ചെന്നൈ: മുൻ മുഖ്യമന്ത്രി കരുണാനിധിക്കെതിരായ വനംവകുപ്പ് മന്ത്രിയുടെ പരാമർശത്തിൽ നിയമസഭയിൽ മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്. എം കരുണാനിധിയെ ബഹുമാനിക്കാതെ സംസാരിച്ചതിലാണ് മാപ്പുപറച്ചിൽ. വനംവകുപ്പ് മന്ത്രി രഞ്ചിത്ത് കുമാർ ആണ് ബഹുമാനമില്ലാതെ സംസാരിച്ചത്. 'എം കരുണാനിധി' എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിസംബോധന.

To advertise here,

എന്നാൽ കരുണാനിധിയെ ആദരവോടെയല്ലാതെ പരാമർശിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തു. തമിഴ്‌നാട്ടിൽ കരുണാനിധിയെ കലൈഞ്ജർ എന്നുകൂട്ടിച്ചേർത്താണ് അഭിസംബോധന ചെയ്യാറുള്ളത്. സഭയിൽ പ്രതിഷേധം മുഴങ്ങിയതോടെ മുഖ്യമന്ത്രി വിജയ് എഴുന്നേറ്റ് ഉടൻ തന്നെ മാപ്പ് പറയുകയായിരുന്നു.

ആരോഗ്യ-റവന്യൂ വകുപ്പുകൾക്കുള്ള ഫണ്ട് വിതരണത്തെക്കുറിച്ചുള്ള ചർച്ചയിൽ മുൻകാലങ്ങളിൽ വോട്ടുകൾക്കായി പണം നൽകുന്ന രീതികളെ രഞ്ജിത്ത് കുമാർ വിമർശിച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. വിവാദമായ 'തിരുമംഗലം ഫോർമുല'യെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. തന്റെ കാഞ്ചീപുരം മണ്ഡലത്തിൽ മുൻ തിരഞ്ഞെടുപ്പുകളിൽ ഒരു വോട്ടിന് 1,500 രൂപ വരെ വിതരണം ചെയ്തിരുന്നത്. എന്നാൽ നിലവിലെ സർക്കാർ വോട്ടുകൾക്കായി പണം വിതരണം ചെയ്യാതെയാണ് ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്നതെന്ന് വനം മന്ത്രി അവകാശപ്പെട്ടു. ഇതിനിടെയാണ് ഡിഎംകെ നേതാവ് എം. കരുണാനിധിയെ 'കലൈഞ്ജർ' അല്ലെങ്കിൽ 'മുൻ മുഖ്യമന്ത്രി' തുടങ്ങിയ പതിവ് ബഹുമാനസൂചകങ്ങളൊന്നും കൂടാതെ 'കരുണാനിധി' എന്ന് നേരിട്ട് അഭിസംബോധന ചെയ്തത്.

ആദരണീയരായ നേതാക്കളെ ഔദ്യോഗിക പദവികളും ബഹുമാനസൂചകമായ വിശേഷണങ്ങളും ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്ന തമിഴ്നാട് നിയമസഭയിലെ കീഴ്‌വഴക്കത്തിന് വിരുദ്ധമായിരുന്നു ഈ പരാമർശം. തുടർന്ന് മുൻ മന്ത്രി കെ.കെ.എസ്.എസ്.ആർ. രാമചന്ദ്രന്റെ നേതൃത്വത്തിൽ ഡിഎംകെ അംഗങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പിന്നാലെയാണ് മുഖ്യമന്ത്രി വിജയ് എഴുന്നേറ്റ് 'അദ്ദേഹത്തിന് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു' എന്നറിയിച്ചത്.