ന്യൂഡൽഹി: തദ്ദേശീയ മിസൈൽ നിർമാണത്തിനായി സ്വകാര്യ കമ്പനികൾക്ക് അവസരമൊരുക്കാൻ കേന്ദ്രസർക്കാർ. ഇതുവരെ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ മാത്രം പങ്കുവഹിച്ചിരുന്ന മേഖലയിലെ വലിയ മാറ്റത്തിനാണ് ഈ തീരുമാനം വഴിതുറക്കുന്നത്. പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ചരിത്രപരമായ തീരുമാനം.

To advertise here,

ഇന്ത്യൻ നിർമിത ‘അസ്ത്ര’ മിസൈൽ വാങ്ങാൻ ഇൻഡൊനീഷ്യ താത്പര്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇന്ത്യയുടെ പ്രതിരോധ ഉത്പന്നങ്ങൾക്ക് ഡിമാൻഡ് കൂടിയ പശ്ചാത്തലത്തിലാണ് കയറ്റുമതി വർധിപ്പിക്കാനുള്ള നീക്കം. ഇന്ത്യ ഇതിനോടകം തന്നെ ചെറുവിമാനങ്ങൾ, ഡ്രോണുകൾ, ആയുധങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിൽ സ്വകാര്യ കമ്പനികളുമായുള്ള സഹകരണം ആരംഭിച്ചിരുന്നു. എന്നാൽ, മിസൈൽ നിർമാണം തന്ത്രപ്രധാനമായ മേഖലയായതിനാൽ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു നിർമാണപങ്കാളിത്തം.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയുടെ അസ്ത്ര മാർക്ക് ടു ബിവിആർ മിസൈലുകൾ നിർമിക്കുന്നതിനായി സ്വകാര്യ കമ്പനികളെ ക്ഷണിച്ചുകൊണ്ടുള്ള പ്രൊപ്പോസൽ (ആർ.എഫ്.പി) പ്രതിരോധ മന്ത്രാലയം ഉടൻ പുറത്തിറക്കും. ഐക്കോം, അദാനി, ഭാരത് ഫോർജ്, ടാറ്റ ഗ്രൂപ്പ്, മഹീന്ദ്ര ഗ്രൂപ്പ് എന്നിവ ടെൻഡർ നേടാനുള്ള മത്സരത്തിൽ പങ്കെടുക്കുമെന്നാണ് സൂചനകൾ.

മധ്യപ്രദേശിലെ ശിവപുരിയിൽ ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ മിസൈൽ നിർമാണ കേന്ദ്രം അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് സ്ഥാപിക്കുന്നതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 2,500 കോടി രൂപ നിക്ഷേപമുള്ള ഈ പദ്ധതിയിലൂടെ മിസൈൽ സംയോജനം, പ്രൊപ്പല്ലൻ്റ് ഉൽപ്പാദനം, സ്ഫോടകവസ്തു നിർമാണം എന്നിവ ഒരേസ്ഥലത്ത് നടത്താനാണ് ലക്ഷ്യമിടുന്നത്. 

നിലവിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് ആണ് ഇന്ത്യയുടെ തദ്ദേശീയ മിസൈൽ പ്രതിരോധ ഉത്പന്നങ്ങൾ ഭൂരിഭാഗവും നിർമിക്കുന്നത്. എന്നാൽ, വിദേശരാജ്യങ്ങളിൽനിന്നുള്ള ഡിമാൻഡ് കൂടിയതോടെ നിർമാണം വർധിപ്പിക്കേണ്ടതുണ്ട്. അതിനായാണ് സ്വകാര്യ കമ്പനികളെ കൂടി പങ്കാളികളാക്കാനുള്ള നീക്കം.

180-200 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ ആണ് ഡിആർഡിഒ വികസിപ്പിച്ച അസ്ത്ര മാർക്ക് 2. കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂറിന് മുന്നോടിയായി ചൈന പാകിസ്താന് കൈമാറിയ PL-15E എയർ-ടു-എയർ മിസൈലിനെ പ്രതിരോധിക്കാനായാണ് ഇത് രൂപകൽപന ചെയ്തത്. തേജസ് മാർക്ക് 1-എ, മിഗ്-29, സു-30 എംകെഐ, റാഫേൽ മറൈൻ ഫൈറ്റർ വിമാനങ്ങൾ എന്നിവയുമായി ഈ മിസൈൽ സംയോജിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അസ്ത്രയ്ക്ക് ശേഷം പ്രളയ് ടാക്റ്റിക്കൽ ബാലിസ്റ്റിക് മിസൈലായിരിക്കും വികസനത്തിനും നിർമാണത്തിനുമായി സ്വകാര്യ മേഖലയ്ക്കായി കൈമാറുക. 500 കിലോമീറ്റർ ദൂരപരിധിയുള്ള പ്രളയ്, ശബ്ദത്തെക്കാൾ ആറ് മടങ്ങ് വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള രണ്ട് ഘട്ടങ്ങളുള്ള മിസൈലാണ്. ഇന്ത്യയുടെ സംയോജിത റോക്കറ്റ് ഫോഴ്‌സിന്റെ ഭാഗമാണിത്.

കൂടാതെ ‘രുദ്രം’ സീരീസ്, നേവൽ ആന്റി-ഷിപ്പ് മിസൈലുകൾ, ലോങ് റേഞ്ച് ഗ്ലൈഡ് ബോംബുകൾ എന്നിവയും സ്വകാര്യ കമ്പനികൾ വഴി നിർമിക്കാൻ ലക്ഷ്യമിടുന്നുണ്ട്. അദാനി ഡിഫൻസിന് പുറമെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് , ഭാരത് ഫോർജ്, മഹീന്ദ്ര ഗ്രൂപ്പ്, എൽ&ടി, ഐക്കോം, സോളാർ ഡിഫൻസ് തുടങ്ങിയ പ്രമുഖ സ്വകാര്യ കമ്പനികളായിരിക്കും മിസൈൽ നിർമാണത്തിലും നവീകരണത്തിലും പങ്കാളികളാവുക.

2047-ഓടെ പ്രതിരോധ ഉൽപ്പാദനം 8.8 ലക്ഷം കോടി രൂപയായും കയറ്റുമതി 2.8 ലക്ഷം കോടി രൂപയായും വർധിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മിസൈൽ നിർമാണ മേഖലയിലെ ഈ മാറ്റങ്ങൾ ഇന്ത്യയെ ലോകത്തെ മുൻനിര പ്രതിരോധ കയറ്റുമതി രാജ്യങ്ങളിലൊന്നായി മാറ്റാൻ സഹായിക്കും.