ചെന്നൈ: കോൺഗ്രസുമായുള്ള ഭിന്നതയ്ക്കും ഇന്ത്യ സഖ്യവുമായുള്ള അകൽച്ചയ്ക്കും പിന്നാലെ സി.ജെ.പി. പ്രതിഷേധത്തിന് പിന്തുണയുമായി ഡി.എം.കെ. എസ്.ഐ.ആറിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സി.ജെ.പി. പ്രതിഷേധത്തെ പിന്തുണക്കണമെന്നും ചെന്നൈയിൽ ചേർന്ന ഡി.എം.കെ. പാർട്ടി യോഗത്തിൽ നേതാക്കളോട് സ്റ്റാലിൻ നിർദേശിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
അതേസമയം പിന്നിൽ നിന്ന് കുത്തിയവർക്കൊപ്പം പ്രവർത്തിക്കില്ലെന്ന് സ്റ്റാലിൻ യോഗത്തിൽ പറഞ്ഞതായും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. കോൺഗ്രസിനെ ഉദ്ദേശിച്ചായിരുന്നു സ്റ്റാലിന്റെ പരാമർശം. എസ്.ഐ.ആറുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായിരുന്നു യോഗം വിളിച്ചു ചേർത്തത്. എസ്.ഐ.ആർ. നടപടികൾ നിർത്തിവെക്കാനും ബാലറ്റ് പേപ്പറിലേക്ക് മടങ്ങാനും ഡിഎംകെ ആവശ്യപ്പെട്ടു. എസ്ഐആർ വിഷയത്തിൽ കോൺഗ്രസ് ഇരട്ടത്താപ്പ് കാണിക്കുന്നുവെന്നും ഡി.എം.കെ. പറഞ്ഞു.
സി.ജെ.പി. പ്രതിഷേധങ്ങളെ ശക്തമായ രീതിയിൽ തന്നെ ഡി.എം.കെ. പിന്തുണച്ചു. കഴിഞ്ഞ ദിവസം സി.ജെ.പി. സ്ഥാപകൻ അഭിജീത് ദിപ്കെയേയും നേഹാ ബോറയേയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ രൂക്ഷ വിമർശനമാണ് സ്റ്റാലിൻ കേന്ദ്രത്തിനെതിരേ ഉന്നയിച്ചത്. 'ദിപ്കെയും നേഹാ ബോറയും എവിടെയാണ്? എവിടെയാണെന്ന് പോലും വെളിപ്പെടുത്താതെ അവരെ തടങ്കലിൽ വെച്ചിരിക്കുന്നത് നിയമവിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വരഹിതവുമാണ്. ഉടൻ തന്നെ ഇവരെ മോചിപ്പിക്കണം. സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ഓരോ ശ്രമവും പ്രതിഷേധം കൂടുതൽ ശക്തിപ്പെടുത്തുകയേ ഉള്ളൂ'-സ്റ്റാലിൻ എക്സിൽ കുറിച്ചു. ബിജെപി ഭരിക്കുന്ന കേന്ദ്രത്തിന് മറ്റു വഴികളില്ലെന്നും 'ഗ്യാനേഷ് കുമാർ മസ്റ്റ് ഗോ' എന്നും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു സ്റ്റാലിന്റെ എക്സ് പോസ്റ്റ്. സി.ജെ.പിയുടെ പോരാട്ടത്തിന് ഡിഎംകെ നിയമസഹായം നൽകുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
അതേസമയം ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമം ഡി.എം.കെ. ആരംഭിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി സി.ജെ.പിയേയും ചില പ്രാദേശിക നേതാക്കളെയും ഡിഎംകെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
തമിഴ്നാട്ടിൽ കോൺഗ്രസുമായി ഡി.എം.കെ. അകന്നതോടെ ഇന്ത്യ സഖ്യത്തിൽ നിന്നും വിട്ടു നിൽക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചു വരുന്നത്. പുതിയ മുന്നണിക്കാണ് ഡി.എം.കെയുടെ ശ്രമം. വരും ദിവസങ്ങളിൽ സിജെപി സ്ഥാപകൻ ദിപ്കെയുമായി സ്റ്റാലിൻ കൂടിക്കാഴ്ച നടത്തിയേക്കുമെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്. തമിഴ്നാട്ടിൽ വിജയ് ജയിച്ചത് എസ്.ഐ.ആർ. കാരണമെന്നാണ് ഡി.എം.കെ. ആരോപിക്കുന്നത്.
Content Highlights: DMK decides to support CJP protests and demands the release of detained leaders Abhijit Dipke and Neha Bora., Stalin criticizes Congress for double standards, signaling a widening rift within the INDIA bloc., Reports suggest DMK is exploring the formation of a new third front over the SIR controversy.
Published: 17 Oct 2026, 03:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented