ന്യൂഡല്‍ഹി: പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാവിഭാഗം നേതാവ് ഡോ. ഷഹീന്‍ സയീദ് അറിയപ്പെട്ടിരുന്നത് 'മാഡം സര്‍ജന്‍' എന്നപേരിലെന്ന് റിപ്പോര്‍ട്ട്. തീവ്രവാദശൃംഖലയിലെ കൂട്ടാളികള്‍ക്കിടയിലാണ് ഡോ. ഷഹീന്‍ 'മാഡം സര്‍ജന്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. ഷഹീനും കൂട്ടാളികളും തമ്മിലുള്ള നിര്‍ണായക ചാറ്റ് വിവരങ്ങളും ചിലരുടെ നമ്പറുകളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്.

To advertise here,

ഷഹീന്റെ ഫോണിലെ വാട്‌സാപ്പ് ചാറ്റുകളില്‍നിന്നാണ് തീവ്രവാദശൃംഖലയിലെ മറ്റുചിലരെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചത്. ഇവരുടെ ആശയവിനിമയങ്ങളും ചാറ്റുകളില്‍നിന്ന് അന്വേഷണസംഘം വീണ്ടെടുത്തു. 'മാഡം X', 'മാഡം Z' എന്നീപേരുകളില്‍ സേവ് ചെയ്ത രണ്ടുനമ്പറുകളിലേക്ക് ഷഹീന്‍ നിരന്തരം സന്ദേശം അയച്ചിരുന്നതായാണ് കണ്ടെത്തല്‍. ഈ നമ്പറുകളില്‍നിന്ന് ഷഹീന് തിരിച്ചും സന്ദേശങ്ങളും ഫോണ്‍കോളുകളും വന്നിരുന്നു. ഈ രണ്ട് കോണ്‍ടാക്ടുകള്‍ക്കും ഷഹീന്റെ ഫോണില്‍ ഡിസ്‌പ്ലേ ചിത്രം ഉണ്ടായിരുന്നില്ല. ഇവരുമായുള്ള ചാറ്റില്‍ സ്‌ഫോടകവസ്തുക്കള്‍ക്ക് 'മരുന്ന്' എന്ന കോഡ് ഭാഷയാണ് ഉപയോഗിച്ചിരുന്നതെന്നും ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളിലുണ്ട്.

മാഡം X, മാഡം Z എന്നിവരുമായുള്ള ചാറ്റുകളില്‍ 'മരുന്ന്' എന്ന വാക്ക് ആവര്‍ത്തിച്ച് ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തല്‍. 'ഓപ്പറേഷന് ഒരിക്കലും മരുന്ന് കുറയരുത്' എന്നാണ് ഒരുസന്ദേശത്തില്‍ മാഡം x പറഞ്ഞിരുന്നത്. ഇതില്‍ 'ഓപ്പറേഷന്‍' എന്ന് സൂചിപ്പിക്കുന്നത് ഭീകരാക്രമണത്തെയാണെന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. ഷഹീന് ലഭിച്ച മറ്റൊരു സന്ദേശത്തില്‍ 'മാഡം സര്‍ജന്‍, ഓപ്പറേഷന്‍ ഹംദാര്‍ദില്‍ കൂടുതല്‍ശ്രദ്ധ കൊടുക്കണം' എന്നാണുണ്ടായിരുന്നത്. മാഡം Z എന്ന പേരില്‍ സേവ്‌ചെയ്ത നമ്പരില്‍നിന്നാണ് ഈ സന്ദേശം വന്നത്. ജെയ്‌ഷെയിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിനെയാണ് 'ഓപ്പറേഷന്‍ ഹംദാര്‍ദ്' എന്ന പേരുകൊണ്ട് ഉദ്ദേശിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ചെങ്കോട്ട ഭീകരാക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഷഹീന്‍ അടക്കമുള്ള ഡോക്ടര്‍മാര്‍ സ്‌ഫോടകവസ്തുക്കളുമായി പിടിയിലായിരുന്നത്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ സ്വദേശിയായ ഷഹീന്‍, പാക് ഭീകരസംഘടനയായ ജെയ്‌ഷെയുടെ വനിതാവിഭാഗത്തിന് ഇന്ത്യയില്‍ നേതൃത്വം നല്‍കിയ ആളാണെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.