ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ ക്രമസമാധാന നിലയെച്ചൊല്ലി ഭരണപക്ഷമായ ടി.വി.കെയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ കടുത്ത വാഗ്വാദവും നാടകീയ രംഗങ്ങളും. മുൻ ഡി.എം.കെ ഭരണകാലത്തെ മയക്കുമരുന്ന് വ്യാപനത്തെക്കുറിച്ചുള്ള ടി.വി.കെയുടെ നിരന്തരമായ വിമർശനങ്ങളെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ സഭയിൽ ചോദ്യംചെയ്തതാണ് ഏറ്റുമുട്ടലിലേയ്ക്ക് നയിച്ചത്.
മുൻ സർക്കാരിന്റെ ഇത്തരം പ്രവർത്തനങ്ങൾ അപര്യാപ്തമായിരുന്നെങ്കിൽ, അന്നത്തെ ഡി.എം.കെ ഭരണകാലത്ത് ഇതേ വകുപ്പുകൾ കൈകാര്യംചെയ്തിരുന്ന രണ്ട് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നിലവിലെ ടി.വി.കെ സർക്കാർ എന്തുകൊണ്ട് സ്ഥാനക്കയറ്റം നൽകിയെന്ന് അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് പോക്‌സോ കേസുകളും കുറ്റകൃത്യങ്ങളും വർധിച്ചുവരുന്നതായി ഉദയനിധി വിമർശിച്ചു. മുൻപ് തങ്ങളുടെ സർക്കാർ ഇരകൾക്ക് അതിവേഗം നീതി ഉറപ്പാക്കാൻ പ്രത്യേക സമിതികളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജറുകളും രൂപീകരിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മറീന ബീച്ചിൽ നടന്ന നീറ്റ് വിരുദ്ധ സമരങ്ങൾ ഉൾപ്പെടെയുള്ള ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും വിദ്യാർഥി പ്രസ്ഥാനങ്ങളെയും സർക്കാർ അടിച്ചമർത്തുന്നതായും രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്നതായും ഉദയനിധി സ്റ്റാലിൻ ആരോപിച്ചു.
ഈ ആരോപണങ്ങൾ കേട്ടതിന് ശേഷം മുഖ്യമന്ത്രി വിജയ്, പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും വരുന്ന തിങ്കളാഴ്ച വ്യക്തമായ വിശദീകരണം നൽകാമെന്ന് സ്പീക്കറെ അറിയിച്ചു. താൻ സഭയിൽ ഇല്ലാത്ത സമയത്താണെങ്കിൽ പോലും ആരാണ് ചോദ്യങ്ങൾ ചോദിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ തനിക്ക് ലഭിക്കുമെന്നും അതിനെല്ലാം വ്യക്തമായ മറുപടി നൽകുമെന്നും പറഞ്ഞ വിജയ്, പ്രതിപക്ഷ അംഗങ്ങൾ ആരും തന്നെ തിങ്കളാഴ്ച സഭയിൽനിന്ന് എഴുന്നേറ്റ് ഓടിപ്പോകില്ലെന്ന് സ്പീക്കർ ഉറപ്പുവരുത്തണമെന്ന് പരിഹസിച്ചു. എന്നാൽ, തിങ്കളാഴ്ച മറുപടി പറയാമെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിജയ് സഭയിൽനിന്ന് ഇറങ്ങിപ്പോയതിനെ പരിഹസിച്ച ഉദയനിധി സ്റ്റാലിൻ, പ്രതിപക്ഷത്തോട് ഓടിപ്പോകരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെയാണ് സഭയിൽ നിന്ന് ഓടിയൊളിച്ചതെന്ന് തിരിച്ചടിച്ചു.
അതേസമയം, മദ്രാസ് ഹൈക്കോടതിയിലെ പ്രധാന ഭാഷയായി തമിഴിനെ അംഗീകരിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്‌നാട് നിയമസഭ ഐകകണ്ഠ്യേന പാസാക്കി. പ്രമേയം ഏതെങ്കിലും ഭാഷയ്ക്ക് എതിരല്ലെന്നും ഇന്ത്യയുടെ ഫെഡറൽ തത്വങ്ങളും ബഹുഭാഷാ സ്വഭാവവും ഉയർത്തിപ്പിടിക്കുന്ന ഭരണഘടന, സംസ്ഥാനങ്ങൾക്ക് അതത് ഔദ്യോഗിക ഭാഷകൾ ഉപയോഗിക്കാൻ നിയമപരമായ സൗകര്യങ്ങൾ നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മദ്രാസ് ഹൈക്കോടതിയെ തമിഴ്‌നാട് ഹൈക്കോടതി എന്ന് പുനർനാമകരണം ചെയ്യണമെന്ന് സി.വി. ഷൺമുഖം ആവശ്യപ്പെട്ടപ്പോൾ, ഡി.എം.കെയുടെ ഇ.വി. വേലുവും സമാനമായ ആവശ്യം ഉന്നയിച്ചു.
Content Highlights: CM Vijay announced he will reply to all DMK allegations regarding law and order on Monday. The Tamil Nadu Assembly unanimously passed a resolution urging the Centre to make Tamil the principal language of the Madras High Court. Heated exchanges occurred between CM Vijay and Leader of Opposition Udhayanidhi Stalin over crime rates and walkouts.
Published: 03 Sept 2026, 08:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented