞരുടെ ഒപ്പുകളും അനുമതികളും അടങ്ങിയിട്ടുണ്ട്. മിസൈൽ വിവരങ്ങൾ ഉൾപ്പെടെയുള്ളവ ഡേറ്റയിലുണ്ടെന്നാണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നവരുടെ അവകാശവാദം.

രണ്ടാഴ്ചയായി ഈ ഡേറ്റ വിൽപ്പനയ്ക്കുണ്ടെന്നാണ് അലിബൈ കണ്ടെത്തിയത്. കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട് രേഖകൾ ചോർന്ന് ഈ മാസം ആദ്യം ഡാർക്ക് വെബിലെത്തിയിരുന്നു. വേൾഡ് ലീക്സ് എന്ന റാൻസംവേർ സംഘമാണ് ഡേറ്റ പുറത്തുവിട്ടത്.

കമ്പനിസ്ഥിരമായി ചെയ്യുന്ന ഡാർക്ക്‌ വെബ് സ്കാനിങ്ങിനിടെയാണ് ­ഡി.ആർ.ഡി.ഒ.യുടെ വിവരങ്ങൾ ലഭിച്ചത്. എൻക്രിപ്റ്റഡ് ഹാൻഡിൽ വഴിയാണ് ഡേറ്റ ഡാർക്ക് വെബിൽ എത്തിയിട്ടുള്ളത്. ഇവ യഥാർഥരേഖ തന്നെയാണോയെന്ന് ഉറപ്പാക്കാനായിട്ടുമില്ല. രേഖകളുടെ വിശദ ഫൊറൻസിക് പരിശോധനകൾ നടത്തിയാലേ രേഖകൾ ചോർത്തിയതാണോ എന്നുള്ളത് ഉൾപ്പെടെ വ്യക്തമാകൂവെന്ന് കമ്പനി അധികൃതർ പറഞ്ഞു.

ബന്ധപ്പെട്ടവരെ അറിയിച്ചു

പ്രതിരോധ വിവരങ്ങൾ വിൽപ്പനയ്ക്ക് വെച്ചെന്ന് കണ്ടെത്തിയപ്പോൾത്തന്നെ അധികൃതരെ അറിയിച്ചിരുന്നു. 31 ജി.ബി.യോളം വരുന്ന വിവരശേഖരത്തിൽ നിന്ന് മൂന്ന് പി.ഡി.എഫ്. പേജുകളാണ് സാംപിളായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയിൽത്തന്നെ രഹസ്യവിവരങ്ങളുണ്ട്. ഇവ എങ്ങനെ ഡാർക്ക് വെബിൽ എത്തിയെന്ന് വ്യക്തമായിട്ടില്ല.

- വി.കെ. ഭദ്രൻ, ഡയറക്ടർ ടെക്‌നിക്കൽ, അലിബൈ ഗ്ലോബൽ