ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ല് നാളെ ലോക്‌സഭയിലെത്താനിരിക്കേ അനുനയ നീക്കവുമായി കോൺഗ്രസ്. പ്രതിപക്ഷസഖ്യ നിലപാടിൽനിന്ന് മാറി ബില്ലിന് പിന്തുണ അറിയിച്ച ഡിഎംകെയും എൻസിപി (എസ്പി)യുമായും കോൺഗ്രസ് കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും ഉൾപ്പെടെയുള്ള പ്രതിനിധിസംഘം ഇന്ന് സ്റ്റാലിനുമായും ശരദ് പവാറുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഡൽഹിയിലുള്ള കേരളം മുഖ്യമന്ത്രി വി.ഡി. സതീശനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഇവർക്കൊപ്പം ചെന്നെെയിലേക്ക് പോകും. 

To advertise here,

രാഷ്ട്രീയ പ്രാധാന്യമേറെയുള്ള മണ്ഡല പുനർനിർണയ ബില്ല് പാർലമെന്റിലെത്താൻ മണിക്കൂറുകൾ ശേഷിക്കേ അവസാനവട്ട കരുനീക്കങ്ങൾ നടത്തുകയാണ് കോൺഗ്രസ്. അതിന്റെ ഭാഗമായാണ് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായും എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറുമായുമുള്ള കൂടിക്കാഴ്ച.

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും ഉൾപ്പെടെയുള്ള സംഘം ഇന്നുച്ചയ്ക്ക് ചെന്നൈയിലെത്തി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. രണ്ടുമണിക്കാണ് കൂടിക്കാഴ്ച. ഇതിന് പിന്നാലെ രാത്രി എട്ടുമണിയോടെ ശരദ് പവാറുമായും കൂടിക്കാഴ്ച നടത്തും. എൻസിപി (എസ്പി)യും ഡിഎംകെയും ബില്ലിനെ പിന്തുണച്ചുകൊണ്ടുള്ള നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിലാണിത്.

അതേസമയം, ശിവസേന (യുബിടി) തങ്ങളുടെ എംപിമാർക്ക് വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ലോക്‌സഭയിൽ മൂന്ന് എംപിമാരും രാജ്യസഭയിൽ ഒരാളുമാണ് ഉദ്ധവ് വിഭാഗത്തിന്റെ സമ്പാദ്യം. ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് ഡൽഹിയിലെ പാർലമെന്ററി പാർട്ടി ഓഫീസിൽ എത്താനും ഇവരോട് നിർദേശിച്ചിട്ടുണ്ട്.

ലോക്‌സഭയിലെയും നിയമസഭയിലെയും സീറ്റുകളുടെ എണ്ണം അൻപതുശതമാനം വർധിപ്പിക്കുമെന്ന ഭേദഗതിയോടെയാണ് മണ്ഡല പുനർനിർണയ ബില്ല് തിങ്കളാഴ്ച കേന്ദ്രം സഭയിൽ അവതരിപ്പിക്കുക. വനിതാസംവരണം നടപ്പിലാക്കാൻ ഈ മാറ്റം അനിവാര്യമാണെന്നാണ് സർക്കാർവാദം. ഈ പശ്ചാത്തലത്തിൽ നിർദിഷ്ട സീറ്റ് വർധന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേരളം മുഖ്യമന്ത്രി വി.ഡി. സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവർ കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 

താൻ ഡൽഹിക്ക് പോകുകയാണെന്നും കേരളത്തിന്റെയും തെലങ്കാനയുടേയും മുഖ്യമന്ത്രിമാരുമായി വിഷയം ചർച്ച ചെയ്യുമെന്നും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ശനിയാഴ്ച ബെംഗളൂരുവിൽ മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു. ഞങ്ങളുടെ സംസ്ഥാനങ്ങളോട് കാണിക്കുന്ന അനീതിയും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയും, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ സാഹചര്യവും തങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. 

മണ്ഡല പുനർനിർണയ ബില്ല് സഭയിലെത്തുക ഇങ്ങനെ 

ലോക്‌സഭാസീറ്റുകൾ ഇപ്പോഴത്തെ 543-ൽ നിന്ന് പരമാവധി 850 വരെയാക്കാനാണ് വ്യവസ്ഥ. സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകൾ 50 ശതമാനം കൂട്ടുന്നതിനൊപ്പം ഈ അനുപാതം 1971-ലെ സെൻസസിനെ അടിസ്ഥാനമാക്കി 25 വർഷത്തേക്ക്‌ (2051 വരെ) മരവിപ്പിക്കും.

മണ്ഡലങ്ങൾ മാറ്റിവരയ്ക്കുന്നതിന് 2011-ലെ സെൻസസാകും അടിസ്ഥാനം. സംസ്ഥാന നിയമസഭകളിലെ പരമാവധി സീറ്റുകളുടെ എണ്ണം 500-ൽനിന്ന് 650 ആക്കാനും ബിൽ വ്യവസ്ഥചെയ്യുന്നു. അല്ലാത്തപക്ഷം, നിലവിൽ 403 അംഗങ്ങളുള്ള യു.പി. നിയമസഭയിൽ 50 ശതമാനം സീറ്റ് സാധ്യമാവില്ല. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിയമസഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. 

തിങ്കളാഴ്ച തുടങ്ങുന്ന നാലുദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബില്ലുകൾ പാസാക്കുകയാണ് ലക്ഷ്യം. വനിതാ സംവരണ നിയമത്തെ കൂട്ടുപിടിച്ച് മണ്ഡലപുനർനിർണയത്തിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരാനുള്ള നീക്കം എൻ.ഡി.എ.യ്ക്ക് ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാൽ ഏപ്രിലിൽ പരാജയപ്പെട്ടിരുന്നു. തൃണമൂൽ കോൺഗ്രസിലെ പിളർപ്പിനൊപ്പം പ്രതിപക്ഷകക്ഷികളായ ഡി.എം.കെ., എൻ.സി.പി., എസ്.പി. എന്നിവയുടെ നിലപാടുകളിലാണ് ഇപ്പോഴത്തെ പ്രതീക്ഷ.